
വെളിച്ചത്തിനു നിറങ്ങള്‍ പലതുണ്ട്.
ഇക്കരെയുള്ളവന്‍റെ ദാഹം തീര്‍ക്കുവാന്‍
അക്കരെയുള്ളവന്‍റെ നെഞ്ചു കീറി
നീയും ഞാനുമൊഴുക്കുന്ന
ചോരയുടെ ചുവപ്പ്.
വെടിമരുന്നിന്‍റെ ഗന്ധം നിറയുന്ന
മഞ്ഞുരുകിയ താഴ്വാരങ്ങളില്‍
കരിഞ്ഞുതീരാന്‍ വിസമ്മതികുന്ന
പുല്‍ക്കൊടികളുടെ പച്ചപ്പ്.
മേഘപാളികള്‍കിടയില്‍ മറഞ്ഞിരുന്ന്
ഒളിയമ്പെയ്യുന്ന വേടന്മാര്‍
പങ്കിട്ടെടുത്ത് അതിരുകള്‍ തിരിച്ച
ആകാശത്തിന്‍റെ നീലിമ.
ഇരുട്ടിനു നിറമൊന്നേയുള്ളു.
പരിഭവമില്ലാതെ
പക്ഷപാതമില്ലാതെ
എല്ലാം ഉള്‍കൊള്ളുന്ന കറുപ്പിന്‍റെ നിസ്സംഗത.
-------------------------------------------------
ശരികള്‍ ആയിരമുണ്ട്.
കവലകളില്‍ യുക്തിയെ നിഷ്പ്രഭമാക്കി
നേര്‍വഴി കാട്ടുന്ന
ചൂണ്ടുപലകള്‍.
നിയമത്തിന്‍റെ വര്‍ണ്ണക്കടലാസില്‍ പൊതിഞ്ഞ
സാമൂഹ്യനീതിയുടെ
പൊന്‍വിലങ്ങുകള്‍.
കയ്യൂക്കും തിണ്ണമിടുക്കും
ഉല്പത്തിയുടെ മന്ത്രങ്ങളെന്നുദ്ഘോഷിക്കുന്ന
ശാസ്ത്രങ്ങള്‍.
തെറ്റൊന്നേയുള്ളു.
തലയോടിന്നടിയില്‍
എല്ലിന്‍ കഷണങ്ങള്‍ തീര്‍ക്കുന്ന
ഗുണനച്ചിഹ്ന്നത്തിന്‍റെ തീക്ഷ്ണത.
--------------------------------------------------
ആത്മഗതം:
പകല്‍വെളിച്ചത്തിലെ ശരികള്‍
ഇരുളിന്‍റെ മറവിലെ തെറ്റുകള്‍ക്ക്
വഴിമാറുന്നത് സ്വാഭാവികം!
No comments:
Post a Comment