Showing posts with label അന്തരംഗം. Show all posts
Showing posts with label അന്തരംഗം. Show all posts

Saturday, April 25, 2009

------- നോ ബാര്‍


പിച്ചതെണ്ടും പട്ടിണിക്കോലങ്ങളും
പണമൊഴുക്കും പ്രമാണിമാരും
തോട്ടിയും തുക്കിടിസായിപ്പും
നിരക്ഷരനും ജ്ഞാനശ്രേഷ്ഠനും
വേശ്യയും സാമൂഹ്യപരിഷ്കര്‍ത്താവും
മതമേതെന്നോര്‍ക്കാതെ
ജാതിയെന്തെന്നറിയാതെ
വൈരുദ്ധ്യങ്ങളെ വലിച്ചെറിഞ്ഞ്
വിശ്വാസങ്ങളെ കാറ്റില്‍ പറത്തി
ഒരു കൂരയ്ക്കടിയില്‍
ഒന്നിച്ചൊന്നായൊത്തുകൂടി
പരസ്പരം "സ്നേഹം" പങ്കുവയ്ക്കും
യഥാര്‍ത്ഥ സോഷ്യലിസത്തിന്‍റെ ഈറ്റില്ലമത്രേ
നിയോണ്‍ വിളക്കിനു മുന്നില്‍ തെളിയുമീ മൂന്നക്ഷരങ്ങള്‍...

Tuesday, January 6, 2009

ഐ പ്രോമിസ് റ്റു ..


വായ് കീറിയ ദൈവങ്ങള്‍ കയ്യൊഴിഞ്ഞ
തന്‍റെ പിഞ്ചോമനയുടെ വയറു നിറയ്ക്കാന്‍
വീണ്ടുമൊരു രാത്രിയുടെ പുതപ്പിനടിയില്‍
അസഹ്യമായ വേദന കടിച്ചമര്‍ത്തി
ഒരു കയ്യാല്‍ കണ്ണീരൊപ്പി
മറുകൈ നീട്ടി അവള്‍ വാങ്ങിയ
കടലാസുകഷണങ്ങളില്‍ തെളിയുന്നു
നിസ്സഹായനായി
നിരാശയോടെ തലകുനിയ്ക്കുന്ന മഹാത്മാവിന്‍റെ മുഖം...

കൊടിയുടെ നിറം
മറ്റൊന്നായതിന്‍റെ പേരിലോ
പൂജാദ്രവ്യങ്ങളുടെ മണം
വേറൊന്നായെന്ന കാരണത്താലോ
ഇന്നോളം കാണാത്ത സഹജീവികളുടെ മാറില്‍
വാള്‍മുനകള്‍ കുത്തിയിറക്കാന്‍
മേലാളന്മാര്‍ കനിഞ്ഞു നല്‍കുന്ന
പണക്കിഴികളില്‍ നിറയുന്നു
അമര്‍ഷമടക്കി
അക്ഷമനായി നില്‍ക്കുന്ന മനുഷ്യസ്നേഹിയുടെ മുഖം...

എരിവെയിലിലും നിലാവിനെ സ്വപ്നം കണ്ട്
ചോരനീരാക്കി കല്ലുടയ്ക്കുന്നവര്‍
അന്തിയുറങ്ങുന്ന കൂരകള്‍ പൊളിച്ചുനീക്കി
പഞ്ചനക്ഷത്ര ഹര്‍മ്മ്യങ്ങള്‍ പണിയാന്‍
ഇണ്ടാസൊപ്പിട്ട പേനയ്ക്കരികില്‍
ഖദര്‍ഷര്‍ട്ടിന്‍റെ കീശയില്‍
പുതുമണം മാറാത്ത
പുത്തന്‍ നോട്ടുകളില്‍ പിടയുന്നു
അസ്വസ്ത്ഥനായി
ആരുമറിയാതെ വിതുമ്പുന്ന രാഷ്ട്രപിതാവിന്‍റെ മുഖം...

Sunday, November 2, 2008

നൈയായികം


വെളിച്ചത്തിനു നിറങ്ങള്‍ പലതുണ്ട്.

ഇക്കരെയുള്ളവന്‍റെ ദാഹം തീര്‍ക്കുവാന്‍
അക്കരെയുള്ളവന്‍റെ നെഞ്ചു കീറി
നീയും ഞാനുമൊഴുക്കുന്ന
ചോരയുടെ ചുവപ്പ്.

വെടിമരുന്നിന്‍റെ ഗന്ധം നിറയുന്ന
മഞ്ഞുരുകിയ താഴ്വാരങ്ങളില്‍
കരിഞ്ഞുതീരാന്‍ വിസമ്മതികുന്ന
പുല്‍ക്കൊടികളുടെ പച്ചപ്പ്.

മേഘപാളികള്‍കിടയില്‍ മറഞ്ഞിരുന്ന്
ഒളിയമ്പെയ്യുന്ന വേടന്മാര്‍
പങ്കിട്ടെടുത്ത് അതിരുകള്‍ തിരിച്ച
ആകാശത്തിന്‍റെ നീലിമ.

ഇരുട്ടിനു നിറമൊന്നേയുള്ളു.
പരിഭവമില്ലാതെ
പക്ഷപാതമില്ലാതെ
എല്ലാം ഉള്‍കൊള്ളുന്ന കറുപ്പിന്‍റെ നിസ്സംഗത.

-------------------------------------------------

ശരികള്‍ ആയിരമുണ്ട്.

കവലകളില്‍‍ യുക്തിയെ നിഷ്പ്രഭമാക്കി
നേര്‍‌വഴി കാട്ടുന്ന
ചൂണ്ടുപലകള്‍.

നിയമത്തിന്‍റെ വര്‍ണ്ണക്കടലാസില്‍ പൊതിഞ്ഞ
സാമൂഹ്യനീതിയുടെ
പൊന്‍‌വിലങ്ങുകള്‍.

കയ്യൂക്കും തിണ്ണമിടുക്കും
ഉല്പത്തിയുടെ മന്ത്രങ്ങളെന്നുദ്ഘോഷിക്കുന്ന
ശാസ്ത്രങ്ങള്‍.

തെറ്റൊന്നേയുള്ളു.
തലയോടിന്നടിയില്‍
എല്ലിന്‍ കഷണങ്ങള്‍ തീര്‍ക്കുന്ന
ഗുണനച്ചിഹ്ന്നത്തിന്‍റെ തീക്ഷ്ണത.

--------------------------------------------------

ആത്മഗതം:
പകല്‍‌വെളിച്ചത്തിലെ ശരികള്‍
ഇരുളിന്‍റെ മറവിലെ തെറ്റുകള്‍‌ക്ക്
വഴിമാറുന്നത് സ്വാഭാവികം!

Saturday, October 11, 2008

തിരികെ



വരികള്‍ക്കിടയിലെ നാനാര്‍ത്ഥങ്ങള്‍ തേടി
മടുത്തുവെങ്കില്‍
താളുകള്‍ക്കിടയിലേക്കിറങ്ങുക...

എന്നോ മറന്നുവച്ചൊരു മയില്‍‌പ്പീലിയുടെ
നിശ്ശബ്ദമാം സംഗീതം കേള്‍‌ക്കുക...

ആരോ സമ്മാനിച്ച മുല്ലമൊട്ടില്‍
ഇന്നുമുറങ്ങുന്ന നറുമണം തിരയുക...

അറിയാതെ കൂമ്പിയ കണ്‍പീലികള്‍
മെല്ലെയൊളിപ്പിച്ച
വര്‍ണ്ണക്കടലാസുകള്‍ തേടുക...

ഒരിക്കല്‍ കുറിച്ചിട്ട വാക്കുകള്‍ക്കുള്ളിലെ
നിഷ്ക്കളങ്കതയെ പുല്‍കുക...

ഒരു മഷിത്തുള്ളിയും
കണ്ണീരിന്‍ നനവും
ചേര്‍‌ന്നെഴുതിയ ചിത്രങ്ങള്‍ കാണുക...

കരിപുരണ്ട വാക്കുകള്‍‌ക്കിടയിലെ
ശൂന്യത ചുരത്തുന്ന
പാല്‍മധുരം നുകരുക..

ഇടയ്ക്കു വച്ചെങ്ങോ
മുടങ്ങിയ യാത്രകള്‍
വീണ്ടുമീ രാവില്‍ തുടങ്ങുക..

ഞാന്‍..


തെല്ലൊന്നുപുല്‍കി പിരിഞ്ഞുപോമോളങ്ങള്‍
തുഴകളില്‍ ആവേശവേഗം നിറക്കവേ..
താളത്തില്‍ മേളത്തിലാടുന്ന തോണിയ്ക്കു
നക്ഷത്രകന്യകള്‍ ഉടയാട ചാര്‍‌ത്തവേ..

രാത്രിയുടെ യവനികയ്ക്കുള്ളില്‍ പ്രകാശിക്കു-
മമ്പിളി നാണിച്ചു നഖചിത്രമെഴുതവേ..
കാറ്റിന്‍ മൃദുലമാം ലാസ്യരസങ്ങള്‍ക്കു
മേഘങ്ങള്‍ നൃത്യത്തിന്‍ ഭാഷ്യം രചിക്കവേ..

നിലാവിന്‍റെ ചുരുളഴിച്ചിരുളിന്‍ മഷിത്തണ്ടെ-
ഴുതുന്ന ശീലുകള്‍ മെല്ലെച്ചിരിക്കവേ..
സുരലോകവാടികയില്‍ നിന്നുതിര്‍ന്നീ ഭൂവില-
ണയുന്ന തുള്ളികള്‍ ചേലില്‍ കിലുങ്ങവേ..

പുകമറയ്ക്കുള്ളില്‍ സ്വയമെരിഞ്ഞെന്നും...
പുഞ്ചിരിതൂകുന്ന റാന്തല്‍‌വിളക്കു ഞാന്‍..

Saturday, July 19, 2008

ആറാമിന്ദ്രിയം


അച്ഛനെ കണ്ട് മടങ്ങി വരുന്ന വഴിക്കാണ്‌ നന്ദിനിക്ക് ആദ്യമായി ആ തോന്നല്‍ ഉണ്ടാകുന്നത്.
ആശുപത്രിക്കിടക്കയില്‍ വേദന കടിച്ചമര്‍‌ത്തി, പുഞ്ചിരി തൂകി തന്‍റെ മുഖത്തേക്ക് ഉറ്റു നോക്കുന്ന അച്ഛന്‍റെ മുഖം കണ്ണുകളില്‍ നിന്നു മാഞ്ഞുപോകാന്‍ വിസമ്മതിക്കുന്നു. അച്ഛന്‍റെ ശോഷിച്ച കൈകള്‍ തന്നെ തലോടിയപ്പോള്‍, ആ കണ്ണുകളിലെ വാത്സല്ല്യവും അതിനു പിന്നില്‍ പുറത്തേക്കൊഴുകാന്‍ മടിച്ചുനില്‍ക്കുന്ന കണ്ണുനീരും കാണാന്‍ കരുത്തില്ലാതെ കണ്ണുകള്‍ ഇറുക്കിയടച്ചാതായിരുന്നു താന്‍.
എങ്കിലും ആ മുഖം താന്‍ വളരെ വ്യക്തമായി കാണുകയായിരുന്നു.
കണ്‍പോളകള്‍ക്ക് എന്നും ചെയ്യാറുള്ളതുപോലെ കൃഷ്ണമണികള്‍‌ക്കു മുന്നില്‍ ആശ്വാസത്തിന്‍റെ മൂടുപടം വിരിക്കാന്‍ കഴിയുന്നില്ലായിരുന്നു.
സ്വാര്‍ത്ഥമായ ഒരു ചോദ്യമെന്നോണം ആണ്‌ താന്‍ കണ്ണടച്ചതെന്ന് അവള്‍‌ക്ക് തോന്നി. അതിനുള്ള മറുപടി ആയിരിക്കും ഒരു പക്ഷേ അടഞ്ഞ മിഴികളിലേക്കും ഇറങ്ങി വന്ന അച്ഛന്‍റെ മുഖം എന്ന്‍ ആശ്വസിക്കുകയായിരുന്നു അവള്‍.
-
പതിവിലും വളരെയധികം ക്ഷീണിതയായിരുന്നു നന്ദിനി.മുറിയിലെ നിലക്കണ്ണാടിയില്‍ പ്രതിഫലിക്കുന്ന രൂപം തന്‍റേതു തന്നെയോ എന്ന് അവള്‍ക്ക് സംശയം തോന്നി.കവിളുകള്‍ ഒട്ടിക്കിടക്കുന്നു.കണ്ണുകളില്‍ ശൂന്യത മാത്രം.തൊട്ടിലില്‍ കിടന്നു കരയുന്ന മകനെ വാരിയെടുത്ത് പുണരാന്‍ പോലും ശേഷിയില്ലാതെ ആയിരിക്കുന്നു തനിക്ക്. സ്വന്തം കുഞ്ഞിന്‍റെ കരച്ചില്‍ പോലും അസഹനീയമായി തോന്നുന്നു. അവനെ ചെന്നെടുത്ത് നെറ്റിയില്‍ ഒരു മുത്തം കൊടുകുന്നതിനു പകരം രണ്ടു കൈകളും കൊണ്ട് കാതുകള്‍ പൊത്തുകയാണ്‌ നന്ദിനി ചെയ്തത്. ഏതോ അദൃശ്യമായ ശക്തിയുടെ പ്രേരണ മൂലമാണ് താനിത് ചെയ്യുന്നത് എന്ന് നന്ദിനി കരുതിയെങ്കിലും, തന്‍റെ മനസ്സില്‍ താന്‍ തന്നെ നെയ്തു കൂട്ടിയ ചിന്തകളുടെ ഒരംശം തന്നെ ആണ്‌ ആ പ്രേരണ എന്നു ഒരു ഭയപ്പാടോടെ അവള്‍ മനസ്സിലാക്കുകയായിരുന്നു.
അത്ഭുതമെന്നോണം അവളുടെ കൈകളുടെ മതില്‍ക്കെട്ടുകള്‍‌ക്കും ആ ശബ്ദത്തെ തടയാന്‍ കഴിഞ്ഞില്ല.
അതേ വ്യക്തതയോടെ നന്ദിനിയുടെ ചെവികളില്‍ വന്ന് അലയ്ക്കുകായിരുന്നു അവളുടെ പൊന്നോമനയുടെ തളര്‍ന്ന സ്വരം.
-
ഇതെല്ലാം ഒരു സ്വപ്നമാണെന്നും ഒരു നനുത്ത തലോടലേറ്റ് ഉറക്കത്തില്‍ നിന്നുണരുമ്പോള്‍ എല്ലാം ശാന്തമാകും എന്ന് വിശ്വസിക്കാന്‍ കിണഞ്ഞ് ശ്രമിക്കുകയായിരുന്നു നന്ദിനി.
ആ തലോടലേല്‍ക്കാന്‍ അവള്‍ കൊതിച്ചു.
ആറു മാസത്തിനു മേല്‍ ആയിരിക്കുന്നു അനന്തുവുമായി അകന്ന് താമസിക്കാന്‍ തുടങ്ങിയിട്ട്. സ്നേഹത്തിന്‍റെ നൂലിഴയില്‍ തന്‍റെ ഇഴപൊട്ടിത്തുടങ്ങിയ ജീവിതത്തെ വീണ്ടും കോര്‍‌ത്തിണക്കും എന്ന് താന്‍ കരുതിയ അനന്തു, സ്നേഹം മറ്റു പല ലഹരികള്‍‌ക്കും വഴിമാറിയപ്പോള്‍ തന്നെ വിട്ടകലുകയായിരുന്നു.
രാത്രിയില്‍ ലക്കുകെട്ട് വരുന്ന അനന്തുവിന്‍റെ അവ്യക്തമായ വാക്കുകളില്‍ തിങ്ങി നിന്ന മദ്യത്തിന്‍റെയും, ശരീരത്തില്‍ പറ്റിപ്പിടിച്ച മറ്റാരുടെയോ വിയര്‍‌‌പ്പിന്‍റെയും മനം മടുപ്പിക്കുന്ന ഗന്ധം നന്ദിനിക്ക് ഒരിക്കല്‍ കൂടി അനുഭവപ്പെടുകയായിരുന്നു. എത്ര ശ്വാസം അടക്കിപ്പിടിച്ചിട്ടും അതില്‍ നിന്നു രക്ഷപ്പെടാന്‍ അവള്‍‌ക്ക് കഴിഞ്ഞില്ല.
അസഹനീയമായ ആ ഗന്ധത്തിന്‍റെ രൂക്ഷതയില്‍ അവള്‍‌ക്ക് ബോധം നഷ്ടപ്പെടുകയായിരുന്നു.
-
രാത്രിയുടെ ഇരുളില്‍ ഞെട്ടിയുണര്‍ന്ന നന്ദിനി മരം കോച്ചുന്ന തണുപ്പിലും വിയര്‍‌ക്കുകയായിരുന്നു.
എന്തെന്നില്ലാത്ത ദാഹം.
മണ്‍‌കൂജയില്‍ നിന്നു ഒരു ഗ്ലാസ്സ് വെള്ളം പകര്‍‌ന്ന് ചുണ്ടോടടുപ്പിച്ച നന്ദിനിയുടെ നാവില്‍ പടര്‍ന്നത് വെള്ളത്തിന്‍റെ നിഷ്ക്രിയത ആയിരുന്നില്ല.മറിച്ച് കുട്ടിക്കാലത്ത് ഏട്ടന്‍റെ കൈവിരലില്‍ തൂങ്ങി സ്കൂളില്‍ നിന്നു തിരികെ വരുമ്പോള്‍, കവലയിലെ കടയില്‍ നിന്ന് ഏട്ടന്‍ വാങ്ങിത്തരുന്ന നാരങ്ങാനീരിന്‍റെ സ്വാദായിരുന്നു.
പുളിപ്പില്‍ ഒളിഞ്ഞിരിക്കുന്ന മധുരം.
ഒരു വര്‍‌ഷകാലരാത്രിയിലെ കുത്തൊഴുക്കില്‍ തന്നെ വിട്ടുപിരിഞ്ഞ ഏട്ടന്‍റെ സ്നേഹത്തിന്‍റെ മധുരം.
ഹൃദയത്തിലെ തടവറയില്‍ ചങ്ങലയിട്ട് വരിഞ്ഞ ഓര്‍മ്മകളില്‍ ഒരു നീറ്റലായി ആ മധുരം വീണ്ടും പടരുന്നത് അവള്‍‌ക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.
-
തന്‍റെ ഇടുങ്ങിയ മുറിയുടെ ചുവരുകള്‍‌ക്കുള്ളില്‍ ശ്വാസം മുട്ടുകയായിരുന്നു നന്ദിനിക്ക്.
തുറസ്സായ ഒരു ഇടം തേടി ആ തണുത്ത രാത്രിയില്‍ എല്ലം മറന്ന് അവള്‍ നടന്നു, ആകാശത്തോട് സല്ലപിക്കുന്ന സ്വപ്നഗിരിയുടെ നിറുകയിലേക്ക്. മലമുകളിലെ തണുത്ത കാറ്റിന്‍റെ സ്പര്‍ശനമേറ്റപ്പോള്‍ അവളുടെ സിരകളിലേക്ക് തീക്ഷ്ണമായ ഒരു ചൂട് ഇരച്ചു കയറി.വര്‍ഷങ്ങള്‍‌ക്ക് മുന്‍പ് താന്‍ ജീവനുതുല്ല്യം സ്നേഹിച്ചിരുന്ന തന്‍റെ കാമുകന്‍.പക്ഷേ അയാള്‍ക്ക് തന്‍റെ ശരീരത്തിനപ്പുറം മറ്റൊന്നും കാണാന്‍ കഴിഞ്ഞിലായിരുന്നു എന്ന് അവള്‍ വേദനയോടെ ഓര്‍ക്കുകയായിരുന്നു.
ആ നിമിഷം അയാളുടെ ആലിംഗനത്തിന്‍റെ തീവ്രത നന്ദിനിയില്‍ കത്തിപ്പടര്‍‌ന്നു.
തന്‍റെ ശരീരത്തിന്‍റെ ഓരോ കണികയിലും തിരമാലകണക്ക് ആഞ്ഞടിക്കുന്ന ഒരായിരം സ്പര്‍ശനങ്ങളും ചുംബനങ്ങളും അവളുടെ മനസ്സിന്‍റെ താളം തെറ്റിച്ചു.
സമചിത്തത വീണ്ടെടുക്കാന്‍ ശ്രമിക്കുന്ന നന്ദിനി നൈമിഷികമായ സുഖത്തിലേക്കും പിന്നെ പേടിപ്പെടുത്തുന്ന ആലസ്യത്തിലേക്കും വഴുതി വീഴുകായിരുന്നു.
-
തന്‍റെ മനസ്സ് തന്നെ പരാജയപ്പെടുത്തുന്നു എന്ന അസ്വസ്ഥമായ തിരിച്ചറിവിനൊടുവില്‍ തനിക്കു വിജയിച്ചേ മതിയാകൂ എന്ന് തീര്‍ച്ചപ്പെടുത്തുകയായിരുന്നു നന്ദിനി.
മലമുകളില്‍ നിന്നും മേഘക്കീറുകളിലൂടെ ഊളിയിട്ട് താഴ്വാരത്തിലെ പുല്‍‌പ്പരപ്പിലേക്ക് ഒരു അപ്പുപ്പന്‍ താടി പോലെ സ്വയമറിഞ്ഞോ അറിയാതെയോ അവള്‍ പറന്നിറങ്ങി.
ഹൃദയത്തിന്‍റെ സ്പന്ദനം ചിറകു വച്ച കുതിരകളുടെ കുളമ്പടിയൊച്ചകള്‍‌ക്ക് വഴിമാറുമ്പോള്‍ തന്നെ വിടാതെ പിന്തുടര്‍‌ന്ന അസ്വസ്ഥത അവള്‍‌ക്ക് സാന്ത്വനമാകുകയായിരുന്നു.

അവളുടെ മേനിയില്‍ പുല്‍നാമ്പുകളുടെ തലോടല്‍ ഇക്കിളിയാക്കി.
അവളുടെ നാവില്‍ മഞ്ഞുതുള്ളികലള്‍ തേന്‍ കിനിച്ചു.
അവളുടെ ശ്വാസത്തില്‍ പൂക്കളുടെ സുഗന്ധം പടര്‍ന്നിറങ്ങി.
അവളുടെ കാതുകളില്‍ കാട്ടരുവിയുടെ സ്വരം നിറഞ്ഞു നിന്നു.
അവളുടെ കണ്ണുകളില്‍ നക്ഷത്രങ്ങളുടെ ദ്യുതി പ്രതിഫലിച്ചു.
---

Wednesday, April 2, 2008

പോസ്റ്റ്-മോര്‍ട്ടം (അഥവാ മരണാനന്തരം )


നിങ്ങളെന്‍റെ ശിരസ്സില്‍
‍പൂക്കള്‍ കൊണ്ട് പൊതിഞ്ഞ
മുള്‍ക്കിരീടം ചാര്‍‌ത്തി

സന്ധ്യകള്‍ ലഹരി നിറച്ച
മധുപാത്രങ്ങള്‍ തേടി
പറന്നുയര്‍ന്ന ചിറകുകളില്‍
‍ഇരുമ്പാണികള്‍ ‍കുത്തിയിറക്കി.

രാവിന്‍റെ കുപ്പായത്തില്‍‍ പറ്റിപ്പിടിച്ചു തിളങ്ങുന്ന
മിന്നാമിന്നികളെ നോക്കി
പുഞ്ചിരിച്ച കണ്ണുകള്‍ക്കു മുന്നില്‍
‍ജനാലകള്‍ കൊട്ടിയടച്ചു.

തളിരിലകളെ ചിലമ്പണിയിച്ച
മഴത്തുള്ളികളുടെ സംഗീതം കേട്ട്
നിര്‍‌വൃതിയടഞ്ഞ കാതുകളെ
പ്രഭാഷണങ്ങള്‍ കൊണ്ട് വീര്‍പ്പ് മുട്ടിച്ചു.

പണിപ്പുരയില്‍ ഞാന്‍ മെനഞ്ഞെടുത്ത
വെളുത്ത ശില്പ്പങ്ങള്‍
‍അറവുശാലയിലെ തുലാസ്സില്‍ തൂക്കി
വെള്ളിക്കാശുകള്‍ വിലയിട്ട്
മനം മടുപ്പിക്കുന്ന ആഡംബരങ്ങള്‍‌ ‍വച്ചുനീട്ടി.

സ്വപ്നങ്ങളിലെ നിറങ്ങള്‍
‍തുടച്ചുമാറ്റി
ചില്ലുകൂട്ടിലെ കൃത്രിമദീപങ്ങളെ
സാക്ഷി നിര്‍ത്തി
ചായക്കൂട്ടുകള്‍ തേച്ചു വികൃതമാക്കി.

ശീതീകരിച്ച കല്ലറയില്‍
‍യന്ത്രങ്ങള്‍ നെയ്ത കച്ച പുതച്ച്
ചേതനയറ്റ്
ചോരവാര്‍ന്ന്
അഴുകിത്തുടങ്ങിയ ഹൃദയത്തെ
കാര്‍ന്നു തിന്നുന്ന ചിതലുകള്‍ക്ക് നന്ദി.
അത്താണികളില്ലാത്ത ഇടവഴികളില്‍
മാറാപ്പിന്‍റെ ഭാരമില്ലാതെ
ഇനിയെനിക്കു യഥേഷ്ടം നടന്നു നീങ്ങാം...

Saturday, March 22, 2008

അവസ്ഥാന്തരം


എന്നില്‍ വീണലിഞ്ഞ
ചാറ്റല്‍മഴയെ ഞാന്‍ സ്നേഹിച്ചിട്ടില്ല,
എനിക്കിഷ്ടം മാമ്പൂവിനോടായിരുന്നു...
കാലവര്‍ഷത്തിലെ കുത്തൊഴുക്കില്‍
‍എന്‍റെ സ്നേഹത്തിന്‍റെ പുഞ്ചിരി
ഒഴുകി മറഞ്ഞെങ്കിലോ എന്നു ഞാന്‍ ഭയപ്പെട്ടു.

എന്നെ കുളിരണിയിച്ച
മഞ്ഞുതുള്ളികളെ ഞാന്‍ സ്നേഹിച്ചിട്ടില്ല,
എനിക്കിഷ്ടം ചിത്രശലഭത്തിനോടായിരുന്നു...
ശൈത്യത്തിന്‍റെ തടവറയില്‍
എന്‍റെ സ്വപ്നങ്ങളുടെ സൗന്ദര്യം
മരവിച്ചു പോയെങ്കിലോ എന്നു ഞാന്‍ ഭയപ്പെട്ടു.

എനിക്കു ചൂടുപകര്‍ന്ന
പോക്കുവെയിലിനെ ഞാന്‍ സ്നേഹിച്ചിട്ടില്ല
എനിക്കിഷ്ടം പുല്‍‌നാമ്പിനോടായിരുന്നു...
എരിവേനലിന്‍റെ തീക്ഷ്ണതയില്‍
‍എന്‍റെ ഹൃദയത്തിലെ നിഷ്കളങ്കത
കരിഞ്ഞു തീര്‍‌ന്നെങ്കിലോ എന്നു ഞാന്‍ ഭയപ്പെട്ടു.

എന്നുള്ളില്‍ ലഹരി നിറച്ച
വാസന്തചന്ദ്രികയെ ഞാന്‍ സ്നേഹിച്ചിട്ടില്ല,
എനിക്കിഷ്ടം മഴവില്ലിനോടായിരുന്നു...
രാത്രിയുടെ കമ്പിളിപ്പുതപ്പിനടിയില്‍
എന്‍റെ ഓര്‍മ്മയിലെ നിറങ്ങള്‍
മങ്ങിപ്പോയെങ്കിലോ
എന്നു ഞാന്‍ ഭയപ്പെട്ടു.

കാലമേറെക്കഴിഞ്ഞില്ല,

മാങ്കനികള്‍
ഇലകള്‍‌ക്കു പിന്നില്‍
സ്വയം കൂടുകള്‍ തീര്‍ത്തു..
ശലഭങ്ങള്‍
പൂന്തേന്‍ നുകരാന്‍
നോക്കെത്താ ദൂരങ്ങള്‍ തേടി...
പുല്‍‌ക്കൊടി
കണ്ണുകള്‍ പൂട്ടി
കാറ്റിന്‍റെ താരാട്ടില്‍ മയങ്ങി...
മഴവില്ല്
പടിഞ്ഞാറേ മാനത്ത്
കടലിന്‍റെ കൈകളെപ്പുല്‍കി...

എങ്കിലും,
എന്നിലെ സ്നേഹം വറ്റിയില്ല
എന്‍റെ സ്വപ്നങ്ങള്‍ പൊലിഞ്ഞില്ല
എന്‍റെ ഹൃദയം തകര്‍ന്നില്ല
എന്‍റെ ഓര്‍മ്മകള്‍ മരിച്ചില്ല...
എന്തെന്നാല്‍,
മഴമേഘങ്ങളും
മഞ്ഞണിഞ്ഞ ശിഖരങ്ങളും
പൊന്‍‌വെയിലുംരാവിന്‍റെ സംഗീതവും
ഇന്നും എന്നോടൊപ്പമുണ്ട്...

Thursday, January 17, 2008

തിരശ്ശീല


ആരവങ്ങള്‍ അടങ്ങി, അരങ്ങൊഴിഞ്ഞു...
സ്നേഹിതര്‍ പിരിഞ്ഞു പോയ്,
ശത്രുക്കള്‍ അകന്നു പോയ്..

ഏകാന്തമീ ഇരുളിന്‍റെ മടിത്തട്ടില്‍,
അസ്പൃശ്യമാം സ്നേഹാതിരേകത്തിന്‍ താരാട്ടില്‍..
എന്നിലെ ജീവകണികതന്‍ അസ്തിത്വം വിസ്മരിച്ചിന്നു ഞാന്‍ മയങ്ങികിടക്കവേ...
സ്വപ്നത്തിന്‍ തന്ത്രികള്‍ പാടും സ്വരഗതികള്‍..
മനസ്സിന്‍ ഭിത്തിയില്‍ തട്ടി ചിതറുമ്പോള്‍..
തേങ്ങും ഹൃദയത്തിന്‍ കണ്ണീരിന്‍ നനവും,
വിങ്ങും നെഞ്ചിന്‍ സാന്ദ്രമാം ലയവും,
എന്‍ യജ്ഞവേദിതന്‍ വാതില്‍ക്കല്‍ മുട്ടവേ..
ചിറകടിയൊച്ചകള്‍ കേള്‍പ്പു ഞാന്‍ ദൂരെയായ്..

സഞ്ചരിച്ച പാതകള്‍, പിന്നിട്ട വഴിത്താരകള്‍..
എല്ലാം മറന്നിന്നീ തീക്കാവടി ആടുമ്പോള്‍,
കനലുകള്‍ കാല്‍കളില്‍ പൊള്ളലേല്‍പ്പിക്കില്ല,
ഒരുമിച്ചു നീങ്ങിയെന്‍ കാല്‍കള്‍ മരവിച്ചു പോയ്...
ഇല്ല, നിങ്ങള്‍ക്കെന്നെ തളച്ചിടാനാവില്ല..
ബാന്ധവപാശങ്ങള്‍ പാടേ മുറിഞ്ഞു പോയ്..
ഓര്‍മകള്‍ ധനമായ് കരുതി ഞാന്‍ എന്നെന്നും,
എന്‍ സഞ്ചയത്തിന്‍റെ ഹുങ്കില്‍ രമിക്കവേ
വിധി തന്‍ വിനോദത്തിന്‍ ക്രൂരമാം വാഴ്ചയില്‍,
ഓര്‍മകള്‍ ഭാരമായ്, അന്യമായ്, അകലെയായ്....