
ഈ എക്കണോമിക്സ് പഠിക്കാന്‍ എന്താ വഴി?
പണ്ട് വിജയേട്ടന്‍ ശ്യാമളച്ചേച്ചിയെ പഠിപ്പിച്ചതുപോലെ "സ്കെയഴ്സിറ്റി ഓഫ് എ കമോഡിറ്റി കോസസ് ഡിമാന്‍ഡ്" എന്നു നൂറു തവണ ചൊല്ലിയാല്‍ വല്ലതും നടക്കുവോ?
കഴിഞ്ഞ ദിവസം പത്രത്തില്‍ കണ്ടു നാണയപ്പെരുപ്പം മാറി ഇപ്പൊ നാണയച്ചുരുക്കം ആയെന്ന്, എന്നു വച്ചല്‍ ഇന്നലത്തേതിലും വില കുറവായിരിക്കും ഇന്നു സാധനങ്ങള്‍ക്കെന്ന്. ഈ കാര്യം കടേല്‍ ചെന്നു പറഞ്ഞപ്പൊ അവിടെ ഇരുന്ന മാര്‍വാഡി ഹിന്ദീലും തെലുങ്കിലും ചീത്ത വിളിച്ചു. "35 രൂപ ഒണ്ടേ താടാ, ഇല്ലെങ്കില്‍ അരി അവിടെ വച്ചിട്ട് വീടു പിടി " എന്നു വേണമെങ്കില്‍ അതിനെ വ്യാഖ്യാനിക്കാം. ഈ ആന്ധ്രെന്നല്ലേ അരി കേരളത്തിലോട്ട് പോണെ? അവിടെ ഇല്ലല്ലൊ ഈ വില? വാളയാറ് ചെക്ക് പോസ്റ്റിലെ സാറമ്മാര്‍ കൈക്കൂലി മേടിക്കണത് നിര്‍ത്തി അരിക്കു സബ്സിഡി കൊടുത്തു വിടുവാണോ ഇപ്പൊ?
ധനക്കമ്മി കൂടിയ ബഡ്ജറ്റ് വേണമെന്നായിരുന്നു കേരളാ ഫിന്‍മിന്‍ (ഞങ്ങടെ ബഹുമാനപ്പെട്ട പ്രതിനിധി കൂടി ആണ്) അഭിപ്രായപ്പെട്ടത്. കേന്ദ്രന്‍ മുഖര്‍ജി അവതരിപ്പിച്ച ബഡ്‌ജറ്റ് ലതു പോലെ തന്നെ. ഹോ... അപ്പൊ കേരളം പറഞ്ഞാലും കേന്ദ്രം കേള്‍ക്കും. അങ്ങനെ ഓര്‍ത്ത് സന്തോഷിച്ചിരിക്കുമ്പഴാ സെന്‍സെക്സ് തലേം കുത്തി താഴോട്ട്. ധനക്കമ്മി കൂടിയ കാരണം ആണെന്നു ഇംഗ്ലീഷ് പത്രത്തിന്‍റെ വെബ്സൈറ്റില്‍ വായിച്ചറിഞ്ഞു. കിട്ടിയാല്‍ ഊട്ടി ഇല്ലെങ്കി ചട്ടി എന്നും പറഞ്ഞ് ഷെയറില്‍ ഇട്ടിരുന്ന കാശ് ആ വഴിക്കങ്ങു സ്വാഹ. ഷെയറിന്‍റെ വില ഇടിഞ്ഞാല്‍ അംബാനിക്കെന്നാ കൊഴപ്പം? അങ്ങേര്‍ക്കിഷ്ടം പോലെ കാശില്ലേ.. റിലയന്‍സ് പുലി ആണ്, നീ അതില്‍ കാശിടെടാ എന്നു പറഞ്ഞ എന്‍റെ പ്രിയ സുഹൃത്തിനെ ഞാന്‍ ഇന്നൊന്നു കാണുന്നൊണ്ട്.. (എന്നാലും ഈ കാശിന്‍റെ കൊറവ് തന്നല്ലേ അണ്ണാ ഈ ധനക്കമ്മി? നെകളിപ്പാണെന്നു കൊച്ചുവാവ പറയും. എല്ലാരും തെണ്ടിക്കല്ലേ തെണ്ടിക്കല്ലേന്നു നേര്‍ച്ച നേരുമ്പൊ നുമ്മ മാത്രം???!!!)
രൂപയുടെ മൂല്യം കൂടുന്നു കുറയുന്നു. യഥാര്‍ത്ഥ ഇന്ത്യാക്കാരുടെ ഒരു രാജ്യസ്നേഹം വച്ച് അതു കൂടൂമ്പൊ നമുക്കൊരു രോമാഞ്ചം ഒക്കെ വരും. എങ്കിലും "സായിപ്പേ.. മൈ ബ്രദര്‍.. ഹെല്‍പ്പ് .. ഹെല്‍പ്പ്.. " എന്നും പറഞ്ഞു ലങ്ങേരടെ പേഴ്സ് അടിച്ചു മാറ്റി നോക്കുമ്പൊ അതിനകത്തെങ്ങാനും ഇച്ചിരി പച്ചപ്പുത്തന്‍ ഡാളഴ്സ് (സിമ്പതിയുടെ പുറത്തു കിട്ടുന്ന സിംഗപ്പൂരല്ല, അമേരിക്കന്‍) ഒണ്ടെങ്കില്‍, "എന്‍റെ ഫോറെക്സ് ട്രേഡ് മുത്തപ്പാ ഈ രൂപയുടെ മൂല്യം ഒന്നു കുറച്ചു തരണേ..." എന്നു പ്രാര്‍ത്ഥിക്കുന്നതില്‍ തെറ്റുണ്ടോ?
ഇന്‍കം ടാക്സ് സ്ലാബ് പതിനായിരം രൂപ കൂട്ടി. "തള്ളേ പൊളപ്പന്‍ തന്ന.." എന്ന് കോട്ടയത്തും ബാംഗ്ലൂരും അമേരിക്കേലും എന്തിന് മാരാരിക്കുളം മാര്‍കറ്റില്‍ പച്ചക്കറി വില്‍ക്കുന്ന കുട്ടന്‍ ചേട്ടന്‍ വരെ തിരുവന്തോരം ഭാഷയില്‍ സന്തോഷിച്ചു. പിന്നെ കണക്കു കൂട്ടി നോക്കിയപ്പഴാ മാസം അതുകൊണ്ട് കിട്ടാന്‍ പോണത് ഇരുന്നൂറ്റമ്പത് കുലുവയാണെന്ന് മനസ്സിലായത്. പെട്രോളിന് അഞ്ചു രൂപ കൂട്ടിയപ്പൊ തന്നെ എറങ്ങീല്ലേ അണ്ണാ ഈ കേറിയ ഇരുന്നൂറ്റമ്പത്?
പുലികളി കഴിഞ്ഞപ്പൊ വീട് പോയ ലങ്കക്കാര്‍ക്ക് അഞ്ഞൂറ് കോടി, അല്ല അതു കൊടുക്കണം. കാശൊള്ള അയലോക്കത്തുകാരല്ലേ പാവപ്പെട്ടവരെ സഹായിക്കണ്ടത്. എന്നാലും പ്രധാനമന്ത്രിമാരുടെ പേരിട്ട വീട് കിട്ടും എന്നു വിചാരിച്ച് കൊല്ലം കൊറേ കാത്തിരുന്ന് ഇപ്പൊ സ്കൂള്‍ കെട്ടിടത്തില്‍ കെടന്നൊറങ്ങണ ആ പാവങ്ങള്‍ക്ക് ഒരു കോടി മുണ്ടെങ്കിലും കൊടുക്കണ്ടെ? (ടേയ്.. ഇതു എക്കണോമിക്സ് അല്ല, രാഷ്ട്രീയം ആണെന്നോ? ഒരു മഹാനായ ബ്ലോഗറ് പറഞ്ഞ പോലെ എന്‍റെ ബ്ലോഗ്, എന്‍റെ കമ്പ്യൂട്ടറ്, ഞാന്‍ എന്തുമെഴുതും. നിങ്ങള്‍ക്കെന്താ നാട്ടാരെ?..)
പറയാന്‍ തൊടങ്ങിയാ ഇതുപോലെ കൊറേ പറയണം. പക്ഷെ ഇപ്പൊ ടൈം ഇല്ലല്ലൊ. കുളിച്ചൊരുങ്ങി ആപ്പീസില്‍ പോയി നോക്കട്ടെ എന്‍റെ സീറ്റും കമ്പ്യൂട്ടറും എടുത്ത് വലിച്ചെറിഞ്ഞോന്ന്. (സത്യം പറയാല്ലോ.. ആക്സസ് കാര്‍ഡ് സ്വൈപ്പ് ചെയ്യുന്നത് പ്രാര്‍ത്ഥിച്ചോണ്ടാണ്. പോയാ പോയില്ലേ...)
നാട്ടില്‍ തട്ടുകട നടത്തുന്ന തങ്കപ്പന്‍ ചേട്ടന്‍ ചോദിക്കുന്ന ഒരു ചോദ്യം ഉണ്ട്. "നാട് നന്നായാല്‍ നമ്മക്കെന്നാടാ ഗുണം? നമ്മള്‍ നന്നായാലല്ലേ നമക്കു ഗുണം?"
ഈ എക്കണോമിക്സ് അറിയാവുന്ന വല്ലോരും ഈ വഴി വരുവാണെങ്കി ഒന്നു പറഞ്ഞു തന്നിട്ട് പോണേ...
No comments:
Post a Comment