
ശീതികരിച്ച ഓഫീസ് കെട്ടിടത്തിനു വെളിയിലേക്ക് വേനല്‍ച്ചൂടിന്‍റെ കാഠിന്യം വക വയ്ക്കാതെ ഞാന്‍ ഇറങ്ങാറുണ്ട്, നട്ടുച്ചയ്ക്കു പോലും.
പിടിവിടാതെ പിന്തുടരുന്ന ദുശ്ശീലത്തിനോട് തോല്‍വി സമ്മതിച്ചുകൊണ്ട്.
കടലാസ് ചുരുളിലെ പുകയിലത്തുണ്ടുകള്‍ നല്‍കുന്ന ആശ്വാസത്തിനു വേണ്ടി.
അവളുടെ തലയ്ക്കു മീതെ യന്ത്രവല്‍കൃതമായ തണുപ്പില്ല.
പാല്‍മണം മുറ്റേണ്ട ചുണ്ടുകള്‍ വരണ്ടുണങ്ങിയിരിക്കുന്നു.
വാത്സല്യത്തിന്‍റെ തലോടല്‍ കൊതിക്കുന്ന മുടിയിഴകള്‍ പൊടിയണിഞ്ഞ് ജട പിടിച്ചിരിക്കുന്നു.
കവിളിണകളില്‍ കുസൃതിയുറ്റെ നുണക്കുഴികളില്ല.
കണ്ണുകളില്‍ അത്ഭുതം പേറുന്ന കാഴ്ചകളില്ല. നിഷ്കളങ്കമായ ശൂന്യത മാത്രം.
റോഡരികിലിരുന്ന് അവള്‍ സിഗരറ്റ് കുറ്റികള്‍ തിരയുകയായിരുന്നു.
ഇനിയും വലിച്ചു തീരാന്‍ ബാക്കിയുള്ളവ സൂക്ഷ്മതയോടെ തന്‍റെ മുഷിഞ്ഞ സഞ്ചിയിലേക്ക് പെറുക്കിയിടുന്നു.
"എന്തിനു നീയിതു ചെയ്യുന്നു കുഞ്ഞേ.." എന്ന ചോദ്യത്തിനു ഒരു പുഞ്ചിരിയില്‍ മറുപടിയൊതുക്കി,
കീശയിലെ നാണയത്തുട്ടുകള്‍ വീണ്ടും എണ്ണിത്തിട്ടപ്പെടുത്തി, പിന്നെയും തന്‍റെ ജോലിയില്‍ അവള്‍ വ്യാപൃതയായി..
1 comment:
എന്തിനു നീയിതു ചെയ്യുന്നു കുഞ്ഞേ
Post a Comment