Showing posts with label പാളിച്ചകള്‍. Show all posts
Showing posts with label പാളിച്ചകള്‍. Show all posts

Wednesday, February 27, 2008

ആശാനക്ഷരമൊന്നു പിഴച്ചാല്‍


ഗാന്ധിജിയുടെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ തന്‍റേതായ രീതിയില്‍ അപഗ്രഥിച്ച്, പ്രായോഗിക തലങ്ങളില്‍ അവയെ എത്തിച്ച ജീവിതം ആണ് ഈയുള്ളവന്‍റേത്. ഈ പറഞ്ഞതു കേട്ട് തിരിഞ്ഞും മറിഞ്ഞും മലര്‍‌ന്നും കമിഴ്ന്നും കിടന്നു ചിരിക്കുന്ന സഹ-അലവലാതികളോട് എനിക്ക് അനുകമ്പയുണ്ട്. അല്ലെങ്കിലും മഹാന്‍‌മാരെ തിരിച്ചറിയാന്‍ ലോകം എന്നും വൈമനസ്യം കാണിക്കുന്നതാണല്ലോ പതിവ്... എന്നിലെ പ്രതിഭയെ തരിച്ചറിഞ്ഞു കഴിയുമ്പോള്‍,പ്രതിമകള്‍ സ്ഥാപിച്ച് അവയില്‍ ഹാരങ്ങള്‍ അണിയിക്കരുതേ എന്നു താഴ്മയായി അപേക്ഷിച്ചു കൊള്ളുന്നു, പ്രാവിനും കാക്കയ്ക്കും കംഫര്‍ട് സ്റ്റേഷന്‍ പണിയാന്‍ സര്‍‌ക്കാര്‍ ബഡ്ജറ്റില്‍ തുക നീക്കി വക്കുന്നതു വരെ എങ്കിലും...

മേല്‍‌പ്പറഞ്ഞതിനു തെളിവെന്നോണം ഈ കുറിപ്പ്...


ഇത്തവണ ഈയുള്ളവന്‍റെ കാലചക്രം ഉരുണ്ട് ചെന്നു നില്‍ക്കുന്നത് പ്ലസ് റ്റൂ കാലഘട്ടത്തിലാണ്‌. അത്യാവശ്യം നല്ല ശീലങ്ങള്‍ വാതില്‍‌പ്പടിക്കല്‍ മുട്ടി തുടങ്ങിയ സമയം. ഗാന്ധിജിയുടെ വീക്ഷണത്തില്‍ നിന്ന് ഉരുത്തിരിഞ്ഞ സ്വാശ്രയം, സ്വയം പര്യാപ്തം എന്നീ ആശയങ്ങള്‍ ജീവിത്തത്തില്‍ പകര്‍‌ത്തി തുടങ്ങിയ കാലഘട്ടം. വീട്ടില്‍ നിന്ന് വട്ടചിലവ്, കുരുട്ട് പരിപാടികള്‍ എന്നിവയ്ക്ക് കാശ് മേടിക്കാന്‍ പറ്റില്ല എന്ന അവസ്ഥയില്‍ കണ്ടു പിടിച്ച ഒരു ഉപായമായിരുന്നു പാര്‍ട്ട് ടൈം ജോബ്.


അന്ന് നാട്ടിലെ എന്‍റെ സുഹൃത്തുക്കളില്‍ അഗ്രഗണ്യരായ ചില തലമൂത്തവര്‍ ചേര്‍ന്ന് ഒരു സ്ഥാപനം നടത്തിപ്പോന്നിരുന്നു. സ്ഥാപനം എന്നു പേരിട്ട് വിളിക്കാന്‍ മാത്രമൊന്നും ഇല്ലെങ്കില്‍ സാമാന്യം വരുമാനം കിട്ടുന്ന പരിപാടി ആയിരുന്നു. ഇലക്ക്ട്രിക്കല്‍ വയറിംഗ്, പ്ലമ്പിംഗ്, പെയിന്‍റിംഗ് എന്നിങ്ങനെ പല മേഖലകളില്ആയി ബ്രദേഴ്സ് കണ്‍സള്‍ട്ടന്‍സിയുടെ സേവനം വ്യാപിച്ചു കിടന്നിരുന്നു. ആ സ്ഥാപനത്തില്‍ ആയിരുന്നു തൊഴില്‍ മേഖലയിലേക്കുള്ള ഈയുള്ളവന്‍റെ കന്നി കാല്‍‌വയ്പ്പ്.


തുടക്കത്തില്‍ പെയിന്‍റ് പാട്ട തുറക്കല്‍, ചുമരില്‍ നിന്ന് പായല്‍ ഇളക്കി കളയല്‍, അതെടുത്ത് ഇവിടെ കൊടുക്കല്‍, ഇതു ചുമന്ന് അങ്ങോട്ട് മാറ്റല്‍ തുടങ്ങിയ അപ്രന്‍റീസ് പണികള്‍ ആയിരുന്നു. എങ്കിലും കിട്ടുന്ന കൂലിക്ക് ആത്മാര്‍ഥമായി തന്നെ ഈയുള്ളവന്‍ പണി ചെയ്തു പോന്നു. ഈ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നതു കൊണ്ടുള്ള മറ്റൊരു നേട്ടം, വളഞ്ഞ വഴിക്ക് വന്നു ചേരുന്ന സമ്പാദ്യം വലിപ്പച്ചെറുപ്പ ഭേദമന്യേ, കൃത്യമായി പങ്ക് വചു പോന്നിരുന്നു എന്നതാണ്‌. എസ്റ്റിമേറ്റ് കൂട്ടി എഴുതി കിട്ടുന്നതും, ഡീലറിനോടുള്ള ഡീലിംഗ് വച്ച് ബില്‍ ഡീറ്റെയില്‍ ചെയ്തുണ്ടാക്കുന്ന ഡീലുകളും, രാത്രിബത്തയും എല്ലാം കൂടിയാകുമ്പോള്‍ നാലു പേരുടെ മുന്നില്‍ പറയാന്‍ നാണക്കേട് തോന്നാത്ത ഒരു തുക കൈയില്‍ വന്നു ചേരുമായിരുന്നു.

അങ്ങനെ ഇരിക്കെ ഒരു മെയ്മാസപ്പുലരിയില്‍ ഈയുള്ളവന്‍റെ സ്വപ്നസാക്ഷാത്കാരമെന്നോണം അപ്രന്‍റീസ് പണി അല്ലാത്ത ഒരു ഫുള്‍ ലെംഗ്ത് അസൈന്‍‌മെന്‍റ് കൈയില്‍ വന്നു ചാടി. ബാക്കി ചേട്ടന്മാര്‍ "ഫുള്‍" അടിക്കാന്‍ പോയതുകൊണ്ടും, ഏറ്റവും എളുപ്പം പരിപാടികളില്‍ ഒന്നായ ബാനര്‍ എഴുത്തായതുകൊണ്ടും കൂടി ആവാം, സത്യന്‍ ഭായ് സംഭവം എന്നെ ഏല്‍‌പ്പിച്ചു. പുതുതായി തുടങ്ങുന്ന ഇംഗ്ലീഷ് മീഡിയം സ്കൂളിനു വേണ്ടി ഒരു പത്ത് ബാനര്‍ എഴുതി ഉണ്ടാക്കുക, അത്ര തന്നെ. മാറ്ററും തുണിയും പെയിന്‍റും കൈയില്‍ ഏല്‍‌പ്പിച്ച്, വൈകുന്നേരത്തിനകം സംഭവം റെഡി ആക്കിയാല്‍ "സ്പെഷല്‍ ക്വോട്ട" തരാം എന്ന വാഗ്‌ദാനവും തന്ന് പുള്ളിയും പതുക്കെ സോഡയും അന്വേഷിച്ച് പുറപ്പെട്ടു.


വീണു കിട്ടിയ സുവര്‍‌ണ്ണാവസരം ഒരിക്കലും പാഴാകരുതല്ലോ എന്നു കരുതി, ആത്മാര്‍ത്ഥമായി തന്നെ ഞാന്‍ ബാനര്‍ എഴുത്ത് ആരംഭിച്ചു. വൈകുന്നേരം ആറു മണിയോടെ സംഭവം റെഡി.

റോഡ് സൈഡിലും കവലയിലും ഒക്കെ വലിച്ചു കെട്ടന്‍ ബാനര്‍ കെട്ട് കുമാറ്ജിയുടെ കൈയില്‍ ഏല്‍‌പിച്ച് "സ്പെഷല്‍ ക്വോട്ട" സ്വപ്നം കണ്ട് ഈയുള്ളവന്‍ വീട്ടിലെത്തി അത്താഴം ഒക്കെ കഴിഞ്ഞ് റ്റി.വി. യും കണ്ട് ഇരിക്കുമ്പോളാണ്‌ സത്യന്‍ ഭായിയുടെ വരവ്. ഹര്‍ഭജന്‍ സിംഗിനെ കണ്ട സൈമണ്ട്സിനെപ്പോലെ കോപാക്രാന്തനായി വരുന്ന സത്യന്‍ ഭായിയെ കണ്ടപ്പൊ ഞാന്‍ ഒന്നു ഞെട്ടി. പോരാത്തതിനു ഞാന്‍ എഴുതിയ ബാനറുകളും കൊണ്ടാണൂ പുള്ളിയുടെ വരവ്.

വന്നു കേറിയതും ഒറ്റ ചോദ്യമായിരുന്നു... "ഡാ..... ആരാടാ നിന്നെ എഴുത്തും വായനേം പടിപ്പിച്ചത്?? ഡാ.. എവിടെടാ??? "


കിലുക്കത്തിനെ ഇന്നസെന്‍റിനെപ്പോലെ "ഡാന്നാ...... " എന്നു ചോദിക്കണം എന്നുണ്ടായിരുന്നെങ്കിലും സംഗതിയുടെ കിടപ്പു വശം മനസ്സിലാകാഞ്ഞതു കൊണ്ട് ഞാന്‍ വിനയാന്വിതനായി മാത്രം ചോദിച്ചു.. "എന്ത് എവിടെടാന്ന ഭായ്?? "


ബാനര്‍ നിവര്‍ത്തി കാണിച്ചു കൊണ്ട് കോപം നിയന്ത്രിക്കാന്‍ പാടു പെടുന്ന സത്യന്‍ ഭായ് പറഞ്ഞു "ഡ .. എവിടേന്നു തന്നെ... നീ എന്നെ ജീവിച്ചു പോകാന്‍ സമ്മതിക്കില്ല അല്ലേ... ഇനി ആ സ്കൂള്‍ മാനേജര്‍ എന്നെ വിളിക്കാന്‍ തെറിയൊന്നും ബാക്കി ഇല്ല.."


ബാനറിലെ വാക്കുകള്‍ കണ്ട് ഞാനും ഒന്നു ഞെട്ടി.


"ശ്രീ ശങ്കരാ (ഇംഗ്ലീഷ് മീഡിയം) എയ്ഡ്സ്കൂള്‍

‌അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു...""

എയ്ഡഡ് സ്കൂള്‍" എന്നതിലെ ഒരു "ഡ" കാണാനില്ല തന്നെ...


എയ്ഡ്സിന്‍റെ സ്കൂള്‍ ആണോ നടത്തുന്നത് എന്നറിയാന്‍ ഫോണ്‍ ചെയ്ത ചില വിരുതന്മാരോടുള്ള ദേഷ്യം മാനേജര്‍ സത്യന്‍ ഭായിയോട് തീര്‍ത്തതിനെ ഞാന്‍ ഒരിക്കലും കുറ്റം പറയില്ല.
-----------------------------------------------------------------------------------
വാല്‍‌ക്കഷണം

---------------


വര്‍ഷങ്ങള്‍‌ക്കു ശേഷം കോളെജ് മാഗസിന്‍ എഡിറ്റോറിയല്‍ ബോര്‍ഡ് മെംബര്‍ ആയപ്പോള്‍ പ്രൂഫ് റീഡിംഗിനു ഈയുള്ളവന്‍റെ മുന്നില്‍ വന്ന ഓരോ കൃതികള്‍ വായിക്കുമ്പോഴും മനസ്സില്‍ ഈ സംഭവം തങ്ങി നിന്നിരുന്നു.

ഒരു കലാകാരന്‍റെ ധര്‍മ്മസങ്കടം


വായിനോട്ടം ഒരു കലയാണ്‌.


ആസ്വാദനം ഒരു കലാരൂപമാണെന്ന അടിയുറച്ച വിശ്വാസത്തില്‍ നിന്നാണ് ഈയുള്ളവന്‌ ലോകത്തിന്‍റെ ഗതിയെത്തന്നെ മാറ്റിമറിക്കാന്‍ പോന്ന മേല്‍‌പ്പറഞ്ഞ ആശയം മുന്നോട്ട് വയ്ക്കാന്‍ ധൈര്യം കിട്ടുന്നത്. സൗന്ദര്യാരാധനയുടെ സോഷ്യലിസ്റ്റ് പ്രതിരൂപം എന്ന നിലയ്ക്കു വേണം നാം വായിനോട്ടത്തെ കാണാന്‍. ചിത്രകല, ശില്പകല തുടങ്ങിയ പെറ്റി ബൂര്‍ഷ്വാ സൗന്ദര്യസങ്കല്‍‌പ്പ വിചാരധാരകളില്‍ നിന്ന് വിട്ടുമാറി, ചിന്താക്കുഴപ്പം ഉളവാക്കുന്ന ആശയ-സിദ്ധാന്ത പ്രക്രിയകളെ തട്ടിയകറ്റി സ്വന്തമായി നിലകൊള്ളുന്ന പ്രതിഭാസം. സാധാരണക്കാരില്‍ സാധാരണക്കാരനായ മനുഷ്യന്‍റെ സര്‍‌ഗ്ഗശക്തിയെയും സൗന്ദര്യബോധത്തെയും ഉല്‍‌ബോധിപ്പിക്കുന്ന, അനന്ത സാധ്യതകള്‍ ഉള്‍‌കൊള്ളുന്ന മഹത്തായ ആ കലയില്‍ ഈയുള്ളവന്‍റെ സംഭാവനയെക്കുറിച്ചാകട്ടെ ഇന്നത്തെ കുറിപ്പ്.



കലയുടെ ആലയമാണല്ലോ കലാലയം. ഈയുള്ളവന്‍റെ കലാലയ ജീവിതത്തിലെ കലാപരമായ ലീലാവിലാസങ്ങളുടെ ആഴവും പരപ്പും മുന്‍പ് കുറിച്ചിട്ട വങ്കത്തരങ്ങളിലൂടെ മാന്യ വായനക്കാര്‍ ഒരു പരിധി വരെ എങ്കിലും മനസ്സിലാക്കിയിരിക്കും എന്നു വിശ്വസിക്കട്ടെ. ആ നാലു വര്‍‌ഷങ്ങളില്‍, വായിനോട്ടം എന്ന കലയെ പരിപോഷിപ്പിക്കാന്‍ ഈയുള്ളവനും സഹ-കലാകരന്‍ കാദറുകുട്ടിയും വളരെയധികം പ്രയത്‌നിച്ചിരുന്നു എന്നു എടുത്തു പറയേണ്ട ആവശ്യം ഇല്ലല്ലോ.

ആഗസ്റ്റ് സെപ്റ്റംബര്‍ മാസങ്ങള്‍ അക്ഷരാര്‍‌ത്ഥത്തില്‍ തന്നെ "ചാകര" മാസങ്ങള്‍ ആയിരുന്നു. വിദ്യയോടുള്ള ആര്‍ത്തിയുമായി പുതിയ വിദ്യാര്‍ത്ഥി(നി)കള്‍ കോളേജിലേക്ക് കൂട്ടമായി പറന്നണയുന്ന സുന്ദരങ്ങളായ അറുപത് ദിനങ്ങള്‍... ഇങ്ങനെ വരുന്ന വിദ്യാര്‍ത്ഥിനികള്‍‌ക്ക് അഭയവും താങ്ങും തണലും കിടപ്പാടവും എല്ലാമായി വിളങ്ങിനിന്നിരുന്ന നാടിന്‍റെ ഐശ്വര്യമായ ലേഡീസ് ഹോസ്റ്റല്‍ ഞങ്ങള്‍ താമസിച്ചിരുന്ന വീടിന്‍റെ ഒരു പ്ലോട്ട് അകലെ മാറി ആയിരുന്നു സ്ഥിതി ചെയ്തിരുന്നത്. വൈകിട്ട് ആറ് മണിയോടടുപ്പിച്ച് വീടിന്‍റെ തെക്കു വശത്തുള്ള വരാന്തയില്‍, കൈയില്‍ പുസ്തകവുമേന്തി (ചുമ്മാ ഒരു ജാടക്ക്, വല്ല നാനയോ വെള്ളിനക്ഷത്രമോ ആയാലും മതി) ഇരിപ്പുറപ്പിക്കുന്നത് ഈ സമയത്തെ പതിവ് ദിനചര്യ ആയിരുന്നു. ഹോസ്റ്റലില്‍ നിന്നും അമ്പലത്തിലേക്ക് പ്രവഹിക്കുന്ന സുന്ദരിമാരെ കാണാന്‍ അതിലും മികച്ച ഒരു വാച്ച് പോയിന്‍റ് ഭൂമി മലയാളത്തില്‍ വേറേ ഉണ്ടോ എന്നു സംശയമാണ്‌.


കുളിച്ച് സുന്ദരിക്കുട്ടപ്പികളായി അമ്പലത്തിലേക്ക് തരുണീമണികള്‍ നടന്നു നീങ്ങുമ്പോള്‍ തന്നെ, പുതിയ കുറ്റികളെ (അക്ഷരപ്പിശകല്ല, കുറ്റികള്‍ എന്നു തന്നെ ആണ്‌ ഉദ്ദേശിച്ചിരിക്കുന്നത്. മനസ്സിലാക്കുന്നവര്‍ മനസ്സിലാക്കട്ടെ) ഈയുള്ളവനും കാദറും കൂടെ നോട്ടമിട്ടു വയ്ക്കും. അവര്‍ തിരിച്ചു വരാറായി എന്ന് ഏകദേശം ഉറപ്പാകുന്ന സമയത്ത്, ഹോസ്റ്റലിന്‍റെ ഗേയിറ്റിനു മുന്നില്‍ തന്നെയുള്ള പഞ്ചാരക്കടയിലേക്ക് നീങ്ങും. "ഒരു നോക്കു (നല്ലോണം) കാണാന്‍ , ഒരു വാക്ക് (ചീത്തയായാലും മതി) കേള്‍‌ക്കാന്‍, ഒരുമിച്ചാ ദുഃഖത്തില്‍ പങ്കു ചേരാന്‍ (??? കവികള്‍‌ക്ക് ഭാവന കുറവാണോ?) ...".


പിന്നെ ബാക്കി കലാരചന അവിടെയിരുന്നാണ്. കച്ചേരിക്കു പക്കമേളം പോലെയാണ്‌ , വായിനോട്ടത്തിന്‌ അല്ലറ ചില്ലറ കമന്‍റ് അടി. എങ്കിലും സഭ്യതയുടെ അതിര്‍‌വരമ്പുകള്‍‌ക്ക് ഉള്ളില്‍ നില്‍‌ക്കുന്നതും, മൃദുലവികാരങ്ങളെ യാതൊരു വിധത്തിലും വ്രണപ്പെടുത്താത്ത നിരുപദ്രവകാരികളായ കമന്‍റുംകള്‍ മാത്രമേ ഉപയോഗിച്ചിരുന്നുള്ളൂ എന്നത് ഈയവസരത്തില്‍ എടുത്ത് പറയാന്‍ ആഗ്രഹിക്കുന്നു. ഇത്തരം ചെറിയ പ്രസ്താവനകള്‍ ഞങ്ങളുടെ പ്രിയപ്പെട്ട സഹപാഠിനികള്‍ ഒരളവു വരെ സസന്തോഷം ആസ്വദിച്ചിരുന്നു എന്നതും വാസ്തവമാണ്‌. സഹജീവനത്തിന്‌ മറ്റൊരു മാതൃക. കാക്കയുടെ വിശപ്പാണല്ലോ പശുവിന്‍റെ സ്കിന്‍ ലോഷന്‍...മേല്‍‌പ്പറഞ്ഞ വിഭാഗങ്ങളില്‍ പെടാത്ത കമന്‍റുകള്‍ സ്വകാര്യ സംഭാഷണങ്ങളില്‍ ഒതുങ്ങി നിന്നിരുന്നു. (നെഞ്ചത്തേറ്റ ചവിട്ട് ഭഗവാനു അലങ്കാരമായി കൊണ്ടു നടക്കാം, അതു പോലെ ആവില്ലല്ലോ എന്‍റെ ശ്യാമകപോലങ്ങളില്‍ ഏതെങ്കിലും ദേവിയുടെ പാദുകചിഹ്നം പതിഞ്ഞാല്‍...)


അങ്ങനെയുള്ള ഒരു സായംസന്ധ്യയില്‍ രണ്ട് പുതിയ അവതാരങ്ങള്‍ കണ്ണില്‍ പെട്ടു. ഓളപ്പരപ്പിലൂടെ ഒരു ഓട്ടപ്രദക്ഷിണം നടത്തി, അടിസ്ഥാന‍പരമായ ഒരു അവലോകനത്തിനു ശേഷം, കാദര്‍ ഒരു തീരുമാനത്തിലെത്തി, നീല അവനും മഞ്ഞ എനിക്കും. ആവേശാധിക്യമോ, ആക്രാന്തം കൊണ്ടോ എന്തായാലും ആ പ്രസ്താവന അല്പ്പം ഉറക്കെ ആയിപ്പോയി. 2000 വാട്ട്സിന്‍റെ ഹോട്ട് പ്ലേറ്റ് തോറ്റുപോകുന്ന രീതിയില്‍ ദഹിപ്പിക്കുന്ന ഒരു നോട്ടമായിരുന്നു മറുപടി ആയി വന്നത്. ആ പരിസരത്തുണ്ടായിരുന്ന സകലമാന ചരാചരങ്ങളും അതു ശ്രദ്ധിക്കുകയും ചെയ്തു. പൊട്ടിച്ചിരിയുടെ ട്രെയിലറുകള്‍ അങ്ങിങ്ങായി പ്രദര്‍ശനവും തുടങ്ങി.



പെട്ടെന്നുണ്ടായ തിരിച്ചടിയില്‍ സ്വല്‍‌പ്പം ബാക്ക്ഫുട്ടില്‍ ആയെങ്കിലും, ഞങ്ങള്‍ സമചിത്തത വീണ്ടെടുത്ത് കാര്യങ്ങള്‍ അപഗ്രഥിക്കാന്‍ ആരംഭിച്ചു.


ബി. സി. എ വിദ്യാര്‍ഥിനികള്‍ എത്തിയിട്ടില്ല.ഞങ്ങളുടെ ബി.ടെക് സഹപാഠിനികള്‍ ജൂനിയെഴ്സിനു കൊടുക്കുന്നതിലും വളരെ അധികം ബഹുമാനം ഇവര്‍‌ക്ക് കൊടുക്കുന്നുണ്ട്.എന്നാല്‍, എം. സി. എ ചേച്ചിമാരോട് കാണിക്കുന്നത്ര അടുപ്പം ഇല്ല താനും.


മാനം കപ്പലു കയറിക്കഴിഞ്ഞു, ഇനിയിപ്പൊ നഷ്ടപ്പെടാന്‍ കുഛ് നഹി എന്നു മനസ്സിലാക്കിയ ഞങ്ങള്‍ പഞ്ചാരക്കടയില്‍ ഹാജരുണ്ടായിരുന്ന ശ്രീക്കുട്ടിയോട് കാര്യവിവരം തിരക്കി. (ശ്രീക്കുട്ടി സഹ-അലവലാതി സഖ്യത്തിലെ പോളിറ്റ് ബ്യൂറോ മെമ്പര്‍ സ്ഥാനം അലങ്കരിക്കുന്ന ചുരുക്കം പെണ്‍പുലികളില്‍ ഒരാളായിരുന്നു). ശ്രീക്കുട്ടി പറഞ്ഞ വാക്കുകള്‍ പട്ടച്ചാരായം വെള്ളം ചേര്‍ക്കാതെ അടിക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു പ്രതീതിയാണ്‌ എന്‍റെ ഉള്ളില്‍ ജനിപ്പിച്ചത്..




ആ രണ്ട് സുന്ദരിമാര് കോളേജില്‍ പുതുതായി ജോയിന്‍ ചെയ്ത ഗസ്റ്റ് ലെക്‌ചറര്‍മാരായിരുന്നു.
------------------------------------------------------------------------------------------

വാല്‍‌ക്കഷണം

------------ -----
പിറ്റേ ദിവസം മുഴുവനും തലതാഴ്തിപ്പിടിച്ച് മാത്രം കോളേജില്‍ നടന്ന എന്നോട് "സാരമില്ലടോ.. ഇങ്ങനെ ചില കുസൃതികള്‍ ഇല്ലെങ്കില്‍, കോളേജ് ലൈഫിനു എന്താ ഒരു രസം " എന്നു ചോദിച്ച ആ മിസ്സിനോട് ഈയുള്ളവന്‍റെ ആദരവ്‌ പറഞ്ഞറിയിക്കാന്‍ വയ്യാത്തതാണ്‌. "മിസ്സേ, യൂ ആര്‍ സിമ്പ്ലി ഗ്രേറ്റ്.. :) "


Friday, February 8, 2008

പവര്‍ കട്ട്..


"പാപി ചെല്ലുന്നിടം പാതാളം" എന്നാണല്ലോ പഴമൊഴി. അതു അക്ഷരം പ്രതി സത്യമാണെന്നു ഈയുള്ളവന് ബിരുദ പഠനകാലത്ത് ബോധ്യപ്പെട്ടു എന്നു ഇതിനകം എല്ലാ മാന്യ സുഹൃത്തുക്കള്‍‌ക്കും മനസ്സിലായി കാണുമല്ലോ..

അതിലേക്കായി ഒരു ഉദാഹരണം കൂടി സമര്‍‌പ്പിക്കുന്നു!


പാതാളത്തിന്‍റെ വാതില്‍‌പ്പടിക്കല്‍ നില്‍‌ക്കുന്ന സമയം...

ഒന്നാം വര്‍ഷം...

പഠിച്ചു നന്നാവാം എന്ന അഹങ്കാരം ബാക്കി നില്‍‌ക്കുന്ന കാലഘട്ടം.


ഞാന്‍ വളരെ പ്രതീക്ഷയോടെ ഉറ്റുനോക്കിയിരുന്ന ഒരു സംഭവം ആണ് ഇലക്റ്റ്രിക്കല്‍ ലാബ് സെഷന്‍.. കാരണങ്ങള്‍ പലതാണ്‌.


1) മൂന്നു മണിക്കൂര്‍ ക്ലാസ്സില്‍ ഇരുന്നു ബോര്‍ അടിക്കുന്നതിലും വളരെ ഭേദം.എന്തെങ്കിലും ഒക്കെ കുരുത്തക്കേട് കാണിച്ച് സമയം കളയാം..


2) വെള്ളിയാഴ്ച ഉച്ചക്കു ശേഷമായതു കൊണ്ട്, പെട്ടെന്നു ചെയ്തു തീര്‍ത്ത് നേരത്തെ വീടു പിടിക്കാം..


3) പെണ്‍‌കുട്ടികള്‍ ജീന്‍സും കുട്ടി ഷര്‍ട്ടും ധരിച്ചു വരും.. (കണ്ണിനു ഒരു കുളിര്‍‌മ്മ.. സ്ഥിരം ചുരിദാറില്‍ നിന്നൊരു വ്യത്യാസം.. അത്രയെ ഉള്ളു.. ഉള്ളതു കൊണ്ട് ഓണം പോലെ.. )


4) പിന്നെ പണ്ട് അല്ലറ ചില്ലറ പണികള്‍ ചെയ്തുള്ള പ്രവൃത്തി പരിചയത്തിനെ അഹങ്കാരവും.



പതിവുപോലെ കടം മേടിച്ച ടൂള്‍ കിറ്റും, വല്ലവന്‍റേം റെക്കോഡ് ബുക്കും കൈയിലേന്തി ,ഒന്നാം സ്വാതന്ത്ര്യ സമരകാലത്തു പോളീഷ് ചെയ്ത ഷൂസും ധരിച്ച് ലാബിലേക്കു പ്രവേശിച്ചു. അന്നത്തെ പ്രാക്റ്റികല്‍ സ്റ്റെയര്‍ക്കേസ് വയറിംഗ് ആയിരുന്നു. രണ്ട് സ്വിച്ചും ഒരു ബള്‍ബും.. വെറും ചീള്‌ കേസ്.. ഇതൊക്കെ നമ്മള്‍ എത്ര കണ്ടതാ... സര്‍ക്യൂട്ട് ഡയഗ്രം ഒക്കെ മാറ്റി വച്ച്, ഒരു പക്കാ പ്രൊഫഷണല്‍ രീതിയില്‍ ഞാന്‍ വയറിംഗ് ആരംഭിചു. പത്ത് മിനിറ്റില്‍ സംഭവം റെഡിമണി മുണ്ടക്കയം... മായാവിയെ കുപ്പിയലാക്കിയിട്ടു കുട്ടൂസന്‍ നില്‍കുന്ന പോസില്‍ ആത്മവിശ്വാസത്തോടെ ഞാന്‍ പ്രിയ ടീച്ചറെ വിളിച്ചു. ഒരു ഒപ്പ് കിട്ടയാല്‍ സ്ഥലം വിടാമല്ലോ..



പ്രിയടീച്ചര്‍ വന്നു.. സ്വിച്ച് ഓണ്‍ ചെയ്തു.



ഠോ............. എന്നൊരു ഒച്ച!


ഫിലമെന്‍റ് അടിച്ചു പോയ ബള്‍ബ്ബ്..


പുക ഉയരുന്ന സര്‍ക്യൂട്ട് ബോര്‍ഡ്..


പ്രിയ ടീച്ചര്‍ തലക്കു കൈയും കൊടുത്ത്, ഹൃദയത്തില്‍ തട്ടി ഒരു വിളി ആയിരുന്നു! "അശ്വിനേ...."


(ആ വിളിയില്‍ ഒതുങ്ങിയതു ഭാഗ്യം എന്ന് ഇപ്പോള്‍ തോന്നുന്നു..)

വാല്‍‌ക്കഷണം

-----------------
"ലാബിലെയും കോളേജിലെയും സപ്ലൈ പോയതു സഹിക്കാം.. ആലപ്പുഴ ജില്ലയിലെ മൊത്തം കറന്‍റ് അടിച്ചു കളഞ്ഞില്ലേടാ മഹപാപീ" എന്നു ചോദിക്കുന്ന ചിലരെ കണ്ടില്ലെന്നു നടിച്ച് നടന്നു പോവുകയേ നിവൃത്തിയുള്ളു.

Tuesday, January 29, 2008

ക്ഷമിച്ചു എന്നൊരു വാക്ക്....


കേരം തിങ്ങും കേരള നാട്ടില്‍ ജനിച്ചു വളര്‍ന്നു പടര്‍ന്നു പന്തലിക്കുന്ന സല്‍ഗുണ സമ്പന്നന്മാരായ യുവജനങ്ങള്‍ തെങ്ങിന്‍ കള്ള് കുടിച്ചു പോകുന്നതില്‍ തെറ്റു പറയാന്‍ ആവില്ല. പ്രത്യേകിച്ചും പാവപ്പെട്ടവന്‍റെ കല്പവൃക്ഷമായ തെങ്ങില്‍ നിന്നുല്പാദിപ്പിക്കപ്പെടുന്ന എല്ലാ ഐറ്റംസിനും വിദേശ വിപണിയില്‍ വന്‍ സാധ്യതകാളുണള്ളതെന്നു പഠനങ്ങള്‍ തെളിയിച്ച സാഹചര്യത്തില്‍.ബിരുദ പഠന കാലത്ത് ഈയുള്ളവനും മുന്‍പേ സൂചിപ്പിച്ചിട്ടുള്ള സഹ അലവലാതികളുമായി ഒത്തുചേര്‍ന്ന് മേല്‍‌പ്പറഞ്ഞ ഉല്‍‌‌പ്പന്നത്തിന്‍റെ സാധ്യതകളെ സാമാന്യം മോശമില്ലാതെ ചൂഷണം ചെയ്തിട്ടുണ്ട്. ഒരു സുഹൃത്തിന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ "തറവാട്ടില്‍ പിറന്ന കുടി"...


പരീക്ഷകള്‍ പരീക്ഷണങ്ങള്‍ മാത്രമായി തീര്‍‌ന്ന അവസാന വര്‍‌ഷം, പഠിച്ചെഴുതി പാസാവാം എന്ന മോഹം ഉപേക്ഷിച്ച് ഭാഗ്യദേവതയുടെ തൃപ്പാദങ്ങളില്‍ എല്ലാം അര്‍‌പ്പിച്ചു നടന്ന കാലം.


പരീക്ഷയുടെ തലേ ദിവസങ്ങളില്‍ അത്താഴവും കഴിഞ്ഞ് ഏമ്പക്കവും വിട്ട്, സ്ഥലം റ്റെലെഫോണ്‍ ബൂത്തില്‍ എല്ലാവരും ഹാജര്‍ രേഖപ്പെടുത്തും. " ഞാന്‍ വിട്ടെടേ, അടുത്ത സെമെസ്റ്ററില്‍ എഴുതാം..." എന്ന് ഏതെങ്കിലും ഒരു അലവലാതി പ്രഖ്യാപിച്ചു പോയാല്‍, സംഭവം ക്ലീന്‍... ഒരു ദീര്‍‌ഘനിശ്വാസവും വിട്ട്, എല്ലാവരും എഴുന്നേറ്റ് അടുത്ത താവളത്തിലേക്കു നീങ്ങുകയായി പിന്നെ. താവളം കല്പകോദ്യാനങ്ങള്‍ (പറയേണ്ട ആവശ്യമില്ലെന്നറിയാം, എങ്കിലും കള്ളുഷാപ്പുകള്‍ എന്നു വായിക്കാന്‍ അപേക്ഷ )തന്നെ.


"ഒരു വലുതിനു ഒരു ചെറുത് ഫ്രീ" എന്ന ബോര്‍‌ഡ് തൂങ്ങുന്ന ഏതെങ്കിലും ഒരു ഷെഡ്ഡിനകത്തേക്കു വലതു കാല്‍ വച്ചു, "ഉള്ള കാശിനു മിന്നിച്ചേക്കണേ ഭഗവാനേ" എന്നു പ്രാര്‍ത്ഥിച്ചു കൊണ്ട് പ്രവേശിക്കുന്നു. ശുദ്ധ"മായ" (കുമ്പളങ്ങാക്കലക്കില്‍ കുമ്മായം ചേര്‍ത്തുണ്ടാക്കിയ) കള്ളും, തൊടാന്‍ കപ്പയും പിന്നെ ആമ, തവള, കുളക്കോഴി തുടങ്ങി തിരിച്ചു കടിക്കുന്നതും കടിക്കാത്തതുമായ ജീവജാലങ്ങളുടെ ഭൗതികശരീരവുമൊക്കെയായി മറ്റൊരു രാത്രി സജീവമാകുന്നു. "സ്വാമിനാഥ..."യില്‍ തുടങ്ങി, നാടന്‍ പാട്ടുകളുടെ സങ്കീര്‍‌ണ്ണമായ മേഖലകളിലൂടെ സഞ്ചരിച്ച്, ബാബുരാജിനേയും കിശോര്‍ കുമാറിനെയും വന്ദിച്ച്, ഭരണിപ്പാട്ടുകളില്‍ അവസാനിക്കുന്ന സംഗീതവിരുന്നിനൊടുവില്‍, തകരവാതില്‍ കൊട്ടിയടക്കുന്നതിനു തൊട്ടു മുന്നേ സഭ പിരിച്ചു വിടപ്പെടുന്നു. രാത്രിയുടെ ഭംഗി നുകര്‍‌ന്ന്, ആളൊഴിഞ്ഞ വീഥികളിലൂടെ സ്വച്ഛന്ദം (നാട്ടുകാരുടെ തല്ലു മേടിക്കാതെ) വിഹരിച്ച്, ഏറ്റവും അടുത്തുള്ള ഒരു ഹോസ്റ്റലില്‍ അടിഞ്ഞുകൂടി കിടന്നുറങ്ങുന്നതോടെ പരിപാടിക്കു തിരശ്ശീല വീഴുന്നു.


-----------------------------------------------------------------------------


മേല്‍‌പ്പറഞ്ഞ സഭകളില്‍ ഒരെണ്ണം സ്വല്പം നീണ്ടുപോയി. പിന്നിട്ട വര്‍‌ഷങ്ങളിലെ മധുര-കയ്പ്പന്‍-പുളിപ്പന്‍ സ്മരണകള്‍ അയവിറക്കി സംസാരിച്ചിരുന്ന് നേരം പോയതറിഞ്ഞില്ല. സമയം നോക്കുമ്പോള്‍ അഞ്ചു മണി.. എങ്കില്‍ പിന്നെ സ്വന്തം ഹോസ്റ്റലിലേക്കു തിരിക്കാം എന്ന ചിന്തയുമായി ഈയുള്ളവനും സജിക്കുട്ടനും സ്വന്തം രാജശകടമായ ഹെര്‍ക്കുലീസ് സൈക്കിളില്‍ (പെട്രോള്‍ അടിക്കാനുള്ള കാശിനും കൂടെ കള്ളു കുടിച്ചാല്‍ പിന്നെ സൈക്കിളേ ശരണം) യാത്ര തിരിച്ചു. നേരം വെളുത്തിട്ടില്ല, ചെറിയ മൂടല്‍മഞ്ഞും ഉണ്ട്, പിന്നെ ഉള്ളില്‍ കിടക്കുന്ന മറ്റവന്‍റെ ലീലാവിലാസങ്ങളും. എന്തായാലും തൊട്ടു മുന്നില്‍ വരുന്ന വസ്തുക്കളല്ലാതെ ഒരു സാധനം കാണാന്‍ വയ്യ. സജിയുടെ ദൃഷ്ടിയെയും ദീര്‍ഘവീക്ഷണത്തെയും കണക്കിലെടുത്ത്, അവന്‍ സാരഥി ആകുകയും, ഈയുള്ളവന്‍ ക്യാരിയറില്‍ സ്ഥാനം പിടിക്കുകയും ചെയ്തു.
ഇടവഴിയില്‍ നിന്നു മെയിന്‍‌റോഡിലേക്കു കയറുന്ന തിരിവില്‍, അതു സംഭവിച്ചു. അവിടെ കുനിഞ്ഞു നിന്നു പുല്ലു പറിച്ചുകൊണ്ടു നില്‍ക്കുന്ന ഏതോ പാവം ഹതഭാഗ്യ(യുടെ?? / ന്‍റെ??) പിറകില്‍ ഒറ്റ ഇടി... സംഗതി പിശകാണെന്നു മനസ്സിലാക്കിയ സജി ഒരു വിധം ബാലന്‍സ് വീണ്ടെടുത്ത് പൂര്‍വാധികം ശക്തിയില്‍ ആഞ്ഞു ചവിട്ടി. അല്പദൂരം ചെന്നിട്ടും പിറകില്‍ നിന്നും ഒച്ചയൊന്നും കേള്‍‌ക്കാഞ്ഞപ്പോള്‍ ഞങ്ങള്‍ സ്വല്പം ഒന്നു ഞെട്ടി..

ഇനി മറിഞ്ഞു വീണു മര്‍മ്മത്തെങ്ങാനും തട്ട് കിട്ടി ആളെങ്ങാനും തട്ടിപ്പോയോ..

തിരിച്ചു ചെന്നു നോക്കാമേന്നായി സജി. രണ്ടും കല്പ്പിച്ച് തിരിച്ചു ചെന്നു, തെല്ലകലെ മാറി നിന്നു നോക്കി.. അപ്പോളുണ്ട് കക്ഷി ഒരു വല്ലാത്ത പൊസിഷനില്‍ ആണ്‌. എന്തായലും നില്‍ക്കുകയല്ല, എന്നാല്‍ നിലത്തു വീണിട്ടുമില്ല. കുറ്റബോധം കീഴടക്കിയ മനസ്സുമായി "സോറി ചേട്ടാ, അറിയാതെ പറ്റിയതാ... ചേട്ടനു വല്ലതും...." എന്നു ചോദിച്ചു സജി കക്ഷിയുടെ അടുത്തേക്കു നീങ്ങി. പുറകെ സൈക്കിളും തള്ളി ഞാനും.വളരെ അടുത്തെതിയപ്പോള്‍ മാത്രമാണ് ആ ഭീകര സത്യം ഞങ്ങള്‍ മനസ്സിലാക്കിയത്..



അത്‌ ഒരു ഒന്നാന്തരം സിന്ധി പശുവായിരുന്നു!!!



പൂള്ളിക്കാരി ഇതെന്തു പുകില്‍ എന്നാലോചിച്ച്, ഇവന്മാര്‍ക്കു വട്ടായോ എന്ന രീതിയില്‍ ഒരു നോട്ടവും നോക്കി, വീണ്ടും ബ്രേക്ഫാസ്റ്റില്‍ വ്യാപൃതയായി.
അന്നത്തെ പരീക്ഷ എഴുതുമ്പോള്‍, ഒരു ചോദ്യത്തിനു പോലും നേരെചൊവ്വേ ഉത്തരം അറിയില്ലായിരുന്നെങ്കിലും ചിരിയടക്കാന്‍ ഒരുപാട് കഷ്ടപ്പെട്ടു.



--------------------------------------------------------------------------

വാല്‍ക്കഷണം:

---------------
സജി അതില്‍ പിന്നെ സൈക്കിള്‍ ചവിട്ടിയിട്ടില്ല.

വാ വിട്ട വാക്കും....

കായലും പുഴയും വയലേലകളും ഇടത്തോടുകളും പേരിനൊരല്പ്പം കരയും ആ കരയിലൊരു കലാലയവും...

ആ കലാലയത്തിലാണ്‌ ഈയുള്ളവന്‍ തന്‍റെ സാങ്കേതിക ബിരുദപഠനം പൂര്‍ത്തിയാക്കിയത്... ഒരു പുതിയ കോളേജിനു അഭിമുഖീകരിക്കേണ്ടി വരുന്ന എല്ലാ പ്രശ്നങ്ങളും ഒരു പടി മേലേ അനുഭവിക്കാനുള്ള ഭാഗ്യം സിദ്ധിച്ചവരാണു ഞങ്ങള്‍...

ആ ഭാഗ്യ പുസ്തകത്തിലെ ഒരു താള്‍ മറിയുന്ന ദിവസം, എന്തോ കോണ്‍ട്രാക്റ്റ് തര്‍‌ക്കത്തിനെ തുടര്‍ന്ന് കോളേജ് ക്യാന്‍റീന്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടാന്‍ തീരുമാനിക്കപ്പെടുന്നു. ഫൂഡ് അടിയില്‍ കോമ്പ്രമൈസ് ഇല്ല എന്നു പണ്ടേ തീരുമാനിച്ചുറപ്പിച്ച ഞങ്ങള്‍‌ക്ക് കോളേജ് ഇല്ലെങ്കിലും സാരമില്ല, ക്യാന്‍റീന്‍ മതി എന്നായിരുന്നു..
അതുകൊണ്ട്, ക്യാന്‍റീന്‍ അടച്ചിടാനുള്ള കോളേജ് അധികാരികളുടെ ധിക്കാരാത്മകമായ നടപടിക്കെതിരെ ശക്തമായ പ്രതിഷേഷം പ്രകടിപ്പിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. സ്ഥിരം പ്രകടനങ്ങളും ഘെരാവൊയും മുദ്രാവാക്യം വിളികളും പോര, ഇത്തവണ എന്തെങ്കിലും പുതുമ വേണമെന്ന
അഭിപ്രായം ബലപ്പെടുകയും ചെയ്തു. അവസാനം സുന്ദര കലാശാലാ മന്ദിരപ്രാന്തത്തില്‍ പരസ്യമായി അടുപ്പു കൂട്ടി കഞി വച്ചു കുടിച്ചു
പ്രതിഷേധിക്കന്‍ തന്നെ തീരുമാനം ആയി.

ഉണ്ണിച്ചേട്ടന്‍റെ ചായക്കടയില്‍ നിന്നു ഒരു കലവും, സ്ഥിരം പറ്റ് കടയില്‍ നിന്നു വാങ്ങിയ അഞ്ചു കിലൊ അരിയും, പല പറമ്പുകളില്‍ നിന്നായി പെറുക്കിയ വിറകും യൂണിറ്റ് സെക്രട്ടറിയുടെ ബൈക്കില്‍ ആകെയുണ്ടായിരുന്ന നൂറു മില്ലി പെട്രോളുമായി പ്രതിഷേധ ജാഥ പുറപ്പെട്ടു. ഘോരഘോരം മുദ്രാവാക്യങ്ങള്‍ വിളിച്ചു നീങ്ങുന്ന വിദ്യാര്‍ഥി മഹാസാഗരത്തിന്‍റെ അമരത്തു കാദറുകുട്ടി തന്നെ.
ഈയുള്ളവന്‍ അരിസഞ്ചിയുമായി രണ്‍ടാം നിരയിലും. പിന്നില്‍ അകമ്പടി സേവിച്ചുകൊണ്ട് ഒരു പോലീസ് ജീപ്പും കൂടെ ആയപ്പോള്‍ സംഗതി ഉഷാറ്.. പോലീസ് പുല്ലാണെന്നു ഉറക്കെ ഏറ്റു വിളിക്കുമ്പോഴും കവിത തിയെറ്ററില്‍ നരസിംഹത്തിനു ടിക്കറ്റെടുക്കാന്‍ നിന്നപ്പോള്‍ കിട്ടിയ
ചൂരല്‍സ്പര്‍ശത്തിന്‍റെ നേരിയ നീറ്റല്‍ ഈയുള്ളവന്‍റെ മനസ്സില്‍ നിറഞ്ഞു നിന്നിരുന്നോ എന്നൊരു സംശയം.

പ്രതിഷേധ ജാഥ കോളേജ് മുറ്റത്തെത്തി. ഹെവി മെഷീന്‍സ് ലാബ് കെട്ടിപ്പൊക്കാന്‍ ഇറക്കിയിട്ടിരുന്ന ചെങ്കല്ലുകളില്‍ നിന്നു മൂന്നെണ്ണം
ആവേശഭരിതമായ അന്തരീക്ഷത്തില്‍ ഒത്ത നടുക്ക് സ്ഥാപിച്ചു. അതിന്‍റെ മുകളില്‍ കലവും വച്ചു.. അരി കഴുകിയെടുക്കാന്‍ ഈയുള്ളവന്‍ പൈപ്പിന്‍റെ അടുത്തേക്കു നീങ്ങിയതിനു തൊട്ടു പിന്നാലെ അതു സംഭവിച്ചു. കോളേജ് പ്രിന്‍‍സിപ്പല്‍ സ്വന്തം വണ്ടിയില്‍ സമരമുഖത്തേക്കു പറന്നു വരുന്നു.
സിനിമാ സ്റ്റൈലില്‍ വണ്ടി നിര്‍ത്താനുള്ള അദ്ദേഹത്തിന്‍റെ ശ്രമത്തിനിടെ കല്ലും കലവും എല്ലാം കൂടെ ഇടിച്ചങ്ങു തെറിപ്പിച്ചു. ഒരു നിമിഷ നേരം
എല്ലാവരും ഇതികര്‍ത്തവ്യവിമൂഢരായി മുഖത്തോടു മുഖം നോക്കി നിലകൊണ്ടു. ഇങ്ങനെ ഒരു ട്വിസ്റ്റ് ആരും പ്രതീക്ഷിച്ചിരുന്നില്ലല്ലോ. ആകെ
പൊല്ലാപ്പായല്ലൊ എന്ന മുഖഭാവത്തോടെ പ്രിന്‍സിപ്പലും. "വിളിയെടാ.. പൂട്ടിയിടെടാ.." എന്നൊരു ആഹ്വാനം എവിടെനിന്നോ ഉയര്‍ന്നു വന്നു.
പൂര്‍‌വാധികം ശക്തിയില്‍ മുദ്രാവാക്യം വിളിച്ചുകൊണ്ട് എല്ലാവരും കൂടെ പ്രിന്‍‍സിയെ ചുറ്റും കൂടി.

സമരം കുളമായതിന്‍റെ ചമ്മല്‍ ഒരു വശത്ത്, ചളുങ്ങിയ കലത്തിനു ഉണ്ണിച്ചേട്ടനൊടു എന്തു സമാധാനം പറയുമെന്ന ചിന്ത മറ്റൊരു വശത്ത്.
ഇതായിരുന്നു ഈയുള്ളവന്‍റെ മനസ്ഥിതി.

സംഗതി വഷളാകും എന്നു കണ്ട് വിദ്യാര്‍ത്ഥിസമ്മതനായ മറ്റൊരു അദ്ധ്യാപകന്‍ ഒരു ഉപദേശ ശ്രമം ആരംഭിച്ചു. സ്ഥിരം പല്ലവി
തന്നെ..."മാതാപിതാക്കള്‍, കഷ്ട്പ്പാട്, അധ്യാപകര്‍, വിദ്യാര്‍ഥികള്‍, ബഹുമാനം, മൂല്യച്യുതി..."....

ഇതു കേട്ടു കാദറുകുട്ടിക്കു സഹിച്ചില്ല. മുദ്രാവാക്യം വിളി നിര്‍ത്തീ സാറിനോട് അവന്‍ പറഞ്ഞു : "സാര്‍ അങ്ങനെ പറയരുത്.. സാറിനു എല്ലാ
ബഹുമാനവും ഞങ്ങള്‍ തരുന്നുണ്ട്, എന്‍റെ വാപ്പ സാറാണ് സാര്‍, പിന്നെ ഞാന്‍ എങ്ങനെ സാറിനെ ബഹുമാനിക്കാതെ ഇരിക്കും??? "


ഒരു നിമിഷത്തെ നിശ്ശബ്ദത...


പിന്നെ ചിരിയടക്കാന്‍ പാടുപെടുന്ന സമരസഖാക്കള്‍...


വാ വിട്ട വാക്കു തിരിച്ചെടുക്കാന്‍ പറ്റില്ല എന്ന‌ പഴഞ്ചൊല്ലിന്‍റെ അര്‍‌ഥം അക്ഷരം പ്രതി മനസ്സിലാക്കി അസ്തപ്രജ്ഞ്നായി നില്‍‌ക്കുന്ന കാദര്‍...


ഇതിനു എന്തു മറുപടി പറയണം എന്നറിയാതെ ഞെട്ടിത്തരിച്ചു നില്‍‌ക്കുന്ന ഞങ്ങളുടെ പ്രിയപ്പെട്ട അദ്ധ്യാപകന്‍...


-----
അത്യന്തം പിരിമുറുക്കം നിറഞ്ഞ സമരമുഖം നിമിഷനേരം കൊണ്ട് ചിരിയരങ്ങായി മാറി. താന്‍ പറഞ്ഞതിന്‍റെ നേരായ പൊരുള്‍ അറിയിക്കാന്‍ കാദറുകുട്ടി നടത്തിയ ശ്രമങ്ങള്‍ കൂവലുകളുടെയും അട്ടഹാസങ്ങളുടെയും ഇടയില്‍ മുങ്ങി. തന്‍റെ വാപ്പയും ഒരു അദ്ധ്യാപകനാണ്, അതുകൊണ്ട് ഒരു അദ്ധ്യാപകനു നല്‍കേണ്ടുന്ന എല്ലാ ബഹുമാനവും താന്‍ നല്‍കുന്നുണ്ട് എന്ന്‌ പ്രഖ്യാപിക്കനുള്ള വെമ്പലില്‍ പറ്റിയ ഒരു ചിന്ന അമളി ആയിരുന്നു അത്. എങ്കിലും കാര്യങ്ങള്‍ വഷളാകതെ സമര്‍ം തീര്‍‌ക്കുവാനും, സമാധാനപരമായൊരു ചര്‍ച്ചക്കൊടുവില്‍ ഒരാഴ്ചക്കകം ക്യാന്‍റീന്‍ തുറന്നു
പ്രവര്‍‌ത്തിക്കാനുള്ള തീരുമാനും എടുപ്പിക്കാനും അതിനു കഴിഞ്ഞു.

-------------------------------------------------------------------------------------
വാല്‍‌ക്കഷണം
------------------

"എന്‍റെ ഒരു നമ്പര്‍ അല്ലായിരുന്നോടാ...." എന്നു പറയുമെങ്കിലും, ചെറിയൊരു ചമ്മല് ഈ കാര്യം സൂചിപ്പിക്കുമ്പോള്‍ ഇപ്പോളും കാദറിന്‍റെ മുഖത്തു
കാണാം.

Friday, January 18, 2008

നിര്‍‌വൃതി


ഒരു കഥാപാത്രത്തെ പരിചയപ്പെടാം..

പേരു പറയുന്നതു കോപ്പിറൈറ്റ് ലംഘനം ആകുമോ എന്ന ചെറിയ പേടിയുള്ളതു കൊണ്ട് ടിയാനെ തല്‍കാലത്തേക്ക് കുട്ടപ്പന്‍ എന്ന നാമധേയത്തില്‍ പരിചയപ്പെടുത്തുന്നു..
കുട്ടപ്പന്‍ ഒരു തനി നാട്ടിന്‍പുറത്തുകാരനാണ്‌, പഞ്ചപാവങ്ങളില്‍ രാജസ്ത്ഥാനം അലങ്കരിക്കാന്‍ എന്തുകൊണ്ടും യോഗ്യന്‍. ആകെയുള്ള ഒരു പ്രശ്നം ഇംഗ്ലീഷ് ഭാഷയോടുള്ള അടങ്ങാത്ത ഭ്രമം ആണ്‌. അവസരങ്ങളില്‍ ഉപയോഗിക്കുന്നതിനേക്കാള്‍ അനവസരങ്ങളിലാണ്‌ കുട്ടപ്പന്‍ ചേട്ടന്‍റെ ഇംഗ്ലീഷ് പ്രാവീണ്യം പുറത്തു വരിക. കവലയിലെ ചായക്കടയിലിരുന്ന്‍ "തങ്കപ്പന്‍ ചേട്ടാ, സ്വല്പം റൈസ് വാട്ടറും മാംഗോ പിക്കിളും ഇങ്ങെടുത്തേ...." എന്നു ചോദിച്ചതിന്‌ "എന്‍റെ വായിലിരിക്കുന്നതു കേക്കാതെ കഞ്ഞീം അച്ചാറും വലിച്ചു കേറ്റി എഴുന്നേറ്റു പോടാ.." എന്നു പറയുന്നതു കേള്‍കേണ്ടി വരുന്ന ഒരു പാവം മനുഷ്യന്‍റെ ആത്മവേദന മനസ്സിലാക്കാന്‍ സഹൃദയരായ വായനക്കാര്‍‌ക്ക് അലിവുണ്ടാവണം എന്ന്‍ അഭ്യര്‍ത്ഥിക്കുന്നു. "പെറ്റ തള്ളക്കു സഹിക്കില്ല ചില സമയത്തെ അവന്‍റെ ഇംഗ്ലീഷ്.." എന്നു അസൂയക്കാര്‍ പറയുമെങ്കില്‍ പോലും...

-------------------------------------------------------------------------------

ചിങ്ങമാസത്തിലെ ഒരു പകല്‍, വടക്കേതിലെ സതിച്ചേച്ചിയുടെ കല്ല്യാണം ആണ്‌. തലേ ദിവസത്തെ കലാ(പ)പരിപാടികളുടെ (കറിക്കുവെട്ടല്‍, കലക്കിക്കുടി എന്നീ തനതു കേരള കലാരൂപങ്ങള്‍) ചെറിയ ഒരു ആഫ്റ്റര്‍ ഇഫക്റ്റ് വാക്കിലും പ്രവൃത്തികളിലും ഇപ്പോളും ബാക്കി നില്‍ക്കുന്നുണ്ടെങ്കിലും, സദ്യ തുടങ്ങാറായപ്പോളെക്കും ഞങ്ങള്‍ പിള്ളേര്‍ സെറ്റ് ഓഡിറ്റോറിയത്തിനു മുന്നില്‍ ഹാജര്‍. കുട്ടപ്പന്‍ ചേട്ടനും കുളിച്ചു കുട്ടപ്പനായി, ഇന്‍ ഹരിഹര്‍ നഗറിലെ ജഗദീഷിനെപ്പോലെ സിമ്പിള്‍ ഡ്രെസ്സ് ധരിച്ചു എത്തിയിട്ടുണ്ട്. അദ്ദേഹത്തിന്‍റെ മുഖത്തിനു ചെറിയ ഒരു തിളക്കക്കുറവു കണ്ട് ഞങ്ങള്‍ കാരണം തിരക്കി .." മോര്‍ണിങ്ങില്‍ സ്വല്പം ജാക്ക്ഫ്രൂട്ട് കഴിച്ചു, അപ്പോള്‍ തൊട്ട് സ്റ്റൊമക്കിനൊരു സ്ലൈറ്റ് പെയിന്‍.. ദാറ്റ്സാള്‍‌.."

പക്ഷേ ആ സ്ലൈറ്റ് പെയിനിന്‍റെ ചെറിയ ഒരു ലാന്‍‍ഛന പോലും സദ്യ തുടങ്ങിയപ്പോള്‍ കണ്ടില്ല. "ഇങ്ങനെ തിന്നാല്‍ അണപ്പല്ലു തേഞ്ഞു പോകുമെടാ.." എന്ന മുന്നറിയിപ്പിനെ തൃണവല്‍ഗണിച്ചു കൊണ്ട്, ചെങ്കല്‍ ക്വാറി കണ്ട പൊക്ലൈനറിനെ പോലെ, ഇല വാഴയില്‍ നിന്ന പരുവമാക്കാന്‍ അദ്ദേഹത്തിനു അധികം സമയം ഒന്നും വേണ്ടി വന്നില്ല. നാലാമത്തെ ഗ്ലാസ്സ് പായസവും അകത്താക്കി.. "മോരും രസോം കൂട്ടി ഒരു പിടിയും കൂടെ പിടിച്ചാലോ.." എന്നു സംശയിച്ചു നിന്ന കുട്ടപ്പന്‍ ചേട്ടന്‍ ഒരു വിധം കണ്ട്രോള്‍ ചെയ്തു സദ്യ മതിയാക്കി.

--------------------------------------------------------------------------------

അടുത്ത ഘട്ടം എന്നത്തേയും പോലേ ഞങ്ങളുടെ ആസ്ത്ഥാനമായ മനോജിന്‍റെ വീട്ടിലെ തെക്കേമുറിയില്‍ അടിഞ്ഞു കൂടുക എന്നുള്ളതാണ്. ഓരൊ സിഗരറ്റും പുകച്ചു വിട്ട്, ചീട്ടും കളിച്ച് ഏ. ആര്‍. റഹ്‌മാന്‍റെ പാട്ടും കേട്ട് ആനന്ദസാഗരത്തില്‍ ആറാടി ഇരിക്കുമ്പോഴും കുട്ടപ്പന്‍ ചേട്ടന്‍റെ മുഖത്ത് പ്രകാശമില്ലായിരുന്നു. എന്തെങ്കിലും ചോദിക്കുന്നതിനു മുന്‍പേ, "എടാ, സ്റ്റീരിയോയുടെ വോള്യം വളരെ ലെസ്സ് അല്ലേ?, കുറച്ചു ഇന്‍‌ക്രീസ് ചെയ്യാം.. അല്ലേ?".. എന്നും മൊഴിഞ്ഞ് അല്പാല്പമായി കൂട്ടിക്കൂട്ടി അസഹനീയമായ നിലയില്‍ കൊണ്ടെത്തിച്ചു. ചെവിക്കല്ലിന്‍റെ ബേസ്മെന്‍റ് തകര്‍‌ന്നിരിക്കുന്ന ഞങ്ങളെ നോക്കി കുട്ടപ്പന്‍ ചേട്ടന്‍ പറഞ്ഞു "സോങ്സ് എപ്പോളും ഹൈ സൗണ്ടില്‍ ലിസണ്‍ ചെയ്യണം..."
അദ്ദേഹത്തിനെ മുഖത്താണെങ്കില്‍ 110 വാട്ട് ബള്‍ബിന്‍റെ തെളിച്ചവും...


പെട്ടെന്നാണ് കറന്‍റ് പോയത്..


സ്റ്റീരിയൊയുടെ കര്‍‌ണ്ണകഠോരമായ രോദനം നിലച്ചതും, ആര്‍‌പ്പുവിളികളുടെ (ആആആര്‍പ്പോഓഓഓഓഓ... ഇറോ...ഇറോ ഇറോ....) അകമ്പടിയോടെ വായുഭഗവാന്‍ കുട്ടപ്പന്‍ ചേട്ടന്‍റെ പടിഞ്ഞാറേ നടക്കലൂടെ കീഴ്പ്പോട്ടെഴുന്നള്ളിയതും മില്ലി സെക്കന്‍റുകളുടെ വ്യത്യാസത്തില്‍ ആയിരുന്നു.ഞൊടിയിടയില്‍ മുറി കാലി. "ഇതിനായിരുന്നെങ്കില്‍ വല്ല തൊഴുത്തിലു പോയി ഇരിന്നൂടേടാ മഹാപാപീ എന്ന സത്യന്‍ ചേട്ടന്‍റെ ചോദ്യം മാത്രമേ ഈയുള്ളവനു ഓര്‍ത്തെടുക്കാന്‍ ഇപ്പോള്‍ കഴിയുന്നുള്ളൂ...

--------------------------------------------------------------------------------

വാല്‍ക്കഷണം: ചമ്മലിനെക്കാളേറെ കുട്ടപ്പന്‍ ചേട്ടന്‍റെ മുഖത്തു വിളയാടി നിന്നത്‌ അഭൗമമായ ഒരു നിര്‍‌വൃതി ആയിരുന്നു.

Thursday, January 17, 2008

അങ്ങനെ ഒരു പ്രണയകാലത്ത്


താന്തോന്നിത്തരം കൈമുതലാക്കിയ ഒരു പറ്റം കൂട്ടുകാര്‍ക്കിടയില്‍, ചേരയെ തിന്നുന്ന കൂട്ടരുടെ ഇടയില്‍ അല്ലേ, നടുക്കഷ്ണം തന്നെ തിന്നു കളയാം എന്നു ചിന്തിച്ചുറപ്പിച്ചു നടക്കുന്ന കാലം.. എഞ്ചിനീയറിംഗ് എന്ന ലേബലില്‍ ആര്‍ത്തുല്ലസിച്ചു ജീവിച്ച നാലു വര്‍ഷം..
ആ യുഗത്തിലെ മഹത്തായ രണ്ടാമാണ്ടില്‍ ആണ്‌ ഈയുള്ളവനു കലശലായ ഒരു പൂതി ഉണ്ടാകുന്നത്..


പ്രേമിക്കണം..


ആര്‌, ഇന്നത് എന്നൊന്നുമില്ല.. കൂടെ നടന്നു ഓസിനു സിഗരറ്റ് വാങ്ങി വലിക്കുന്ന പല താന്തോന്നികളും ഓരോ തരുണീമണികളുമായി പഞ്ചാര അടിച്ചിരിക്കുന്നതു കാണുമ്പോള്‍ സ്വാഭാവികമായും ഉണ്ടാകാവുന്ന നിഷ്ക്കളങ്കമായ ഒരു വികാരം..


സംഭവം അടുത്ത സുഹൃത്തും, മറ്റൊരു നടുക്കണ്ടം തീനിയും, സര്‍‌‌വോപരി പ്രണയാദി കാര്യങ്ങളില്‍ വിശാരദനുമായ കാദറുകുട്ടിയെ അറിയിക്കുന്നു..കേട്ടപ്പോള്‍ സ്റ്റാര്‍ വേള്‍ഡിലെ പരിപാടികളില്‍ മനസ്സിലാകാത്ത തമാശകള്‍ കേട്ടു അട്ടഹസിച്ചു ചിരിക്കുന്ന ഓഡിയന്‍സിനെ പോലെ തലയറഞ്ഞു ചിരിച്ചെങ്കിലും, "അളിയാ.. നിനക്കു അങ്ങനെ ഒരു ആഗ്രഹം ഉണ്ടെങ്കില്‍, തഥാസ്ത്തു.." എന്ന് അദ്ദേഹം അരുളിച്ചെയ്തു..
ആദ്യ ഘട്ടം വുഡ് ബി കാമുകിയെ കണ്ടെത്തുക എന്ന ക്ലേശകരമായ ഒന്നായിരുന്നു..


1) ഇതിനകം തന്നെ മറ്റുള്ളവര്‍ വളച്ചു കഴിഞ്ഞ കുട്ടികള്‍.

2) ഏതു നിമിഷവും ഏതെങ്കിലും ഒരുത്തന്‍ വളക്കും എന്നുറപ്പുള്ള കുട്ടികള്‍.

3) നമ്പര്‍ ഇറക്കിയാല്‍ തടി കേടാവാന്‍ നൂറു ശതമാനവും ചാന്‍സ് ഉള്ള കുട്ടികള്‍.

4) കാണാന്‍ നല്ല ഭംഗിയുള്ള കുട്ടികള്‍.


ഈ പറഞ്ഞ കണ്ടീഷന്‍സില്‍ എതെങ്കിലും ഒന്നില്‍ പെടുന്ന എല്ലാവരെയും ഒഴിവാക്കാന്‍ തീരുമാനിച്ചു. അവസാനത്തെ കണ്ടീഷനോടു എനിക്ക് എതിര്‍പ്പ് ഉണ്ടായിരുന്നെങ്കിലും അര മണിക്കൂര്‍ നീണ്ടു നിന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ കാദറിന്‍റെ വാദം ശരിയാണെന്നു എനിക്കും തോന്നി. കാണാന്‍ നല്ല സുന്ദരക്കുട്ടപ്പന്‍ ആണല്ലോ ഞാന്‍.. കഷ്ടിച്ചു അഞ്ചരയടി പൊക്കം, ഉടുപ്പും, ട്രൗസറും, അണ്ടര്‍‌വെയറും, ചെരിപ്പും കൂടെ ഇട്ടു തൂക്കിയാലും അഞ്ഞൂറ് ഗ്രാം തികയാനില്ലാത്ത തൂക്കം, കരി ഓയിലിനു അപകര്‍ഷതാ ബോധം ഉണ്ടാക്കുന്ന നിറം, മണ്ടരിത്തെങ്ങിലെ ഓല പോലെ ഒരു മീശ എന്നിവ മുതല്‍ക്കൂട്ടായുള്ള ഗന്ധര്‍‌വ സമാനന്‍... അങ്ങനെ ഉള്ള ഞാന്‍ സുന്ദരിമാരില്‍ സുന്ദരിമാരായവരുടെ പിറകെ എരിയും വെയിലത്തു കയിലും കുത്തി നടക്കുന്നതിനു പിന്നിലുള്ള വ്യര്‍ത്ഥതയെ മാപ്പിളപ്പാട്ടിന്‍റെ ഈണത്തില്‍ അവന്‍ പാടി കേള്‍പ്പിച്ചപ്പോള്‍ ഈയുള്ളവനു അംഗീകരിക്കാതിരി‍ക്കാന്‍ ആയില്ല..
അനവധി വാഗ്വാദങ്ങള്‍ക്കും കൂലങ്കഷമായ ചര്‍ച്ചകള്‍ക്കുമൊടുവില്‍, പെണ്‍കുട്ടി ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടു.



കഥ പ്രണയം കഥനായികയുടെ സമക്ഷം അവതരിപ്പിക്കുക എന്ന രണ്ടാം ഘട്ടത്തിലേക്കു കടക്കുന്നു..
പ്രേമലേഖനം, ദൂത് തുടങ്ങിയ ആശയങ്ങള്‍ പഴഞ്ചന്‍ ആണെന്ന തോന്നല്‍ ഉണ്ടാകുകയും, സല്‍ഗുണസമ്പന്നനും സുമുഖനുമായ എനിക്കു വേണ്ടി എഴുത്തു കൈ മാറാനോ, ദൂത് പറയാനോ കാദറടക്കമുള്ള ഒരു സഹ-അലവലാതിയും തയ്യാറാകില്ല എന്ന ബോധം ശക്തി പ്രാപിക്കുകയും ചെയ്തതോടെ ആ കര്‍മ്മം സ്വയം നിര്‍‌വഹിക്കാന്‍ ഈയുള്ളവന്‍ തീരുമാനിച്ചു.


നിരവധി റിഹേഴ്സലുകള്‍ക്കു ശേഷം നിശ്ചിത ദിവസം കുളിച്ചു കുട്ടപ്പനായി, വൈകിട്ടു അമ്പലത്തില്‍ പോയി, ചന്ദനക്കുറി ഒക്കെ നെറ്റിക്കു വരച്ച് ( "എന്തോന്നെടേയ്, കരിക്കലത്തില്‍ അരിമാവു പറ്റിപ്പിടിച്ച പോലെ നിന്‍റെ നെറ്റിക്ക്‌ " എന്ന ചോദ്യത്തെ കേട്ടില്ല എന്നു നടിച്ച്) ഈയുള്ളവന്‍ സ്ഥലം പഞ്ചാരക്കടയില്‍ (ബേക്കറി ആയതുകൊണ്ടും എല്ലാ പഞ്ചാരകളുടെയും പ്രഭവസ്ഥാനം ആയതു കൊണ്ടും എങ്ങനെ ചിന്തിച്ചാലും അര്‍ത്ഥവത്തായ പേരു തന്നെ..) ഹാജര്‍..
കഥാനായിക ആ സമയത്തു പഞ്ചാരക്കടയില്‍ വരുമെന്ന വിശ്വസനീയമായ സ്രോതസ്സില്‍ നിന്നു കിട്ടിയ വിവരത്തെ അടിസ്ഥാനപ്പെടുത്തി അവിടെ എത്തിയ എനിക്കു നിരാശപ്പെടേണ്ടി വന്നില്ല.. ദാ നില്‍ക്കുന്നു എന്‍റെ പ്രേമഭാജനം... ചെല്ലെടാ എന്നു ഉറക്കെ രഹസ്യം പറഞ്ഞുകൊണ്ട് കാദര്‍ എന്നെ അവളുടെ മുന്നിലേക്കു തള്ളി വിട്ടു.. എല്ലാ ദൈവങ്ങളെയും മനസ്സില്‍ ധ്യാനിച്ചു അവളോടു ഞാന്‍ ചോദിച്ചു "ഹോസ്റ്റലിലേക്കാണോ? ഞാനും അങ്ങു വരെ കൂടെ നടക്കുന്നതില്‍ വിരോധം ഇല്ലല്ലൊ...കുറച്ചു കാര്യങ്ങള്‍ പറയാന്‍ ഉണ്ടായിരുന്നു.." പെട്ടെന്നുണ്ടായ ചോദ്യത്തില്‍ സ്തബ്ധയായതു കൊണ്ടായിരിക്കണം.. അവള്‍ എതിര്‍പ്പൊന്നും പറഞ്ഞില്ല.. അവള്‍ക്കെന്തെങ്കിലും സമ്മാനം കൊടുക്കണമല്ലോ എന്ന പെട്ടെന്നുണ്ടായ ചിന്തയില്‍ ബേക്കറിയില്‍ ഇരുന്ന ഒരു പാക്കറ്റ് പാര്‍ലെ-ജി ബിസ്കറ്റും എടുത്ത്, "പറ്റില്‍ കുറിച്ചേരേ ചേട്ടാ " എന്ന് ഒരു അനൗണ്‍സ്മെന്റും നടത്തി അവളുടെ പിന്നാലെ ഞാന്‍ വച്ചു പിടിച്ചു..



നേരത്തെ തീരുമാനിച്ചുറപ്പിച്ച പ്രകാരം, അവളുടെ സ്വഭാവത്തിന്‍റെ നന്മയെ വാനോളം പുകഴ്ത്തിയും, സൗന്ദര്യം ഒരിക്കലും ഒരാളെ ഇഷ്ട്ടപ്പെടാന്‍ ഉള്ള മാനദണ്ഡം ആകരുത് എന്ന്‌ ഊന്നി പറഞ്ഞും, ചില പൈങ്കിളി ഡയലോഗുകള്‍ കാച്ചിയും നടന്നു നീങ്ങുകയാണു ഞങ്ങള്‍. അവള്‍ മറുപടി പറയുകയും, ചിരിക്കുകയും എല്ലാം ചെയ്യുന്നുമുണ്ട്.. "സംഗതി ഏറ്റു മോനേ " എന്ന് അഭിമാനപുരസരം സ്വയം അഭിനന്ദിച്ചു നടക്കുമ്പോള്‍ കൈയില്‍ ഇരിക്കുന്ന ബിസ്കറ്റ് പാക്കറ്റിന്‍റെ കാര്യം ഓര്‍ത്തു.. ഇവള്‍ ഇതു ഹോസ്റ്റലില്‍ കൊണ്ടുചെന്നാല്‍ ആകെ നാണക്കേടാകും എന്ന് തോന്നിയതു കൊണ്ടും, കാശു മുടക്കിയതല്ലേ, ഒരെണ്ണമെങ്കിലും തിന്നണ്ടേ എന്ന ഇക്കണോമിക് ഉള്‍‌വിളി ഉണ്ടായതുകൊണ്ടും, വഴിയരികില്‍ ഒരു വേലിയില്‍ ചാരി നിന്ന് ഞാന്‍ ആ പാക്കറ്റ് പൊട്ടിച്ച് അവള്‍ക്കു നേരേ നീട്ടി.. അവള്‍ അതു സസന്തോഷം സ്വീകരിക്കുകയും ചെയ്തു.. പിന്നെ ഒരു മിനിറ്റോളം അവിടെ നിന്നായി എന്‍റെ കന്നി പഞ്ചാരയടി.. ആ സുരഭില നിമിഷത്തില്‍ മുങ്ങി ഇരുന്ന ഞാന്‍, അറിയാതെ ഒരു ഓലക്കണയില്‍ പിടിച്ചു വലിക്കുകയും, വേലിയില്‍ നിന്നും സാമാന്യം വലിപ്പമുള്ള ഒരു ഓല ഊരി പോവുകയും ചെയ്തു..



"അയ്യോ.................." എന്നൊരു സ്ത്രീശബ്ദവും, തുടര്‍ന്നു "പെണ്ണുങ്ങള്‍ കുളിക്കുന്നെടത്താണോടാ നിന്‍റെ ഈ ********** " എന്നു ചോദിച്ചു കൊണ്ട് ഒരു ഭീമാകാരന്‍ എങ്ങു നിന്നെന്നില്ലാതെ ചാടിവീഴുകയും കോളറിനു കേറിപ്പിടിക്കുകയും എല്ലാം ഞൊടിയിടയില്‍ നടന്നു.. പിന്നെ എന്‍റെ ഫസ്റ്റ് ലവിനോട് " നിനക്കു നാണമില്ലേടീ ഇങ്ങനെയുള്ളവന്മാരുടെ കൂടെ നടക്കാന്‍... " എന്നലറി ചോദിക്കുകയും ചെയ്തു... സ്ഥിതിഗതികളിലെ പന്തികേട് മനസ്സിലാക്കി അവള്‍ പറഞ്ഞു " അയ്യോ ചേട്ടാ, എനിക്കറിയത്തില്ല ഈ ചെക്കനെ.. കൊറേ നേരം കൊണ്ടെന്‍റെ പുറകേ നടന്നു ശല്ല്യം ചെയ്യുവാ... ""അതുശരി.. എങ്കില്‍ കൊച്ചു ചെല്ല്‌.. ഇവനെ ഞങ്ങള്‍ നോക്കിക്കോളാം" എന്നായി "ചേട്ടന്‍"..പൊന്തിവന്ന അമര്‍ഷം അടക്കി, സ്ത്രീവര്‍ഗ്ഗത്തെ മുഴുവന്‍ ശപിച്ചു കൊണ്ട്, കിട്ടാന്‍ പോകുന്ന തല്ല് പതിന്മടങ്ങ് വര്‍ദ്ധിക്കുമല്ലോ എന്ന ചിന്തയുമായി ഞാന്‍ മരവിച്ചു നിന്നു.... ബാക്ക്ഗ്രൗണ്ടില്‍ "ഡാ ജോസേ, തങ്കച്ചാ, രാജപ്പാ ഇങ്ങോട്ടൊന്നു വന്നേടാ..." എന്ന വിളിയും മുഴങ്ങി...



-------------------------------------------------------------------
വാല്‍ക്കഷ്ണം:
മുന്‍പേ വിവരിച്ച എന്‍റെ ആകാരസൗഷ്ഠവത്തില്‍ ആകൃഷ്ടരായ നാട്ടുകാര്‍ ഈയുള്ളവനെ മര്‍ദ്ദിക്കാതെ താക്കീത് മാത്രം തന്നു വിട്ടയച്ചു (തല്ലിയാല്‍ ചത്തു പോകും, അതുകൊണ്ടാ, കേട്ടോടാ.. എന്ന പ്രഖ്യാപനം ഞാന്‍ മുഖവിലക്കെടുക്കുന്നു)

അത് താനല്ലയോ ഇതു..


സംഭവം നടക്കുന്നത്‌ മൂന്നു മൂന്നര വര്‍ഷം മുന്‍പാണ്..
കാമ്പസ് സെലക്ഷന്‍ കിട്ടിയതിന്‍റെ അഭിമാനവും, ജോലി കിട്ടിയതിന്റെ ആശ്വാസവുമായി, ഹൈദരാബാദില്‍ വന്നിറങ്ങിയ കാലം..ഐ-മാക്സ് തിയെറ്ററും, ഷോപ്പിംഗ് മാളുകളും, കുട്ടിയുടുപ്പിട്ട പെണ്‍കിടാങ്ങളും..എല്ലാം കൊണ്ടും സ്വച്ഛന്ദം വിഹരിക്കാന്‍ പറ്റിയ നഗരം..(ഇതൊക്കെ കണ്ടു സര്‍‌വവും മറന്നു വാ പൊളിച്ചു നോക്കി നിന്ന എന്നെ ഒരു പോലീസുകാരന്‍ തെലുങ്കില്‍ ചീത്ത വിളിച്ചതു മറ്റൊരു കഥ.. അതു പോട്ടെ...)



രംഗം ഒന്ന് : ഓഫീസിലെ കഫറ്റെരിയ
------------------------------------------------
എന്‍‌ട്രി ലെവെല്‍ ട്രെയിനിംഗ് നടക്കുന്ന സമയം... ബാച്ചില്‍ ഉള്ള അഞ്ചാറു അലവലാതികള്‍ക്കു ( നമ്മള്‍ പാവം മലയാളികളുടെ കാഴ്ച്ചപ്പാടില്‍ അങ്ങനെ അല്ലേ തോന്നു .. വടക്കെ ഇന്ത്യയിലെ വെടക്കന്മാര്.. ഇംഗ്ലീഷും പറഞ്ഞു വല്ല്യക്കാട്ടെ പാന്‍റ്സും, ചെറിയ ടീ-ഷര്‍ട്ടും ഇട്ടു വിലസുന്ന ജാടപോക്കിരികള്‍..) ഒരു പ്ലാന്‍.. ഒരു ഗെറ്റ് റ്റുഗദര്‍ വേണം..
അവര്‍ നിര്‍ദ്ദേശിച്ച സ്ഥലം, കഫെ കൊഫീ ഡേ..
കൊള്ളാം... എന്നിലെ മലയാളിക്കു താങ്ങാന്‍ ആകുന്നതിലും അപ്പുറമായിരുന്നു അത്‌.. അവിടെ ഒരു കാപ്പിക്കു കൊടുക്കുന്ന കാശുണ്ടെങ്കില്‍,ഓ.പി.ആര്‍ ക്വാര്‍ട്ടറും, സോഡയും, ഒരു പാക്കറ്റ് മിച്ചറും രണ്ടു വില്‍സും കിട്ടും.. ഒഴിഞ്ഞുമാറാന്‍ കഴിയുന്നത്ത്ര ശ്രമിച്ചു നോക്കി, പക്ഷേ അവന്‍‌മാരുണ്ടോ വിടുന്നു.. വരുന്നില്ല എന്നു തറപ്പിച്ചു പറയാന്‍ തുടങ്ങുമ്പോഴാണ്‌..ഡല്‍ഹിക്കാരി , അലുവാ കഷണം പോലെ ഇരിക്കുന്ന ഒരുത്തിയുടെ കമന്‍റ്.. " കം ഓണ്‍ യാര്‍.. പ്ലീസ് കം.. ആംബിയന്‍സ് ഇസ് സൊ ഗുഡ് ദേര്‍.."അലുവാ കഷണത്തിന്‍റെ വശ്യമായ പുഞ്ചിരി കൂടെ ആയപ്പൊ ഞാന്‍ ഫ്ലാറ്റ്.. "ആഹാ.. അങ്ങനെ ആണോ... എങ്കില്‍ പോയി നോക്കിയിട്ടു തന്നെ കാര്യം " എന്നു ഞാനും തീരുമാനിച്ചു..




രംഗം രണ്ട്: കഫെ കോഫീ ഡേ.
-----------------------------------------
എല്ലാവരും മെനു നോക്കി പഠിക്കുന്നു.. കാപ്പിക്കു അറുപതു രൂപ, പഞ്ചസാര ഇട്ട ഉഴുന്നുവടക്ക് (ഡോനട്ട്സെന്നു പറയും പോലും) അന്‍പതു രൂപ.. അണ്ടകടാഹം വരെ കാളി ഇരിക്കുന്ന ഞാന്‍.. ഓരോരുത്തരായി ഓഡര്‍ പറയുന്നു..കാപുചീനൊ, ഐസ്ഡ് എസ്കിമോ, എന്നൊക്കെ കേട്ടു..(വീണ്ടും ഇതുപൊലത്തെ അവസരത്തില്‍ പ്രയോജനപ്പെടുത്താന്‍ ഞാന്‍ എല്ലാം കുറിച്ചെടുത്തു )അവസാനം എന്‍റെ ഊഴം ആയി.. ഞാന്‍ ഓഡര്‍ ചെയ്തു.. "വണ്‍ ആംബിയന്‍സ് പ്ലീസ്.."..ഒരു സെക്കന്‍റ് നേരത്തേക്കു നിശ്ശബ്ദത.. പിന്നെ "വാട്ട്.." എന്ന ചോദ്യവുമായി വെയിറ്റര്‍.. എന്താണിത്ര പുകില്‍ എന്നറിയാതെ ഞാന്‍..അലുവാ കഷണം അല്ലെ പറഞ്ഞതു ഇവിടെ ആംബിയന്‍സ് എന്നൊരു സാധനം ഉണ്ടെന്നും, അതു വെരി ഗുഡ് ആണെന്നും..
കൂട്ടത്തില്‍ ഉള്ള ഒരു ബംഗാളി ------ [സെന്‍സര്‍ ചെയ്ത വാക്ക്, സെന്‍സറിംഗ് അനാവശ്യം എന്നു തോന്നുന്നവര്‍ പ്രാസമൊക്കുന്ന ഏതെങ്കിലും ഒരു വാക്ക് ഉപയോഗിച്ചു പൂരിപ്പിക്കാന്‍ അപേക്ഷ..] ക്കു കാര്യം പിടികിട്ടി.. ഉറക്കെ ഒരു ചിരിയും പിന്നെ എല്ലാവരും കേള്‍ക്കെ ഭീകരമായ വിശദീകരണവും.. അവന്‍ പറഞ്ഞു തീരാന്‍ ഞാന്‍ നിന്നില്ല.. ഇറങ്ങി ഓടി.. (അപ്പുറത്തെ ടേബിളിലെ ചായക്കപ്പ് മറിച്ചിടാനും, അവരുടെ വായിലിരിക്കുന്നതു കേള്‍ക്കാനും എനിക്കു സാധിച്ചു..)

-------------------------------------------------------------------------------------വാല്‍ക്കഷ്ണം:

ആംബിയന്‍സ് എന്ന വാക്കിന്‍റെ അര്‍ത്ഥം പഠിക്കാന്‍ തുടങ്ങിയ ഇംഗ്ലീഷ് പഠനം ഇപ്പോഴും തുടരുന്നു...