
എന്നില്‍ വീണലിഞ്ഞ
ചാറ്റല്‍മഴയെ ഞാന്‍ സ്നേഹിച്ചിട്ടില്ല,
എനിക്കിഷ്ടം മാമ്പൂവിനോടായിരുന്നു...
കാലവര്‍ഷത്തിലെ കുത്തൊഴുക്കില്‍
എന്റെ സ്നേഹത്തിന്റെ പുഞ്ചിരി
ഒഴുകി മറഞ്ഞെങ്കിലോ എന്നു ഞാന്‍ ഭയപ്പെട്ടു.
എന്നെ കുളിരണിയിച്ച
മഞ്ഞുതുള്ളികളെ ഞാന്‍ സ്നേഹിച്ചിട്ടില്ല,
എനിക്കിഷ്ടം ചിത്രശലഭത്തിനോടായിരുന്നു...
ശൈത്യത്തിന്റെ തടവറയില്‍
എന്റെ സ്വപ്നങ്ങളുടെ സൗന്ദര്യം
മരവിച്ചു പോയെങ്കിലോ എന്നു ഞാന്‍ ഭയപ്പെട്ടു.
എനിക്കു ചൂടുപകര്‍ന്ന
പോക്കുവെയിലിനെ ഞാന്‍ സ്നേഹിച്ചിട്ടില്ല
എനിക്കിഷ്ടം പുല്‍നാമ്പിനോടായിരുന്നു...
എരിവേനലിന്റെ തീക്ഷ്ണതയില്‍
എന്റെ ഹൃദയത്തിലെ നിഷ്കളങ്കത
കരിഞ്ഞു തീര്‍ന്നെങ്കിലോ എന്നു ഞാന്‍ ഭയപ്പെട്ടു.
എന്നുള്ളില്‍ ലഹരി നിറച്ച
വാസന്തചന്ദ്രികയെ ഞാന്‍ സ്നേഹിച്ചിട്ടില്ല,
എനിക്കിഷ്ടം മഴവില്ലിനോടായിരുന്നു...
രാത്രിയുടെ കമ്പിളിപ്പുതപ്പിനടിയില്‍
എന്റെ ഓര്‍മ്മയിലെ നിറങ്ങള്‍
എന്റെ ഓര്‍മ്മയിലെ നിറങ്ങള്‍
മങ്ങിപ്പോയെങ്കിലോ
എന്നു ഞാന്‍ ഭയപ്പെട്ടു.
കാലമേറെക്കഴിഞ്ഞില്ല,
മാങ്കനികള്‍
ഇലകള്‍ക്കു പിന്നില്‍
സ്വയം കൂടുകള്‍ തീര്‍ത്തു..
ശലഭങ്ങള്‍
പൂന്തേന്‍ നുകരാന്‍
നോക്കെത്താ ദൂരങ്ങള്‍ തേടി...
പുല്‍ക്കൊടി
കണ്ണുകള്‍ പൂട്ടി
കാറ്റിന്റെ താരാട്ടില്‍ മയങ്ങി...
മഴവില്ല്
പടിഞ്ഞാറേ മാനത്ത്
കടലിന്റെ കൈകളെപ്പുല്‍കി...
എങ്കിലും,
എന്നിലെ സ്നേഹം വറ്റിയില്ല
എന്റെ സ്വപ്നങ്ങള്‍ പൊലിഞ്ഞില്ല
എന്റെ ഹൃദയം തകര്‍ന്നില്ല
എന്റെ ഓര്‍മ്മകള്‍ മരിച്ചില്ല...
എന്തെന്നാല്‍,
മഴമേഘങ്ങളും
മഞ്ഞണിഞ്ഞ ശിഖരങ്ങളും
പൊന്‍വെയിലുംരാവിന്റെ സംഗീതവും
ഇന്നും എന്നോടൊപ്പമുണ്ട്...