
മേല്‍പ്പറഞ്ഞതിനു തെളിവെന്നോണം ഈ കുറിപ്പ്...
ഇത്തവണ ഈയുള്ളവന്റെ കാലചക്രം ഉരുണ്ട് ചെന്നു നില്‍ക്കുന്നത് പ്ലസ് റ്റൂ കാലഘട്ടത്തിലാണ്. അത്യാവശ്യം നല്ല ശീലങ്ങള്‍ വാതില്‍പ്പടിക്കല്‍ മുട്ടി തുടങ്ങിയ സമയം. ഗാന്ധിജിയുടെ വീക്ഷണത്തില്‍ നിന്ന് ഉരുത്തിരിഞ്ഞ സ്വാശ്രയം, സ്വയം പര്യാപ്തം എന്നീ ആശയങ്ങള്‍ ജീവിത്തത്തില്‍ പകര്‍ത്തി തുടങ്ങിയ കാലഘട്ടം. വീട്ടില്‍ നിന്ന് വട്ടചിലവ്, കുരുട്ട് പരിപാടികള്‍ എന്നിവയ്ക്ക് കാശ് മേടിക്കാന്‍ പറ്റില്ല എന്ന അവസ്ഥയില്‍ കണ്ടു പിടിച്ച ഒരു ഉപായമായിരുന്നു പാര്‍ട്ട് ടൈം ജോബ്.
അന്ന് നാട്ടിലെ എന്റെ സുഹൃത്തുക്കളില്‍ അഗ്രഗണ്യരായ ചില തലമൂത്തവര്‍ ചേര്‍ന്ന് ഒരു സ്ഥാപനം നടത്തിപ്പോന്നിരുന്നു. സ്ഥാപനം എന്നു പേരിട്ട് വിളിക്കാന്‍ മാത്രമൊന്നും ഇല്ലെങ്കില്‍ സാമാന്യം വരുമാനം കിട്ടുന്ന പരിപാടി ആയിരുന്നു. ഇലക്ക്ട്രിക്കല്‍ വയറിംഗ്, പ്ലമ്പിംഗ്, പെയിന്റിംഗ് എന്നിങ്ങനെ പല മേഖലകളില്ആയി ബ്രദേഴ്സ് കണ്‍സള്‍ട്ടന്‍സിയുടെ സേവനം വ്യാപിച്ചു കിടന്നിരുന്നു. ആ സ്ഥാപനത്തില്‍ ആയിരുന്നു തൊഴില്‍ മേഖലയിലേക്കുള്ള ഈയുള്ളവന്റെ കന്നി കാല്‍വയ്പ്പ്.
തുടക്കത്തില്‍ പെയിന്റ് പാട്ട തുറക്കല്‍, ചുമരില്‍ നിന്ന് പായല്‍ ഇളക്കി കളയല്‍, അതെടുത്ത് ഇവിടെ കൊടുക്കല്‍, ഇതു ചുമന്ന് അങ്ങോട്ട് മാറ്റല്‍ തുടങ്ങിയ അപ്രന്റീസ് പണികള്‍ ആയിരുന്നു. എങ്കിലും കിട്ടുന്ന കൂലിക്ക് ആത്മാര്‍ഥമായി തന്നെ ഈയുള്ളവന് പണി ചെയ്തു പോന്നു. ഈ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നതു കൊണ്ടുള്ള മറ്റൊരു നേട്ടം, വളഞ്ഞ വഴിക്ക് വന്നു ചേരുന്ന സമ്പാദ്യം വലിപ്പച്ചെറുപ്പ ഭേദമന്യേ, കൃത്യമായി പങ്ക് വചു പോന്നിരുന്നു എന്നതാണ്. എസ്റ്റിമേറ്റ് കൂട്ടി എഴുതി കിട്ടുന്നതും, ഡീലറിനോടുള്ള ഡീലിംഗ് വച്ച് ബില്‍ ഡീറ്റെയില്‍ ചെയ്തുണ്ടാക്കുന്ന ഡീലുകളും, രാത്രിബത്തയും എല്ലാം കൂടിയാകുമ്പോള്‍ നാലു പേരുടെ മുന്നില്‍ പറയാന്‍ നാണക്കേട് തോന്നാത്ത ഒരു തുക കൈയില്‍ വന്നു ചേരുമായിരുന്നു.
അങ്ങനെ ഇരിക്കെ ഒരു മെയ്മാസപ്പുലരിയില്‍ ഈയുള്ളവന്റെ സ്വപ്നസാക്ഷാത്കാരമെന്നോണം അപ്രന്റീസ് പണി അല്ലാത്ത ഒരു ഫുള്‍ ലെംഗ്ത് അസൈന്മെന്റ് കൈയില്‍ വന്നു ചാടി. ബാക്കി ചേട്ടന്മാര് "ഫുള്‍" അടിക്കാന്‍ പോയതുകൊണ്ടും, ഏറ്റവും എളുപ്പം പരിപാടികളില്‍ ഒന്നായ ബാനര്‍ എഴുത്തായതുകൊണ്ടും കൂടി ആവാം, സത്യന് ഭായ് സംഭവം എന്നെ ഏല്‍പ്പിച്ചു. പുതുതായി തുടങ്ങുന്ന ഇംഗ്ലീഷ് മീഡിയം സ്കൂളിനു വേണ്ടി ഒരു പത്ത് ബാനര്‍ എഴുതി ഉണ്ടാക്കുക, അത്ര തന്നെ. മാറ്ററും തുണിയും പെയിന്റും കൈയില്‍ ഏല്‍പ്പിച്ച്, വൈകുന്നേരത്തിനകം സംഭവം റെഡി ആക്കിയാല്‍ "സ്പെഷല്‍ ക്വോട്ട" തരാം എന്ന വാഗ്ദാനവും തന്ന് പുള്ളിയും പതുക്കെ സോഡയും അന്വേഷിച്ച് പുറപ്പെട്ടു.
വീണു കിട്ടിയ സുവര്‍ണ്ണാവസരം ഒരിക്കലും പാഴാകരുതല്ലോ എന്നു കരുതി, ആത്മാര്‍ത്ഥമായി തന്നെ ഞാന്‍ ബാനര്‍ എഴുത്ത് ആരംഭിച്ചു. വൈകുന്നേരം ആറു മണിയോടെ സംഭവം റെഡി.
റോഡ് സൈഡിലും കവലയിലും ഒക്കെ വലിച്ചു കെട്ടന്‍ ബാനര്‍ കെട്ട് കുമാറ്ജിയുടെ കൈയില്‍ ഏല്പിച്ച് "സ്പെഷല്‍ ക്വോട്ട" സ്വപ്നം കണ്ട് ഈയുള്ളവന് വീട്ടിലെത്തി അത്താഴം ഒക്കെ കഴിഞ്ഞ് റ്റി.വി. യും കണ്ട് ഇരിക്കുമ്പോളാണ് സത്യന് ഭായിയുടെ വരവ്. ഹര്ഭജന് സിംഗിനെ കണ്ട സൈമണ്ട്സിനെപ്പോലെ കോപാക്രാന്തനായി വരുന്ന സത്യന് ഭായിയെ കണ്ടപ്പൊ ഞാന്‍ ഒന്നു ഞെട്ടി. പോരാത്തതിനു ഞാന്‍ എഴുതിയ ബാനറുകളും കൊണ്ടാണൂ പുള്ളിയുടെ വരവ്.
വന്നു കേറിയതും ഒറ്റ ചോദ്യമായിരുന്നു... "ഡാ..... ആരാടാ നിന്നെ എഴുത്തും വായനേം പടിപ്പിച്ചത്?? ഡാ.. എവിടെടാ??? "
കിലുക്കത്തിനെ ഇന്നസെന്റിനെപ്പോലെ "ഡാന്നാ...... " എന്നു ചോദിക്കണം എന്നുണ്ടായിരുന്നെങ്കിലും സംഗതിയുടെ കിടപ്പു വശം മനസ്സിലാകാഞ്ഞതു കൊണ്ട് ഞാന്‍ വിനയാന്വിതനായി മാത്രം ചോദിച്ചു.. "എന്ത് എവിടെടാന്ന ഭായ്?? "
ബാനര്‍ നിവര്‍ത്തി കാണിച്ചു കൊണ്ട് കോപം നിയന്ത്രിക്കാന്‍ പാടു പെടുന്ന സത്യന് ഭായ് പറഞ്ഞു "ഡ .. എവിടേന്നു തന്നെ... നീ എന്നെ ജീവിച്ചു പോകാന്‍ സമ്മതിക്കില്ല അല്ലേ... ഇനി ആ സ്കൂള്‍ മാനേജര്‍ എന്നെ വിളിക്കാന്‍ തെറിയൊന്നും ബാക്കി ഇല്ല.."
ബാനറിലെ വാക്കുകള്‍ കണ്ട് ഞാനും ഒന്നു ഞെട്ടി.
"ശ്രീ ശങ്കരാ (ഇംഗ്ലീഷ് മീഡിയം) എയ്ഡ്സ്കൂള്‍
അഡ്മിഷന് ആരംഭിച്ചിരിക്കുന്നു...""
എയ്ഡഡ് സ്കൂള്‍" എന്നതിലെ ഒരു "ഡ" കാണാനില്ല തന്നെ...
എയ്ഡ്സിന്റെ സ്കൂള്‍ ആണോ നടത്തുന്നത് എന്നറിയാന്‍ ഫോണ്‍ ചെയ്ത ചില വിരുതന്മാരോടുള്ള ദേഷ്യം മാനേജര്‍ സത്യന് ഭായിയോട് തീര്‍ത്തതിനെ ഞാന്‍ ഒരിക്കലും കുറ്റം പറയില്ല.
-----------------------------------------------------------------------------------
വാല്‍ക്കഷണം
---------------
വര്‍ഷങ്ങള്‍ക്കു ശേഷം കോളെജ് മാഗസിന് എഡിറ്റോറിയല്‍ ബോര്‍ഡ് മെംബര്‍ ആയപ്പോള്‍ പ്രൂഫ് റീഡിംഗിനു ഈയുള്ളവന്റെ മുന്നില്‍ വന്ന ഓരോ കൃതികള്‍ വായിക്കുമ്പോഴും മനസ്സില്‍ ഈ സംഭവം തങ്ങി നിന്നിരുന്നു.