Saturday, July 19, 2008

ആറാമിന്ദ്രിയം


അച്ഛനെ കണ്ട് മടങ്ങി വരുന്ന വഴിക്കാണ്‌ നന്ദിനിക്ക് ആദ്യമായി ആ തോന്നല്‍ ഉണ്ടാകുന്നത്.
ആശുപത്രിക്കിടക്കയില്‍ വേദന കടിച്ചമര്‍‌ത്തി, പുഞ്ചിരി തൂകി തന്‍റെ മുഖത്തേക്ക് ഉറ്റു നോക്കുന്ന അച്ഛന്‍റെ മുഖം കണ്ണുകളില്‍ നിന്നു മാഞ്ഞുപോകാന്‍ വിസമ്മതിക്കുന്നു. അച്ഛന്‍റെ ശോഷിച്ച കൈകള്‍ തന്നെ തലോടിയപ്പോള്‍, ആ കണ്ണുകളിലെ വാത്സല്ല്യവും അതിനു പിന്നില്‍ പുറത്തേക്കൊഴുകാന്‍ മടിച്ചുനില്‍ക്കുന്ന കണ്ണുനീരും കാണാന്‍ കരുത്തില്ലാതെ കണ്ണുകള്‍ ഇറുക്കിയടച്ചാതായിരുന്നു താന്‍.
എങ്കിലും ആ മുഖം താന്‍ വളരെ വ്യക്തമായി കാണുകയായിരുന്നു.
കണ്‍പോളകള്‍ക്ക് എന്നും ചെയ്യാറുള്ളതുപോലെ കൃഷ്ണമണികള്‍‌ക്കു മുന്നില്‍ ആശ്വാസത്തിന്‍റെ മൂടുപടം വിരിക്കാന്‍ കഴിയുന്നില്ലായിരുന്നു.
സ്വാര്‍ത്ഥമായ ഒരു ചോദ്യമെന്നോണം ആണ്‌ താന്‍ കണ്ണടച്ചതെന്ന് അവള്‍‌ക്ക് തോന്നി. അതിനുള്ള മറുപടി ആയിരിക്കും ഒരു പക്ഷേ അടഞ്ഞ മിഴികളിലേക്കും ഇറങ്ങി വന്ന അച്ഛന്‍റെ മുഖം എന്ന്‍ ആശ്വസിക്കുകയായിരുന്നു അവള്‍.
-
പതിവിലും വളരെയധികം ക്ഷീണിതയായിരുന്നു നന്ദിനി.മുറിയിലെ നിലക്കണ്ണാടിയില്‍ പ്രതിഫലിക്കുന്ന രൂപം തന്‍റേതു തന്നെയോ എന്ന് അവള്‍ക്ക് സംശയം തോന്നി.കവിളുകള്‍ ഒട്ടിക്കിടക്കുന്നു.കണ്ണുകളില്‍ ശൂന്യത മാത്രം.തൊട്ടിലില്‍ കിടന്നു കരയുന്ന മകനെ വാരിയെടുത്ത് പുണരാന്‍ പോലും ശേഷിയില്ലാതെ ആയിരിക്കുന്നു തനിക്ക്. സ്വന്തം കുഞ്ഞിന്‍റെ കരച്ചില്‍ പോലും അസഹനീയമായി തോന്നുന്നു. അവനെ ചെന്നെടുത്ത് നെറ്റിയില്‍ ഒരു മുത്തം കൊടുകുന്നതിനു പകരം രണ്ടു കൈകളും കൊണ്ട് കാതുകള്‍ പൊത്തുകയാണ്‌ നന്ദിനി ചെയ്തത്. ഏതോ അദൃശ്യമായ ശക്തിയുടെ പ്രേരണ മൂലമാണ് താനിത് ചെയ്യുന്നത് എന്ന് നന്ദിനി കരുതിയെങ്കിലും, തന്‍റെ മനസ്സില്‍ താന്‍ തന്നെ നെയ്തു കൂട്ടിയ ചിന്തകളുടെ ഒരംശം തന്നെ ആണ്‌ ആ പ്രേരണ എന്നു ഒരു ഭയപ്പാടോടെ അവള്‍ മനസ്സിലാക്കുകയായിരുന്നു.
അത്ഭുതമെന്നോണം അവളുടെ കൈകളുടെ മതില്‍ക്കെട്ടുകള്‍‌ക്കും ആ ശബ്ദത്തെ തടയാന്‍ കഴിഞ്ഞില്ല.
അതേ വ്യക്തതയോടെ നന്ദിനിയുടെ ചെവികളില്‍ വന്ന് അലയ്ക്കുകായിരുന്നു അവളുടെ പൊന്നോമനയുടെ തളര്‍ന്ന സ്വരം.
-
ഇതെല്ലാം ഒരു സ്വപ്നമാണെന്നും ഒരു നനുത്ത തലോടലേറ്റ് ഉറക്കത്തില്‍ നിന്നുണരുമ്പോള്‍ എല്ലാം ശാന്തമാകും എന്ന് വിശ്വസിക്കാന്‍ കിണഞ്ഞ് ശ്രമിക്കുകയായിരുന്നു നന്ദിനി.
ആ തലോടലേല്‍ക്കാന്‍ അവള്‍ കൊതിച്ചു.
ആറു മാസത്തിനു മേല്‍ ആയിരിക്കുന്നു അനന്തുവുമായി അകന്ന് താമസിക്കാന്‍ തുടങ്ങിയിട്ട്. സ്നേഹത്തിന്‍റെ നൂലിഴയില്‍ തന്‍റെ ഇഴപൊട്ടിത്തുടങ്ങിയ ജീവിതത്തെ വീണ്ടും കോര്‍‌ത്തിണക്കും എന്ന് താന്‍ കരുതിയ അനന്തു, സ്നേഹം മറ്റു പല ലഹരികള്‍‌ക്കും വഴിമാറിയപ്പോള്‍ തന്നെ വിട്ടകലുകയായിരുന്നു.
രാത്രിയില്‍ ലക്കുകെട്ട് വരുന്ന അനന്തുവിന്‍റെ അവ്യക്തമായ വാക്കുകളില്‍ തിങ്ങി നിന്ന മദ്യത്തിന്‍റെയും, ശരീരത്തില്‍ പറ്റിപ്പിടിച്ച മറ്റാരുടെയോ വിയര്‍‌‌പ്പിന്‍റെയും മനം മടുപ്പിക്കുന്ന ഗന്ധം നന്ദിനിക്ക് ഒരിക്കല്‍ കൂടി അനുഭവപ്പെടുകയായിരുന്നു. എത്ര ശ്വാസം അടക്കിപ്പിടിച്ചിട്ടും അതില്‍ നിന്നു രക്ഷപ്പെടാന്‍ അവള്‍‌ക്ക് കഴിഞ്ഞില്ല.
അസഹനീയമായ ആ ഗന്ധത്തിന്‍റെ രൂക്ഷതയില്‍ അവള്‍‌ക്ക് ബോധം നഷ്ടപ്പെടുകയായിരുന്നു.
-
രാത്രിയുടെ ഇരുളില്‍ ഞെട്ടിയുണര്‍ന്ന നന്ദിനി മരം കോച്ചുന്ന തണുപ്പിലും വിയര്‍‌ക്കുകയായിരുന്നു.
എന്തെന്നില്ലാത്ത ദാഹം.
മണ്‍‌കൂജയില്‍ നിന്നു ഒരു ഗ്ലാസ്സ് വെള്ളം പകര്‍‌ന്ന് ചുണ്ടോടടുപ്പിച്ച നന്ദിനിയുടെ നാവില്‍ പടര്‍ന്നത് വെള്ളത്തിന്‍റെ നിഷ്ക്രിയത ആയിരുന്നില്ല.മറിച്ച് കുട്ടിക്കാലത്ത് ഏട്ടന്‍റെ കൈവിരലില്‍ തൂങ്ങി സ്കൂളില്‍ നിന്നു തിരികെ വരുമ്പോള്‍, കവലയിലെ കടയില്‍ നിന്ന് ഏട്ടന്‍ വാങ്ങിത്തരുന്ന നാരങ്ങാനീരിന്‍റെ സ്വാദായിരുന്നു.
പുളിപ്പില്‍ ഒളിഞ്ഞിരിക്കുന്ന മധുരം.
ഒരു വര്‍‌ഷകാലരാത്രിയിലെ കുത്തൊഴുക്കില്‍ തന്നെ വിട്ടുപിരിഞ്ഞ ഏട്ടന്‍റെ സ്നേഹത്തിന്‍റെ മധുരം.
ഹൃദയത്തിലെ തടവറയില്‍ ചങ്ങലയിട്ട് വരിഞ്ഞ ഓര്‍മ്മകളില്‍ ഒരു നീറ്റലായി ആ മധുരം വീണ്ടും പടരുന്നത് അവള്‍‌ക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.
-
തന്‍റെ ഇടുങ്ങിയ മുറിയുടെ ചുവരുകള്‍‌ക്കുള്ളില്‍ ശ്വാസം മുട്ടുകയായിരുന്നു നന്ദിനിക്ക്.
തുറസ്സായ ഒരു ഇടം തേടി ആ തണുത്ത രാത്രിയില്‍ എല്ലം മറന്ന് അവള്‍ നടന്നു, ആകാശത്തോട് സല്ലപിക്കുന്ന സ്വപ്നഗിരിയുടെ നിറുകയിലേക്ക്. മലമുകളിലെ തണുത്ത കാറ്റിന്‍റെ സ്പര്‍ശനമേറ്റപ്പോള്‍ അവളുടെ സിരകളിലേക്ക് തീക്ഷ്ണമായ ഒരു ചൂട് ഇരച്ചു കയറി.വര്‍ഷങ്ങള്‍‌ക്ക് മുന്‍പ് താന്‍ ജീവനുതുല്ല്യം സ്നേഹിച്ചിരുന്ന തന്‍റെ കാമുകന്‍.പക്ഷേ അയാള്‍ക്ക് തന്‍റെ ശരീരത്തിനപ്പുറം മറ്റൊന്നും കാണാന്‍ കഴിഞ്ഞിലായിരുന്നു എന്ന് അവള്‍ വേദനയോടെ ഓര്‍ക്കുകയായിരുന്നു.
ആ നിമിഷം അയാളുടെ ആലിംഗനത്തിന്‍റെ തീവ്രത നന്ദിനിയില്‍ കത്തിപ്പടര്‍‌ന്നു.
തന്‍റെ ശരീരത്തിന്‍റെ ഓരോ കണികയിലും തിരമാലകണക്ക് ആഞ്ഞടിക്കുന്ന ഒരായിരം സ്പര്‍ശനങ്ങളും ചുംബനങ്ങളും അവളുടെ മനസ്സിന്‍റെ താളം തെറ്റിച്ചു.
സമചിത്തത വീണ്ടെടുക്കാന്‍ ശ്രമിക്കുന്ന നന്ദിനി നൈമിഷികമായ സുഖത്തിലേക്കും പിന്നെ പേടിപ്പെടുത്തുന്ന ആലസ്യത്തിലേക്കും വഴുതി വീഴുകായിരുന്നു.
-
തന്‍റെ മനസ്സ് തന്നെ പരാജയപ്പെടുത്തുന്നു എന്ന അസ്വസ്ഥമായ തിരിച്ചറിവിനൊടുവില്‍ തനിക്കു വിജയിച്ചേ മതിയാകൂ എന്ന് തീര്‍ച്ചപ്പെടുത്തുകയായിരുന്നു നന്ദിനി.
മലമുകളില്‍ നിന്നും മേഘക്കീറുകളിലൂടെ ഊളിയിട്ട് താഴ്വാരത്തിലെ പുല്‍‌പ്പരപ്പിലേക്ക് ഒരു അപ്പുപ്പന്‍ താടി പോലെ സ്വയമറിഞ്ഞോ അറിയാതെയോ അവള്‍ പറന്നിറങ്ങി.
ഹൃദയത്തിന്‍റെ സ്പന്ദനം ചിറകു വച്ച കുതിരകളുടെ കുളമ്പടിയൊച്ചകള്‍‌ക്ക് വഴിമാറുമ്പോള്‍ തന്നെ വിടാതെ പിന്തുടര്‍‌ന്ന അസ്വസ്ഥത അവള്‍‌ക്ക് സാന്ത്വനമാകുകയായിരുന്നു.

അവളുടെ മേനിയില്‍ പുല്‍നാമ്പുകളുടെ തലോടല്‍ ഇക്കിളിയാക്കി.
അവളുടെ നാവില്‍ മഞ്ഞുതുള്ളികലള്‍ തേന്‍ കിനിച്ചു.
അവളുടെ ശ്വാസത്തില്‍ പൂക്കളുടെ സുഗന്ധം പടര്‍ന്നിറങ്ങി.
അവളുടെ കാതുകളില്‍ കാട്ടരുവിയുടെ സ്വരം നിറഞ്ഞു നിന്നു.
അവളുടെ കണ്ണുകളില്‍ നക്ഷത്രങ്ങളുടെ ദ്യുതി പ്രതിഫലിച്ചു.
---