Wednesday, February 27, 2008

ഒരു കലാകാരന്‍റെ ധര്‍മ്മസങ്കടം


വായിനോട്ടം ഒരു കലയാണ്‌.


ആസ്വാദനം ഒരു കലാരൂപമാണെന്ന അടിയുറച്ച വിശ്വാസത്തില്‍ നിന്നാണ് ഈയുള്ളവന്‌ ലോകത്തിന്‍റെ ഗതിയെത്തന്നെ മാറ്റിമറിക്കാന്‍ പോന്ന മേല്‍‌പ്പറഞ്ഞ ആശയം മുന്നോട്ട് വയ്ക്കാന്‍ ധൈര്യം കിട്ടുന്നത്. സൗന്ദര്യാരാധനയുടെ സോഷ്യലിസ്റ്റ് പ്രതിരൂപം എന്ന നിലയ്ക്കു വേണം നാം വായിനോട്ടത്തെ കാണാന്‍. ചിത്രകല, ശില്പകല തുടങ്ങിയ പെറ്റി ബൂര്‍ഷ്വാ സൗന്ദര്യസങ്കല്‍‌പ്പ വിചാരധാരകളില്‍ നിന്ന് വിട്ടുമാറി, ചിന്താക്കുഴപ്പം ഉളവാക്കുന്ന ആശയ-സിദ്ധാന്ത പ്രക്രിയകളെ തട്ടിയകറ്റി സ്വന്തമായി നിലകൊള്ളുന്ന പ്രതിഭാസം. സാധാരണക്കാരില്‍ സാധാരണക്കാരനായ മനുഷ്യന്‍റെ സര്‍‌ഗ്ഗശക്തിയെയും സൗന്ദര്യബോധത്തെയും ഉല്‍‌ബോധിപ്പിക്കുന്ന, അനന്ത സാധ്യതകള്‍ ഉള്‍‌കൊള്ളുന്ന മഹത്തായ ആ കലയില്‍ ഈയുള്ളവന്‍റെ സംഭാവനയെക്കുറിച്ചാകട്ടെ ഇന്നത്തെ കുറിപ്പ്.



കലയുടെ ആലയമാണല്ലോ കലാലയം. ഈയുള്ളവന്‍റെ കലാലയ ജീവിതത്തിലെ കലാപരമായ ലീലാവിലാസങ്ങളുടെ ആഴവും പരപ്പും മുന്‍പ് കുറിച്ചിട്ട വങ്കത്തരങ്ങളിലൂടെ മാന്യ വായനക്കാര്‍ ഒരു പരിധി വരെ എങ്കിലും മനസ്സിലാക്കിയിരിക്കും എന്നു വിശ്വസിക്കട്ടെ. ആ നാലു വര്‍‌ഷങ്ങളില്‍, വായിനോട്ടം എന്ന കലയെ പരിപോഷിപ്പിക്കാന്‍ ഈയുള്ളവനും സഹ-കലാകരന്‍ കാദറുകുട്ടിയും വളരെയധികം പ്രയത്‌നിച്ചിരുന്നു എന്നു എടുത്തു പറയേണ്ട ആവശ്യം ഇല്ലല്ലോ.

ആഗസ്റ്റ് സെപ്റ്റംബര്‍ മാസങ്ങള്‍ അക്ഷരാര്‍‌ത്ഥത്തില്‍ തന്നെ "ചാകര" മാസങ്ങള്‍ ആയിരുന്നു. വിദ്യയോടുള്ള ആര്‍ത്തിയുമായി പുതിയ വിദ്യാര്‍ത്ഥി(നി)കള്‍ കോളേജിലേക്ക് കൂട്ടമായി പറന്നണയുന്ന സുന്ദരങ്ങളായ അറുപത് ദിനങ്ങള്‍... ഇങ്ങനെ വരുന്ന വിദ്യാര്‍ത്ഥിനികള്‍‌ക്ക് അഭയവും താങ്ങും തണലും കിടപ്പാടവും എല്ലാമായി വിളങ്ങിനിന്നിരുന്ന നാടിന്‍റെ ഐശ്വര്യമായ ലേഡീസ് ഹോസ്റ്റല്‍ ഞങ്ങള്‍ താമസിച്ചിരുന്ന വീടിന്‍റെ ഒരു പ്ലോട്ട് അകലെ മാറി ആയിരുന്നു സ്ഥിതി ചെയ്തിരുന്നത്. വൈകിട്ട് ആറ് മണിയോടടുപ്പിച്ച് വീടിന്‍റെ തെക്കു വശത്തുള്ള വരാന്തയില്‍, കൈയില്‍ പുസ്തകവുമേന്തി (ചുമ്മാ ഒരു ജാടക്ക്, വല്ല നാനയോ വെള്ളിനക്ഷത്രമോ ആയാലും മതി) ഇരിപ്പുറപ്പിക്കുന്നത് ഈ സമയത്തെ പതിവ് ദിനചര്യ ആയിരുന്നു. ഹോസ്റ്റലില്‍ നിന്നും അമ്പലത്തിലേക്ക് പ്രവഹിക്കുന്ന സുന്ദരിമാരെ കാണാന്‍ അതിലും മികച്ച ഒരു വാച്ച് പോയിന്‍റ് ഭൂമി മലയാളത്തില്‍ വേറേ ഉണ്ടോ എന്നു സംശയമാണ്‌.


കുളിച്ച് സുന്ദരിക്കുട്ടപ്പികളായി അമ്പലത്തിലേക്ക് തരുണീമണികള്‍ നടന്നു നീങ്ങുമ്പോള്‍ തന്നെ, പുതിയ കുറ്റികളെ (അക്ഷരപ്പിശകല്ല, കുറ്റികള്‍ എന്നു തന്നെ ആണ്‌ ഉദ്ദേശിച്ചിരിക്കുന്നത്. മനസ്സിലാക്കുന്നവര്‍ മനസ്സിലാക്കട്ടെ) ഈയുള്ളവനും കാദറും കൂടെ നോട്ടമിട്ടു വയ്ക്കും. അവര്‍ തിരിച്ചു വരാറായി എന്ന് ഏകദേശം ഉറപ്പാകുന്ന സമയത്ത്, ഹോസ്റ്റലിന്‍റെ ഗേയിറ്റിനു മുന്നില്‍ തന്നെയുള്ള പഞ്ചാരക്കടയിലേക്ക് നീങ്ങും. "ഒരു നോക്കു (നല്ലോണം) കാണാന്‍ , ഒരു വാക്ക് (ചീത്തയായാലും മതി) കേള്‍‌ക്കാന്‍, ഒരുമിച്ചാ ദുഃഖത്തില്‍ പങ്കു ചേരാന്‍ (??? കവികള്‍‌ക്ക് ഭാവന കുറവാണോ?) ...".


പിന്നെ ബാക്കി കലാരചന അവിടെയിരുന്നാണ്. കച്ചേരിക്കു പക്കമേളം പോലെയാണ്‌ , വായിനോട്ടത്തിന്‌ അല്ലറ ചില്ലറ കമന്‍റ് അടി. എങ്കിലും സഭ്യതയുടെ അതിര്‍‌വരമ്പുകള്‍‌ക്ക് ഉള്ളില്‍ നില്‍‌ക്കുന്നതും, മൃദുലവികാരങ്ങളെ യാതൊരു വിധത്തിലും വ്രണപ്പെടുത്താത്ത നിരുപദ്രവകാരികളായ കമന്‍റുംകള്‍ മാത്രമേ ഉപയോഗിച്ചിരുന്നുള്ളൂ എന്നത് ഈയവസരത്തില്‍ എടുത്ത് പറയാന്‍ ആഗ്രഹിക്കുന്നു. ഇത്തരം ചെറിയ പ്രസ്താവനകള്‍ ഞങ്ങളുടെ പ്രിയപ്പെട്ട സഹപാഠിനികള്‍ ഒരളവു വരെ സസന്തോഷം ആസ്വദിച്ചിരുന്നു എന്നതും വാസ്തവമാണ്‌. സഹജീവനത്തിന്‌ മറ്റൊരു മാതൃക. കാക്കയുടെ വിശപ്പാണല്ലോ പശുവിന്‍റെ സ്കിന്‍ ലോഷന്‍...മേല്‍‌പ്പറഞ്ഞ വിഭാഗങ്ങളില്‍ പെടാത്ത കമന്‍റുകള്‍ സ്വകാര്യ സംഭാഷണങ്ങളില്‍ ഒതുങ്ങി നിന്നിരുന്നു. (നെഞ്ചത്തേറ്റ ചവിട്ട് ഭഗവാനു അലങ്കാരമായി കൊണ്ടു നടക്കാം, അതു പോലെ ആവില്ലല്ലോ എന്‍റെ ശ്യാമകപോലങ്ങളില്‍ ഏതെങ്കിലും ദേവിയുടെ പാദുകചിഹ്നം പതിഞ്ഞാല്‍...)


അങ്ങനെയുള്ള ഒരു സായംസന്ധ്യയില്‍ രണ്ട് പുതിയ അവതാരങ്ങള്‍ കണ്ണില്‍ പെട്ടു. ഓളപ്പരപ്പിലൂടെ ഒരു ഓട്ടപ്രദക്ഷിണം നടത്തി, അടിസ്ഥാന‍പരമായ ഒരു അവലോകനത്തിനു ശേഷം, കാദര്‍ ഒരു തീരുമാനത്തിലെത്തി, നീല അവനും മഞ്ഞ എനിക്കും. ആവേശാധിക്യമോ, ആക്രാന്തം കൊണ്ടോ എന്തായാലും ആ പ്രസ്താവന അല്പ്പം ഉറക്കെ ആയിപ്പോയി. 2000 വാട്ട്സിന്‍റെ ഹോട്ട് പ്ലേറ്റ് തോറ്റുപോകുന്ന രീതിയില്‍ ദഹിപ്പിക്കുന്ന ഒരു നോട്ടമായിരുന്നു മറുപടി ആയി വന്നത്. ആ പരിസരത്തുണ്ടായിരുന്ന സകലമാന ചരാചരങ്ങളും അതു ശ്രദ്ധിക്കുകയും ചെയ്തു. പൊട്ടിച്ചിരിയുടെ ട്രെയിലറുകള്‍ അങ്ങിങ്ങായി പ്രദര്‍ശനവും തുടങ്ങി.



പെട്ടെന്നുണ്ടായ തിരിച്ചടിയില്‍ സ്വല്‍‌പ്പം ബാക്ക്ഫുട്ടില്‍ ആയെങ്കിലും, ഞങ്ങള്‍ സമചിത്തത വീണ്ടെടുത്ത് കാര്യങ്ങള്‍ അപഗ്രഥിക്കാന്‍ ആരംഭിച്ചു.


ബി. സി. എ വിദ്യാര്‍ഥിനികള്‍ എത്തിയിട്ടില്ല.ഞങ്ങളുടെ ബി.ടെക് സഹപാഠിനികള്‍ ജൂനിയെഴ്സിനു കൊടുക്കുന്നതിലും വളരെ അധികം ബഹുമാനം ഇവര്‍‌ക്ക് കൊടുക്കുന്നുണ്ട്.എന്നാല്‍, എം. സി. എ ചേച്ചിമാരോട് കാണിക്കുന്നത്ര അടുപ്പം ഇല്ല താനും.


മാനം കപ്പലു കയറിക്കഴിഞ്ഞു, ഇനിയിപ്പൊ നഷ്ടപ്പെടാന്‍ കുഛ് നഹി എന്നു മനസ്സിലാക്കിയ ഞങ്ങള്‍ പഞ്ചാരക്കടയില്‍ ഹാജരുണ്ടായിരുന്ന ശ്രീക്കുട്ടിയോട് കാര്യവിവരം തിരക്കി. (ശ്രീക്കുട്ടി സഹ-അലവലാതി സഖ്യത്തിലെ പോളിറ്റ് ബ്യൂറോ മെമ്പര്‍ സ്ഥാനം അലങ്കരിക്കുന്ന ചുരുക്കം പെണ്‍പുലികളില്‍ ഒരാളായിരുന്നു). ശ്രീക്കുട്ടി പറഞ്ഞ വാക്കുകള്‍ പട്ടച്ചാരായം വെള്ളം ചേര്‍ക്കാതെ അടിക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു പ്രതീതിയാണ്‌ എന്‍റെ ഉള്ളില്‍ ജനിപ്പിച്ചത്..




ആ രണ്ട് സുന്ദരിമാര് കോളേജില്‍ പുതുതായി ജോയിന്‍ ചെയ്ത ഗസ്റ്റ് ലെക്‌ചറര്‍മാരായിരുന്നു.
------------------------------------------------------------------------------------------

വാല്‍‌ക്കഷണം

------------ -----
പിറ്റേ ദിവസം മുഴുവനും തലതാഴ്തിപ്പിടിച്ച് മാത്രം കോളേജില്‍ നടന്ന എന്നോട് "സാരമില്ലടോ.. ഇങ്ങനെ ചില കുസൃതികള്‍ ഇല്ലെങ്കില്‍, കോളേജ് ലൈഫിനു എന്താ ഒരു രസം " എന്നു ചോദിച്ച ആ മിസ്സിനോട് ഈയുള്ളവന്‍റെ ആദരവ്‌ പറഞ്ഞറിയിക്കാന്‍ വയ്യാത്തതാണ്‌. "മിസ്സേ, യൂ ആര്‍ സിമ്പ്ലി ഗ്രേറ്റ്.. :) "


No comments: