Wednesday, February 27, 2008

ആശാനക്ഷരമൊന്നു പിഴച്ചാല്‍


ഗാന്ധിജിയുടെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ തന്‍റേതായ രീതിയില്‍ അപഗ്രഥിച്ച്, പ്രായോഗിക തലങ്ങളില്‍ അവയെ എത്തിച്ച ജീവിതം ആണ് ഈയുള്ളവന്‍റേത്. ഈ പറഞ്ഞതു കേട്ട് തിരിഞ്ഞും മറിഞ്ഞും മലര്‍‌ന്നും കമിഴ്ന്നും കിടന്നു ചിരിക്കുന്ന സഹ-അലവലാതികളോട് എനിക്ക് അനുകമ്പയുണ്ട്. അല്ലെങ്കിലും മഹാന്‍‌മാരെ തിരിച്ചറിയാന്‍ ലോകം എന്നും വൈമനസ്യം കാണിക്കുന്നതാണല്ലോ പതിവ്... എന്നിലെ പ്രതിഭയെ തരിച്ചറിഞ്ഞു കഴിയുമ്പോള്‍,പ്രതിമകള്‍ സ്ഥാപിച്ച് അവയില്‍ ഹാരങ്ങള്‍ അണിയിക്കരുതേ എന്നു താഴ്മയായി അപേക്ഷിച്ചു കൊള്ളുന്നു, പ്രാവിനും കാക്കയ്ക്കും കംഫര്‍ട് സ്റ്റേഷന്‍ പണിയാന്‍ സര്‍‌ക്കാര്‍ ബഡ്ജറ്റില്‍ തുക നീക്കി വക്കുന്നതു വരെ എങ്കിലും...

മേല്‍‌പ്പറഞ്ഞതിനു തെളിവെന്നോണം ഈ കുറിപ്പ്...


ഇത്തവണ ഈയുള്ളവന്‍റെ കാലചക്രം ഉരുണ്ട് ചെന്നു നില്‍ക്കുന്നത് പ്ലസ് റ്റൂ കാലഘട്ടത്തിലാണ്‌. അത്യാവശ്യം നല്ല ശീലങ്ങള്‍ വാതില്‍‌പ്പടിക്കല്‍ മുട്ടി തുടങ്ങിയ സമയം. ഗാന്ധിജിയുടെ വീക്ഷണത്തില്‍ നിന്ന് ഉരുത്തിരിഞ്ഞ സ്വാശ്രയം, സ്വയം പര്യാപ്തം എന്നീ ആശയങ്ങള്‍ ജീവിത്തത്തില്‍ പകര്‍‌ത്തി തുടങ്ങിയ കാലഘട്ടം. വീട്ടില്‍ നിന്ന് വട്ടചിലവ്, കുരുട്ട് പരിപാടികള്‍ എന്നിവയ്ക്ക് കാശ് മേടിക്കാന്‍ പറ്റില്ല എന്ന അവസ്ഥയില്‍ കണ്ടു പിടിച്ച ഒരു ഉപായമായിരുന്നു പാര്‍ട്ട് ടൈം ജോബ്.


അന്ന് നാട്ടിലെ എന്‍റെ സുഹൃത്തുക്കളില്‍ അഗ്രഗണ്യരായ ചില തലമൂത്തവര്‍ ചേര്‍ന്ന് ഒരു സ്ഥാപനം നടത്തിപ്പോന്നിരുന്നു. സ്ഥാപനം എന്നു പേരിട്ട് വിളിക്കാന്‍ മാത്രമൊന്നും ഇല്ലെങ്കില്‍ സാമാന്യം വരുമാനം കിട്ടുന്ന പരിപാടി ആയിരുന്നു. ഇലക്ക്ട്രിക്കല്‍ വയറിംഗ്, പ്ലമ്പിംഗ്, പെയിന്‍റിംഗ് എന്നിങ്ങനെ പല മേഖലകളില്ആയി ബ്രദേഴ്സ് കണ്‍സള്‍ട്ടന്‍സിയുടെ സേവനം വ്യാപിച്ചു കിടന്നിരുന്നു. ആ സ്ഥാപനത്തില്‍ ആയിരുന്നു തൊഴില്‍ മേഖലയിലേക്കുള്ള ഈയുള്ളവന്‍റെ കന്നി കാല്‍‌വയ്പ്പ്.


തുടക്കത്തില്‍ പെയിന്‍റ് പാട്ട തുറക്കല്‍, ചുമരില്‍ നിന്ന് പായല്‍ ഇളക്കി കളയല്‍, അതെടുത്ത് ഇവിടെ കൊടുക്കല്‍, ഇതു ചുമന്ന് അങ്ങോട്ട് മാറ്റല്‍ തുടങ്ങിയ അപ്രന്‍റീസ് പണികള്‍ ആയിരുന്നു. എങ്കിലും കിട്ടുന്ന കൂലിക്ക് ആത്മാര്‍ഥമായി തന്നെ ഈയുള്ളവന്‍ പണി ചെയ്തു പോന്നു. ഈ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നതു കൊണ്ടുള്ള മറ്റൊരു നേട്ടം, വളഞ്ഞ വഴിക്ക് വന്നു ചേരുന്ന സമ്പാദ്യം വലിപ്പച്ചെറുപ്പ ഭേദമന്യേ, കൃത്യമായി പങ്ക് വചു പോന്നിരുന്നു എന്നതാണ്‌. എസ്റ്റിമേറ്റ് കൂട്ടി എഴുതി കിട്ടുന്നതും, ഡീലറിനോടുള്ള ഡീലിംഗ് വച്ച് ബില്‍ ഡീറ്റെയില്‍ ചെയ്തുണ്ടാക്കുന്ന ഡീലുകളും, രാത്രിബത്തയും എല്ലാം കൂടിയാകുമ്പോള്‍ നാലു പേരുടെ മുന്നില്‍ പറയാന്‍ നാണക്കേട് തോന്നാത്ത ഒരു തുക കൈയില്‍ വന്നു ചേരുമായിരുന്നു.

അങ്ങനെ ഇരിക്കെ ഒരു മെയ്മാസപ്പുലരിയില്‍ ഈയുള്ളവന്‍റെ സ്വപ്നസാക്ഷാത്കാരമെന്നോണം അപ്രന്‍റീസ് പണി അല്ലാത്ത ഒരു ഫുള്‍ ലെംഗ്ത് അസൈന്‍‌മെന്‍റ് കൈയില്‍ വന്നു ചാടി. ബാക്കി ചേട്ടന്മാര്‍ "ഫുള്‍" അടിക്കാന്‍ പോയതുകൊണ്ടും, ഏറ്റവും എളുപ്പം പരിപാടികളില്‍ ഒന്നായ ബാനര്‍ എഴുത്തായതുകൊണ്ടും കൂടി ആവാം, സത്യന്‍ ഭായ് സംഭവം എന്നെ ഏല്‍‌പ്പിച്ചു. പുതുതായി തുടങ്ങുന്ന ഇംഗ്ലീഷ് മീഡിയം സ്കൂളിനു വേണ്ടി ഒരു പത്ത് ബാനര്‍ എഴുതി ഉണ്ടാക്കുക, അത്ര തന്നെ. മാറ്ററും തുണിയും പെയിന്‍റും കൈയില്‍ ഏല്‍‌പ്പിച്ച്, വൈകുന്നേരത്തിനകം സംഭവം റെഡി ആക്കിയാല്‍ "സ്പെഷല്‍ ക്വോട്ട" തരാം എന്ന വാഗ്‌ദാനവും തന്ന് പുള്ളിയും പതുക്കെ സോഡയും അന്വേഷിച്ച് പുറപ്പെട്ടു.


വീണു കിട്ടിയ സുവര്‍‌ണ്ണാവസരം ഒരിക്കലും പാഴാകരുതല്ലോ എന്നു കരുതി, ആത്മാര്‍ത്ഥമായി തന്നെ ഞാന്‍ ബാനര്‍ എഴുത്ത് ആരംഭിച്ചു. വൈകുന്നേരം ആറു മണിയോടെ സംഭവം റെഡി.

റോഡ് സൈഡിലും കവലയിലും ഒക്കെ വലിച്ചു കെട്ടന്‍ ബാനര്‍ കെട്ട് കുമാറ്ജിയുടെ കൈയില്‍ ഏല്‍‌പിച്ച് "സ്പെഷല്‍ ക്വോട്ട" സ്വപ്നം കണ്ട് ഈയുള്ളവന്‍ വീട്ടിലെത്തി അത്താഴം ഒക്കെ കഴിഞ്ഞ് റ്റി.വി. യും കണ്ട് ഇരിക്കുമ്പോളാണ്‌ സത്യന്‍ ഭായിയുടെ വരവ്. ഹര്‍ഭജന്‍ സിംഗിനെ കണ്ട സൈമണ്ട്സിനെപ്പോലെ കോപാക്രാന്തനായി വരുന്ന സത്യന്‍ ഭായിയെ കണ്ടപ്പൊ ഞാന്‍ ഒന്നു ഞെട്ടി. പോരാത്തതിനു ഞാന്‍ എഴുതിയ ബാനറുകളും കൊണ്ടാണൂ പുള്ളിയുടെ വരവ്.

വന്നു കേറിയതും ഒറ്റ ചോദ്യമായിരുന്നു... "ഡാ..... ആരാടാ നിന്നെ എഴുത്തും വായനേം പടിപ്പിച്ചത്?? ഡാ.. എവിടെടാ??? "


കിലുക്കത്തിനെ ഇന്നസെന്‍റിനെപ്പോലെ "ഡാന്നാ...... " എന്നു ചോദിക്കണം എന്നുണ്ടായിരുന്നെങ്കിലും സംഗതിയുടെ കിടപ്പു വശം മനസ്സിലാകാഞ്ഞതു കൊണ്ട് ഞാന്‍ വിനയാന്വിതനായി മാത്രം ചോദിച്ചു.. "എന്ത് എവിടെടാന്ന ഭായ്?? "


ബാനര്‍ നിവര്‍ത്തി കാണിച്ചു കൊണ്ട് കോപം നിയന്ത്രിക്കാന്‍ പാടു പെടുന്ന സത്യന്‍ ഭായ് പറഞ്ഞു "ഡ .. എവിടേന്നു തന്നെ... നീ എന്നെ ജീവിച്ചു പോകാന്‍ സമ്മതിക്കില്ല അല്ലേ... ഇനി ആ സ്കൂള്‍ മാനേജര്‍ എന്നെ വിളിക്കാന്‍ തെറിയൊന്നും ബാക്കി ഇല്ല.."


ബാനറിലെ വാക്കുകള്‍ കണ്ട് ഞാനും ഒന്നു ഞെട്ടി.


"ശ്രീ ശങ്കരാ (ഇംഗ്ലീഷ് മീഡിയം) എയ്ഡ്സ്കൂള്‍

‌അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു...""

എയ്ഡഡ് സ്കൂള്‍" എന്നതിലെ ഒരു "ഡ" കാണാനില്ല തന്നെ...


എയ്ഡ്സിന്‍റെ സ്കൂള്‍ ആണോ നടത്തുന്നത് എന്നറിയാന്‍ ഫോണ്‍ ചെയ്ത ചില വിരുതന്മാരോടുള്ള ദേഷ്യം മാനേജര്‍ സത്യന്‍ ഭായിയോട് തീര്‍ത്തതിനെ ഞാന്‍ ഒരിക്കലും കുറ്റം പറയില്ല.
-----------------------------------------------------------------------------------
വാല്‍‌ക്കഷണം

---------------


വര്‍ഷങ്ങള്‍‌ക്കു ശേഷം കോളെജ് മാഗസിന്‍ എഡിറ്റോറിയല്‍ ബോര്‍ഡ് മെംബര്‍ ആയപ്പോള്‍ പ്രൂഫ് റീഡിംഗിനു ഈയുള്ളവന്‍റെ മുന്നില്‍ വന്ന ഓരോ കൃതികള്‍ വായിക്കുമ്പോഴും മനസ്സില്‍ ഈ സംഭവം തങ്ങി നിന്നിരുന്നു.

ഒരു കലാകാരന്‍റെ ധര്‍മ്മസങ്കടം


വായിനോട്ടം ഒരു കലയാണ്‌.


ആസ്വാദനം ഒരു കലാരൂപമാണെന്ന അടിയുറച്ച വിശ്വാസത്തില്‍ നിന്നാണ് ഈയുള്ളവന്‌ ലോകത്തിന്‍റെ ഗതിയെത്തന്നെ മാറ്റിമറിക്കാന്‍ പോന്ന മേല്‍‌പ്പറഞ്ഞ ആശയം മുന്നോട്ട് വയ്ക്കാന്‍ ധൈര്യം കിട്ടുന്നത്. സൗന്ദര്യാരാധനയുടെ സോഷ്യലിസ്റ്റ് പ്രതിരൂപം എന്ന നിലയ്ക്കു വേണം നാം വായിനോട്ടത്തെ കാണാന്‍. ചിത്രകല, ശില്പകല തുടങ്ങിയ പെറ്റി ബൂര്‍ഷ്വാ സൗന്ദര്യസങ്കല്‍‌പ്പ വിചാരധാരകളില്‍ നിന്ന് വിട്ടുമാറി, ചിന്താക്കുഴപ്പം ഉളവാക്കുന്ന ആശയ-സിദ്ധാന്ത പ്രക്രിയകളെ തട്ടിയകറ്റി സ്വന്തമായി നിലകൊള്ളുന്ന പ്രതിഭാസം. സാധാരണക്കാരില്‍ സാധാരണക്കാരനായ മനുഷ്യന്‍റെ സര്‍‌ഗ്ഗശക്തിയെയും സൗന്ദര്യബോധത്തെയും ഉല്‍‌ബോധിപ്പിക്കുന്ന, അനന്ത സാധ്യതകള്‍ ഉള്‍‌കൊള്ളുന്ന മഹത്തായ ആ കലയില്‍ ഈയുള്ളവന്‍റെ സംഭാവനയെക്കുറിച്ചാകട്ടെ ഇന്നത്തെ കുറിപ്പ്.



കലയുടെ ആലയമാണല്ലോ കലാലയം. ഈയുള്ളവന്‍റെ കലാലയ ജീവിതത്തിലെ കലാപരമായ ലീലാവിലാസങ്ങളുടെ ആഴവും പരപ്പും മുന്‍പ് കുറിച്ചിട്ട വങ്കത്തരങ്ങളിലൂടെ മാന്യ വായനക്കാര്‍ ഒരു പരിധി വരെ എങ്കിലും മനസ്സിലാക്കിയിരിക്കും എന്നു വിശ്വസിക്കട്ടെ. ആ നാലു വര്‍‌ഷങ്ങളില്‍, വായിനോട്ടം എന്ന കലയെ പരിപോഷിപ്പിക്കാന്‍ ഈയുള്ളവനും സഹ-കലാകരന്‍ കാദറുകുട്ടിയും വളരെയധികം പ്രയത്‌നിച്ചിരുന്നു എന്നു എടുത്തു പറയേണ്ട ആവശ്യം ഇല്ലല്ലോ.

ആഗസ്റ്റ് സെപ്റ്റംബര്‍ മാസങ്ങള്‍ അക്ഷരാര്‍‌ത്ഥത്തില്‍ തന്നെ "ചാകര" മാസങ്ങള്‍ ആയിരുന്നു. വിദ്യയോടുള്ള ആര്‍ത്തിയുമായി പുതിയ വിദ്യാര്‍ത്ഥി(നി)കള്‍ കോളേജിലേക്ക് കൂട്ടമായി പറന്നണയുന്ന സുന്ദരങ്ങളായ അറുപത് ദിനങ്ങള്‍... ഇങ്ങനെ വരുന്ന വിദ്യാര്‍ത്ഥിനികള്‍‌ക്ക് അഭയവും താങ്ങും തണലും കിടപ്പാടവും എല്ലാമായി വിളങ്ങിനിന്നിരുന്ന നാടിന്‍റെ ഐശ്വര്യമായ ലേഡീസ് ഹോസ്റ്റല്‍ ഞങ്ങള്‍ താമസിച്ചിരുന്ന വീടിന്‍റെ ഒരു പ്ലോട്ട് അകലെ മാറി ആയിരുന്നു സ്ഥിതി ചെയ്തിരുന്നത്. വൈകിട്ട് ആറ് മണിയോടടുപ്പിച്ച് വീടിന്‍റെ തെക്കു വശത്തുള്ള വരാന്തയില്‍, കൈയില്‍ പുസ്തകവുമേന്തി (ചുമ്മാ ഒരു ജാടക്ക്, വല്ല നാനയോ വെള്ളിനക്ഷത്രമോ ആയാലും മതി) ഇരിപ്പുറപ്പിക്കുന്നത് ഈ സമയത്തെ പതിവ് ദിനചര്യ ആയിരുന്നു. ഹോസ്റ്റലില്‍ നിന്നും അമ്പലത്തിലേക്ക് പ്രവഹിക്കുന്ന സുന്ദരിമാരെ കാണാന്‍ അതിലും മികച്ച ഒരു വാച്ച് പോയിന്‍റ് ഭൂമി മലയാളത്തില്‍ വേറേ ഉണ്ടോ എന്നു സംശയമാണ്‌.


കുളിച്ച് സുന്ദരിക്കുട്ടപ്പികളായി അമ്പലത്തിലേക്ക് തരുണീമണികള്‍ നടന്നു നീങ്ങുമ്പോള്‍ തന്നെ, പുതിയ കുറ്റികളെ (അക്ഷരപ്പിശകല്ല, കുറ്റികള്‍ എന്നു തന്നെ ആണ്‌ ഉദ്ദേശിച്ചിരിക്കുന്നത്. മനസ്സിലാക്കുന്നവര്‍ മനസ്സിലാക്കട്ടെ) ഈയുള്ളവനും കാദറും കൂടെ നോട്ടമിട്ടു വയ്ക്കും. അവര്‍ തിരിച്ചു വരാറായി എന്ന് ഏകദേശം ഉറപ്പാകുന്ന സമയത്ത്, ഹോസ്റ്റലിന്‍റെ ഗേയിറ്റിനു മുന്നില്‍ തന്നെയുള്ള പഞ്ചാരക്കടയിലേക്ക് നീങ്ങും. "ഒരു നോക്കു (നല്ലോണം) കാണാന്‍ , ഒരു വാക്ക് (ചീത്തയായാലും മതി) കേള്‍‌ക്കാന്‍, ഒരുമിച്ചാ ദുഃഖത്തില്‍ പങ്കു ചേരാന്‍ (??? കവികള്‍‌ക്ക് ഭാവന കുറവാണോ?) ...".


പിന്നെ ബാക്കി കലാരചന അവിടെയിരുന്നാണ്. കച്ചേരിക്കു പക്കമേളം പോലെയാണ്‌ , വായിനോട്ടത്തിന്‌ അല്ലറ ചില്ലറ കമന്‍റ് അടി. എങ്കിലും സഭ്യതയുടെ അതിര്‍‌വരമ്പുകള്‍‌ക്ക് ഉള്ളില്‍ നില്‍‌ക്കുന്നതും, മൃദുലവികാരങ്ങളെ യാതൊരു വിധത്തിലും വ്രണപ്പെടുത്താത്ത നിരുപദ്രവകാരികളായ കമന്‍റുംകള്‍ മാത്രമേ ഉപയോഗിച്ചിരുന്നുള്ളൂ എന്നത് ഈയവസരത്തില്‍ എടുത്ത് പറയാന്‍ ആഗ്രഹിക്കുന്നു. ഇത്തരം ചെറിയ പ്രസ്താവനകള്‍ ഞങ്ങളുടെ പ്രിയപ്പെട്ട സഹപാഠിനികള്‍ ഒരളവു വരെ സസന്തോഷം ആസ്വദിച്ചിരുന്നു എന്നതും വാസ്തവമാണ്‌. സഹജീവനത്തിന്‌ മറ്റൊരു മാതൃക. കാക്കയുടെ വിശപ്പാണല്ലോ പശുവിന്‍റെ സ്കിന്‍ ലോഷന്‍...മേല്‍‌പ്പറഞ്ഞ വിഭാഗങ്ങളില്‍ പെടാത്ത കമന്‍റുകള്‍ സ്വകാര്യ സംഭാഷണങ്ങളില്‍ ഒതുങ്ങി നിന്നിരുന്നു. (നെഞ്ചത്തേറ്റ ചവിട്ട് ഭഗവാനു അലങ്കാരമായി കൊണ്ടു നടക്കാം, അതു പോലെ ആവില്ലല്ലോ എന്‍റെ ശ്യാമകപോലങ്ങളില്‍ ഏതെങ്കിലും ദേവിയുടെ പാദുകചിഹ്നം പതിഞ്ഞാല്‍...)


അങ്ങനെയുള്ള ഒരു സായംസന്ധ്യയില്‍ രണ്ട് പുതിയ അവതാരങ്ങള്‍ കണ്ണില്‍ പെട്ടു. ഓളപ്പരപ്പിലൂടെ ഒരു ഓട്ടപ്രദക്ഷിണം നടത്തി, അടിസ്ഥാന‍പരമായ ഒരു അവലോകനത്തിനു ശേഷം, കാദര്‍ ഒരു തീരുമാനത്തിലെത്തി, നീല അവനും മഞ്ഞ എനിക്കും. ആവേശാധിക്യമോ, ആക്രാന്തം കൊണ്ടോ എന്തായാലും ആ പ്രസ്താവന അല്പ്പം ഉറക്കെ ആയിപ്പോയി. 2000 വാട്ട്സിന്‍റെ ഹോട്ട് പ്ലേറ്റ് തോറ്റുപോകുന്ന രീതിയില്‍ ദഹിപ്പിക്കുന്ന ഒരു നോട്ടമായിരുന്നു മറുപടി ആയി വന്നത്. ആ പരിസരത്തുണ്ടായിരുന്ന സകലമാന ചരാചരങ്ങളും അതു ശ്രദ്ധിക്കുകയും ചെയ്തു. പൊട്ടിച്ചിരിയുടെ ട്രെയിലറുകള്‍ അങ്ങിങ്ങായി പ്രദര്‍ശനവും തുടങ്ങി.



പെട്ടെന്നുണ്ടായ തിരിച്ചടിയില്‍ സ്വല്‍‌പ്പം ബാക്ക്ഫുട്ടില്‍ ആയെങ്കിലും, ഞങ്ങള്‍ സമചിത്തത വീണ്ടെടുത്ത് കാര്യങ്ങള്‍ അപഗ്രഥിക്കാന്‍ ആരംഭിച്ചു.


ബി. സി. എ വിദ്യാര്‍ഥിനികള്‍ എത്തിയിട്ടില്ല.ഞങ്ങളുടെ ബി.ടെക് സഹപാഠിനികള്‍ ജൂനിയെഴ്സിനു കൊടുക്കുന്നതിലും വളരെ അധികം ബഹുമാനം ഇവര്‍‌ക്ക് കൊടുക്കുന്നുണ്ട്.എന്നാല്‍, എം. സി. എ ചേച്ചിമാരോട് കാണിക്കുന്നത്ര അടുപ്പം ഇല്ല താനും.


മാനം കപ്പലു കയറിക്കഴിഞ്ഞു, ഇനിയിപ്പൊ നഷ്ടപ്പെടാന്‍ കുഛ് നഹി എന്നു മനസ്സിലാക്കിയ ഞങ്ങള്‍ പഞ്ചാരക്കടയില്‍ ഹാജരുണ്ടായിരുന്ന ശ്രീക്കുട്ടിയോട് കാര്യവിവരം തിരക്കി. (ശ്രീക്കുട്ടി സഹ-അലവലാതി സഖ്യത്തിലെ പോളിറ്റ് ബ്യൂറോ മെമ്പര്‍ സ്ഥാനം അലങ്കരിക്കുന്ന ചുരുക്കം പെണ്‍പുലികളില്‍ ഒരാളായിരുന്നു). ശ്രീക്കുട്ടി പറഞ്ഞ വാക്കുകള്‍ പട്ടച്ചാരായം വെള്ളം ചേര്‍ക്കാതെ അടിക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു പ്രതീതിയാണ്‌ എന്‍റെ ഉള്ളില്‍ ജനിപ്പിച്ചത്..




ആ രണ്ട് സുന്ദരിമാര് കോളേജില്‍ പുതുതായി ജോയിന്‍ ചെയ്ത ഗസ്റ്റ് ലെക്‌ചറര്‍മാരായിരുന്നു.
------------------------------------------------------------------------------------------

വാല്‍‌ക്കഷണം

------------ -----
പിറ്റേ ദിവസം മുഴുവനും തലതാഴ്തിപ്പിടിച്ച് മാത്രം കോളേജില്‍ നടന്ന എന്നോട് "സാരമില്ലടോ.. ഇങ്ങനെ ചില കുസൃതികള്‍ ഇല്ലെങ്കില്‍, കോളേജ് ലൈഫിനു എന്താ ഒരു രസം " എന്നു ചോദിച്ച ആ മിസ്സിനോട് ഈയുള്ളവന്‍റെ ആദരവ്‌ പറഞ്ഞറിയിക്കാന്‍ വയ്യാത്തതാണ്‌. "മിസ്സേ, യൂ ആര്‍ സിമ്പ്ലി ഗ്രേറ്റ്.. :) "


Friday, February 8, 2008

പവര്‍ കട്ട്..


"പാപി ചെല്ലുന്നിടം പാതാളം" എന്നാണല്ലോ പഴമൊഴി. അതു അക്ഷരം പ്രതി സത്യമാണെന്നു ഈയുള്ളവന് ബിരുദ പഠനകാലത്ത് ബോധ്യപ്പെട്ടു എന്നു ഇതിനകം എല്ലാ മാന്യ സുഹൃത്തുക്കള്‍‌ക്കും മനസ്സിലായി കാണുമല്ലോ..

അതിലേക്കായി ഒരു ഉദാഹരണം കൂടി സമര്‍‌പ്പിക്കുന്നു!


പാതാളത്തിന്‍റെ വാതില്‍‌പ്പടിക്കല്‍ നില്‍‌ക്കുന്ന സമയം...

ഒന്നാം വര്‍ഷം...

പഠിച്ചു നന്നാവാം എന്ന അഹങ്കാരം ബാക്കി നില്‍‌ക്കുന്ന കാലഘട്ടം.


ഞാന്‍ വളരെ പ്രതീക്ഷയോടെ ഉറ്റുനോക്കിയിരുന്ന ഒരു സംഭവം ആണ് ഇലക്റ്റ്രിക്കല്‍ ലാബ് സെഷന്‍.. കാരണങ്ങള്‍ പലതാണ്‌.


1) മൂന്നു മണിക്കൂര്‍ ക്ലാസ്സില്‍ ഇരുന്നു ബോര്‍ അടിക്കുന്നതിലും വളരെ ഭേദം.എന്തെങ്കിലും ഒക്കെ കുരുത്തക്കേട് കാണിച്ച് സമയം കളയാം..


2) വെള്ളിയാഴ്ച ഉച്ചക്കു ശേഷമായതു കൊണ്ട്, പെട്ടെന്നു ചെയ്തു തീര്‍ത്ത് നേരത്തെ വീടു പിടിക്കാം..


3) പെണ്‍‌കുട്ടികള്‍ ജീന്‍സും കുട്ടി ഷര്‍ട്ടും ധരിച്ചു വരും.. (കണ്ണിനു ഒരു കുളിര്‍‌മ്മ.. സ്ഥിരം ചുരിദാറില്‍ നിന്നൊരു വ്യത്യാസം.. അത്രയെ ഉള്ളു.. ഉള്ളതു കൊണ്ട് ഓണം പോലെ.. )


4) പിന്നെ പണ്ട് അല്ലറ ചില്ലറ പണികള്‍ ചെയ്തുള്ള പ്രവൃത്തി പരിചയത്തിനെ അഹങ്കാരവും.



പതിവുപോലെ കടം മേടിച്ച ടൂള്‍ കിറ്റും, വല്ലവന്‍റേം റെക്കോഡ് ബുക്കും കൈയിലേന്തി ,ഒന്നാം സ്വാതന്ത്ര്യ സമരകാലത്തു പോളീഷ് ചെയ്ത ഷൂസും ധരിച്ച് ലാബിലേക്കു പ്രവേശിച്ചു. അന്നത്തെ പ്രാക്റ്റികല്‍ സ്റ്റെയര്‍ക്കേസ് വയറിംഗ് ആയിരുന്നു. രണ്ട് സ്വിച്ചും ഒരു ബള്‍ബും.. വെറും ചീള്‌ കേസ്.. ഇതൊക്കെ നമ്മള്‍ എത്ര കണ്ടതാ... സര്‍ക്യൂട്ട് ഡയഗ്രം ഒക്കെ മാറ്റി വച്ച്, ഒരു പക്കാ പ്രൊഫഷണല്‍ രീതിയില്‍ ഞാന്‍ വയറിംഗ് ആരംഭിചു. പത്ത് മിനിറ്റില്‍ സംഭവം റെഡിമണി മുണ്ടക്കയം... മായാവിയെ കുപ്പിയലാക്കിയിട്ടു കുട്ടൂസന്‍ നില്‍കുന്ന പോസില്‍ ആത്മവിശ്വാസത്തോടെ ഞാന്‍ പ്രിയ ടീച്ചറെ വിളിച്ചു. ഒരു ഒപ്പ് കിട്ടയാല്‍ സ്ഥലം വിടാമല്ലോ..



പ്രിയടീച്ചര്‍ വന്നു.. സ്വിച്ച് ഓണ്‍ ചെയ്തു.



ഠോ............. എന്നൊരു ഒച്ച!


ഫിലമെന്‍റ് അടിച്ചു പോയ ബള്‍ബ്ബ്..


പുക ഉയരുന്ന സര്‍ക്യൂട്ട് ബോര്‍ഡ്..


പ്രിയ ടീച്ചര്‍ തലക്കു കൈയും കൊടുത്ത്, ഹൃദയത്തില്‍ തട്ടി ഒരു വിളി ആയിരുന്നു! "അശ്വിനേ...."


(ആ വിളിയില്‍ ഒതുങ്ങിയതു ഭാഗ്യം എന്ന് ഇപ്പോള്‍ തോന്നുന്നു..)

വാല്‍‌ക്കഷണം

-----------------
"ലാബിലെയും കോളേജിലെയും സപ്ലൈ പോയതു സഹിക്കാം.. ആലപ്പുഴ ജില്ലയിലെ മൊത്തം കറന്‍റ് അടിച്ചു കളഞ്ഞില്ലേടാ മഹപാപീ" എന്നു ചോദിക്കുന്ന ചിലരെ കണ്ടില്ലെന്നു നടിച്ച് നടന്നു പോവുകയേ നിവൃത്തിയുള്ളു.