Thursday, July 16, 2009

മനോമറിമായം


ഇന്നു മനോരമ ഓണ്‍‌ലൈനില്‍ കണ്ട ഒരു വാര്‍ത്താശകലം.

(ചിത്രം വ്യക്തമല്ലെങ്കില്‍ വാര്‍‌ത്ത ഇവിടെ വായിക്കാം)

വാര്‍‌ത്തയുടെ തുടക്കത്തില്‍ അഞ്ചു കിലോ മാത്രം ഭാരമുണ്ടായിരുന്ന വിഗ്രഹത്തിനു കുറച്ചു കഴിഞ്ഞപ്പോള്‍ തൂക്കം ഒന്‍‌പതു കിലോ! തിരുവാഭരണങ്ങള്‍ക്കും രണ്ടു പവന്‍ കൂടിയിട്ടുണ്ട്.

ഇതെന്തൊരു മറിമായം ഹരിഹരസുതനേ...
വിഗ്രഹം കട്ട കള്ളന്‍റെ പരിതാപത്തില്‍ മനസ്സലിഞ്ഞ് അങ്ങ് തന്നെയോ ഈ അത്ഭുതം കാണിച്ചത്?

അതോ പിണ്ഡത്തിന്‍റെ (സ്റ്റോറിയുടെ) കാമ്പോടടുക്കുമ്പോള്‍ ഭാരക്കൂടുതല്‍ അനുഭവപ്പെടുന്ന പ്രെസ്സ്-ഗ്രാവിറ്റിയോ?

Monday, July 6, 2009

എക്കണോ-മിക്സ്


ഈ എക്കണോമിക്സ് പഠിക്കാന്‍ എന്താ വഴി?

പണ്ട് വിജയേട്ടന്‍ ശ്യാമളച്ചേച്ചിയെ പഠിപ്പിച്ചതുപോലെ "സ്കെയഴ്സിറ്റി ഓഫ് എ കമോഡിറ്റി കോസസ് ഡിമാന്‍ഡ്" എന്നു നൂറു തവണ ചൊല്ലിയാല്‍ വല്ലതും നടക്കുവോ?

കഴിഞ്ഞ ദിവസം പത്രത്തില്‍ കണ്ടു നാണയപ്പെരുപ്പം മാറി ഇപ്പൊ നാണയച്ചുരുക്കം ആയെന്ന്, എന്നു വച്ചല്‍ ഇന്നലത്തേതിലും വില കുറവായിരിക്കും ഇന്നു സാധനങ്ങള്‍ക്കെന്ന്. ഈ കാര്യം കടേല്‍ ചെന്നു പറഞ്ഞപ്പൊ അവിടെ ഇരുന്ന മാര്‍‌വാഡി ഹിന്ദീലും തെലുങ്കിലും ചീത്ത വിളിച്ചു. "35 രൂപ ഒണ്ടേ താടാ, ഇല്ലെങ്കില്‍ അരി അവിടെ വച്ചിട്ട് വീടു പിടി " എന്നു വേണമെങ്കില്‍ അതിനെ വ്യാഖ്യാനിക്കാം. ഈ ആന്ധ്രെന്നല്ലേ അരി കേരളത്തിലോട്ട് പോണെ? അവിടെ ഇല്ലല്ലൊ ഈ വില? വാളയാറ് ചെക്ക് പോസ്റ്റിലെ സാറമ്മാര്‍ കൈക്കൂലി മേടിക്കണത് നിര്‍ത്തി അരിക്കു സബ്സിഡി കൊടുത്തു വിടുവാണോ ഇപ്പൊ?

ധനക്കമ്മി കൂടിയ ബഡ്ജറ്റ് വേണമെന്നായിരുന്നു കേരളാ ഫിന്‍‌മിന്‍ (ഞങ്ങടെ ബഹുമാനപ്പെട്ട പ്രതിനിധി കൂടി ആണ്‌) അഭിപ്രായപ്പെട്ടത്. കേന്ദ്രന്‍ മുഖര്‍‌ജി അവതരിപ്പിച്ച ബഡ്‌ജറ്റ് ലതു പോലെ തന്നെ. ഹോ... അപ്പൊ കേരളം പറഞ്ഞാലും കേന്ദ്രം കേള്‍‌ക്കും. അങ്ങനെ ഓര്‍‌ത്ത് സന്തോഷിച്ചിരിക്കുമ്പഴാ സെന്‍സെക്സ് തലേം കുത്തി താഴോട്ട്. ധനക്കമ്മി കൂടിയ കാരണം ആണെന്നു ഇംഗ്ലീഷ് പത്രത്തിന്‍റെ വെബ്സൈറ്റില്‍ വായിച്ചറിഞ്ഞു. കിട്ടിയാല്‍ ഊട്ടി ഇല്ലെങ്കി ചട്ടി എന്നും പറഞ്ഞ് ഷെയറില്‍ ഇട്ടിരുന്ന കാശ് ആ വഴിക്കങ്ങു സ്വാഹ. ഷെയറിന്‍റെ വില ഇടിഞ്ഞാല്‍ അംബാനിക്കെന്നാ കൊഴപ്പം? അങ്ങേര്‍ക്കിഷ്ടം പോലെ കാശില്ലേ.. റിലയന്‍സ് പുലി ആണ്‌, നീ അതില്‍ കാശിടെടാ എന്നു പറഞ്ഞ എന്‍റെ പ്രിയ സുഹൃത്തിനെ ഞാന്‍ ഇന്നൊന്നു കാണുന്നൊണ്ട്.. (എന്നാലും ഈ കാശിന്‍റെ കൊറവ് തന്നല്ലേ അണ്ണാ ഈ ധനക്കമ്മി? നെകളിപ്പാണെന്നു കൊച്ചുവാവ പറയും. എല്ലാരും തെണ്ടിക്കല്ലേ തെണ്ടിക്കല്ലേന്നു നേര്‍ച്ച നേരുമ്പൊ നുമ്മ മാത്രം???!!!)

രൂപയുടെ മൂല്യം കൂടുന്നു കുറയുന്നു. യഥാര്‍‌ത്ഥ ഇന്ത്യാക്കാരുടെ ഒരു രാജ്യസ്നേഹം വച്ച് അതു കൂടൂമ്പൊ നമുക്കൊരു രോമാഞ്ചം ഒക്കെ വരും. എങ്കിലും "സായിപ്പേ.. മൈ ബ്രദര്‍.. ഹെല്‍‌പ്പ് .. ഹെല്‍‌പ്പ്.. " എന്നും പറഞ്ഞു ലങ്ങേരടെ പേഴ്സ് അടിച്ചു മാറ്റി നോക്കുമ്പൊ അതിനകത്തെങ്ങാനും ഇച്ചിരി പച്ചപ്പുത്തന്‍ ഡാളഴ്സ് (സിമ്പതിയുടെ പുറത്തു കിട്ടുന്ന സിംഗപ്പൂരല്ല, അമേരിക്കന്‍) ഒണ്ടെങ്കില്‍, "എന്‍റെ ഫോറെക്സ് ട്രേഡ് മുത്തപ്പാ ഈ രൂപയുടെ മൂല്യം ഒന്നു കുറച്ചു തരണേ..." എന്നു പ്രാര്‍ത്ഥിക്കുന്നതില്‍ തെറ്റുണ്ടോ?

ഇന്‍‌കം ടാക്സ് സ്ലാബ് പതിനായിരം രൂപ കൂട്ടി. "തള്ളേ പൊളപ്പന്‍ തന്ന.." എന്ന് കോട്ടയത്തും ബാംഗ്ലൂരും അമേരിക്കേലും എന്തിന്‌ മാരാരിക്കുളം മാര്‍കറ്റില്‍ പച്ചക്കറി വില്‍ക്കുന്ന കുട്ടന്‍ ചേട്ടന്‍ വരെ തിരുവന്തോരം ഭാഷയില്‍ സന്തോഷിച്ചു. പിന്നെ കണക്കു കൂട്ടി നോക്കിയപ്പഴാ മാസം അതുകൊണ്ട് കിട്ടാന്‍ പോണത് ഇരുന്നൂറ്റമ്പത് കുലുവയാണെന്ന് മനസ്സിലായത്. പെട്രോളിന് അഞ്ചു രൂപ കൂട്ടിയപ്പൊ തന്നെ എറങ്ങീല്ലേ അണ്ണാ ഈ കേറിയ ഇരുന്നൂറ്റമ്പത്?

പുലികളി കഴിഞ്ഞപ്പൊ വീട് പോയ ലങ്കക്കാര്‍‌ക്ക് അഞ്ഞൂറ് കോടി, അല്ല അതു കൊടുക്കണം. കാശൊള്ള അയലോക്കത്തുകാരല്ലേ പാവപ്പെട്ടവരെ സഹായിക്കണ്ടത്. എന്നാലും പ്രധാനമന്ത്രിമാരുടെ പേരിട്ട വീട് കിട്ടും എന്നു വിചാരിച്ച് കൊല്ലം കൊറേ കാത്തിരുന്ന് ഇപ്പൊ സ്കൂള്‍ കെട്ടിടത്തില്‍ കെടന്നൊറങ്ങണ ആ പാവങ്ങള്‍ക്ക് ഒരു കോടി മുണ്ടെങ്കിലും കൊടുക്കണ്ടെ? (ടേയ്.. ഇതു എക്കണോമിക്സ് അല്ല, രാഷ്ട്രീയം ആണെന്നോ? ഒരു മഹാനായ ബ്ലോഗറ് പറഞ്ഞ പോലെ എന്‍റെ ബ്ലോഗ്, എന്‍റെ കമ്പ്യൂട്ടറ്, ഞാന്‍ എന്തുമെഴുതും. നിങ്ങള്‍‌ക്കെന്താ നാട്ടാരെ?..)

പറയാന്‍ തൊടങ്ങിയാ ഇതുപോലെ കൊറേ പറയണം. പക്ഷെ ഇപ്പൊ ടൈം ഇല്ലല്ലൊ. കുളിച്ചൊരുങ്ങി ആപ്പീസില്‍ പോയി നോക്കട്ടെ എന്‍റെ സീറ്റും കമ്പ്യൂട്ടറും എടുത്ത് വലിച്ചെറിഞ്ഞോന്ന്. (സത്യം പറയാല്ലോ.. ആക്സസ് കാര്‍‌ഡ് സ്വൈപ്പ് ചെയ്യുന്നത് പ്രാര്‍ത്ഥിച്ചോണ്ടാണ്‌. പോയാ പോയില്ലേ...)

നാട്ടില്‍ തട്ടുകട നടത്തുന്ന തങ്കപ്പന്‍ ചേട്ടന്‍ ചോദിക്കുന്ന ഒരു ചോദ്യം ഉണ്ട്. "നാട് നന്നായാല്‍ നമ്മക്കെന്നാടാ ഗുണം? നമ്മള്‍ നന്നായാലല്ലേ നമക്കു ഗുണം?"
ഈ എക്കണോമിക്സ് അറിയാവുന്ന വല്ലോരും ഈ വഴി വരുവാണെങ്കി ഒന്നു പറഞ്ഞു തന്നിട്ട് പോണേ...

Friday, June 19, 2009

എന്തിന്?


ശീതികരിച്ച ഓഫീസ് കെട്ടിടത്തിനു വെളിയിലേക്ക് വേനല്‍ച്ചൂടിന്‍റെ കാഠിന്യം വക വയ്ക്കാതെ ഞാന്‍ ഇറങ്ങാറുണ്ട്, നട്ടുച്ചയ്ക്കു പോലും.
പിടിവിടാതെ പിന്തുടരുന്ന ദുശ്ശീലത്തിനോട് തോല്‍‌വി സമ്മതിച്ചുകൊണ്ട്.
കടലാസ്‌ ചുരുളിലെ പുകയിലത്തുണ്ടുകള്‍ നല്‍കുന്ന ആശ്വാസത്തിനു വേണ്ടി.

അവളുടെ തലയ്ക്കു മീതെ യന്ത്രവല്‍‌കൃതമായ തണുപ്പില്ല.
പാല്‍മണം മുറ്റേണ്ട ചുണ്ടുകള്‍ വരണ്ടുണങ്ങിയിരിക്കുന്നു.
വാത്സല്യത്തിന്‍റെ തലോടല്‍ കൊതിക്കുന്ന മുടിയിഴകള്‍ പൊടിയണിഞ്ഞ് ജട പിടിച്ചിരിക്കുന്നു.
കവിളിണകളില്‍ കുസൃതിയുറ്റെ നുണക്കുഴികളില്ല.
കണ്ണുകളില്‍ അത്ഭുതം പേറുന്ന കാഴ്ചകളില്ല. നിഷ്കളങ്കമായ ശൂന്യത മാത്രം.

റോഡരികിലിരുന്ന് അവള്‍ സിഗരറ്റ് കുറ്റികള്‍ തിരയുകയായിരുന്നു.
ഇനിയും വലിച്ചു തീരാന്‍ ബാക്കിയുള്ളവ സൂക്ഷ്മതയോടെ തന്‍റെ മുഷിഞ്ഞ സഞ്ചിയിലേക്ക് പെറുക്കിയിടുന്നു.

"എന്തിനു നീയിതു ചെയ്യുന്നു കുഞ്ഞേ.." എന്ന ചോദ്യത്തിനു ഒരു പുഞ്ചിരിയില്‍ മറുപടിയൊതുക്കി,
കീശയിലെ നാണയത്തുട്ടുകള്‍ വീണ്ടും എണ്ണിത്തിട്ടപ്പെടുത്തി, പിന്നെയും തന്‍റെ ജോലിയില്‍ അവള്‍ വ്യാപൃതയായി..

Saturday, April 25, 2009

------- നോ ബാര്‍


പിച്ചതെണ്ടും പട്ടിണിക്കോലങ്ങളും
പണമൊഴുക്കും പ്രമാണിമാരും
തോട്ടിയും തുക്കിടിസായിപ്പും
നിരക്ഷരനും ജ്ഞാനശ്രേഷ്ഠനും
വേശ്യയും സാമൂഹ്യപരിഷ്കര്‍ത്താവും
മതമേതെന്നോര്‍ക്കാതെ
ജാതിയെന്തെന്നറിയാതെ
വൈരുദ്ധ്യങ്ങളെ വലിച്ചെറിഞ്ഞ്
വിശ്വാസങ്ങളെ കാറ്റില്‍ പറത്തി
ഒരു കൂരയ്ക്കടിയില്‍
ഒന്നിച്ചൊന്നായൊത്തുകൂടി
പരസ്പരം "സ്നേഹം" പങ്കുവയ്ക്കും
യഥാര്‍ത്ഥ സോഷ്യലിസത്തിന്‍റെ ഈറ്റില്ലമത്രേ
നിയോണ്‍ വിളക്കിനു മുന്നില്‍ തെളിയുമീ മൂന്നക്ഷരങ്ങള്‍...

Tuesday, January 6, 2009

ഐ പ്രോമിസ് റ്റു ..


വായ് കീറിയ ദൈവങ്ങള്‍ കയ്യൊഴിഞ്ഞ
തന്‍റെ പിഞ്ചോമനയുടെ വയറു നിറയ്ക്കാന്‍
വീണ്ടുമൊരു രാത്രിയുടെ പുതപ്പിനടിയില്‍
അസഹ്യമായ വേദന കടിച്ചമര്‍ത്തി
ഒരു കയ്യാല്‍ കണ്ണീരൊപ്പി
മറുകൈ നീട്ടി അവള്‍ വാങ്ങിയ
കടലാസുകഷണങ്ങളില്‍ തെളിയുന്നു
നിസ്സഹായനായി
നിരാശയോടെ തലകുനിയ്ക്കുന്ന മഹാത്മാവിന്‍റെ മുഖം...

കൊടിയുടെ നിറം
മറ്റൊന്നായതിന്‍റെ പേരിലോ
പൂജാദ്രവ്യങ്ങളുടെ മണം
വേറൊന്നായെന്ന കാരണത്താലോ
ഇന്നോളം കാണാത്ത സഹജീവികളുടെ മാറില്‍
വാള്‍മുനകള്‍ കുത്തിയിറക്കാന്‍
മേലാളന്മാര്‍ കനിഞ്ഞു നല്‍കുന്ന
പണക്കിഴികളില്‍ നിറയുന്നു
അമര്‍ഷമടക്കി
അക്ഷമനായി നില്‍ക്കുന്ന മനുഷ്യസ്നേഹിയുടെ മുഖം...

എരിവെയിലിലും നിലാവിനെ സ്വപ്നം കണ്ട്
ചോരനീരാക്കി കല്ലുടയ്ക്കുന്നവര്‍
അന്തിയുറങ്ങുന്ന കൂരകള്‍ പൊളിച്ചുനീക്കി
പഞ്ചനക്ഷത്ര ഹര്‍മ്മ്യങ്ങള്‍ പണിയാന്‍
ഇണ്ടാസൊപ്പിട്ട പേനയ്ക്കരികില്‍
ഖദര്‍ഷര്‍ട്ടിന്‍റെ കീശയില്‍
പുതുമണം മാറാത്ത
പുത്തന്‍ നോട്ടുകളില്‍ പിടയുന്നു
അസ്വസ്ത്ഥനായി
ആരുമറിയാതെ വിതുമ്പുന്ന രാഷ്ട്രപിതാവിന്‍റെ മുഖം...

Sunday, November 2, 2008

നൈയായികം


വെളിച്ചത്തിനു നിറങ്ങള്‍ പലതുണ്ട്.

ഇക്കരെയുള്ളവന്‍റെ ദാഹം തീര്‍ക്കുവാന്‍
അക്കരെയുള്ളവന്‍റെ നെഞ്ചു കീറി
നീയും ഞാനുമൊഴുക്കുന്ന
ചോരയുടെ ചുവപ്പ്.

വെടിമരുന്നിന്‍റെ ഗന്ധം നിറയുന്ന
മഞ്ഞുരുകിയ താഴ്വാരങ്ങളില്‍
കരിഞ്ഞുതീരാന്‍ വിസമ്മതികുന്ന
പുല്‍ക്കൊടികളുടെ പച്ചപ്പ്.

മേഘപാളികള്‍കിടയില്‍ മറഞ്ഞിരുന്ന്
ഒളിയമ്പെയ്യുന്ന വേടന്മാര്‍
പങ്കിട്ടെടുത്ത് അതിരുകള്‍ തിരിച്ച
ആകാശത്തിന്‍റെ നീലിമ.

ഇരുട്ടിനു നിറമൊന്നേയുള്ളു.
പരിഭവമില്ലാതെ
പക്ഷപാതമില്ലാതെ
എല്ലാം ഉള്‍കൊള്ളുന്ന കറുപ്പിന്‍റെ നിസ്സംഗത.

-------------------------------------------------

ശരികള്‍ ആയിരമുണ്ട്.

കവലകളില്‍‍ യുക്തിയെ നിഷ്പ്രഭമാക്കി
നേര്‍‌വഴി കാട്ടുന്ന
ചൂണ്ടുപലകള്‍.

നിയമത്തിന്‍റെ വര്‍ണ്ണക്കടലാസില്‍ പൊതിഞ്ഞ
സാമൂഹ്യനീതിയുടെ
പൊന്‍‌വിലങ്ങുകള്‍.

കയ്യൂക്കും തിണ്ണമിടുക്കും
ഉല്പത്തിയുടെ മന്ത്രങ്ങളെന്നുദ്ഘോഷിക്കുന്ന
ശാസ്ത്രങ്ങള്‍.

തെറ്റൊന്നേയുള്ളു.
തലയോടിന്നടിയില്‍
എല്ലിന്‍ കഷണങ്ങള്‍ തീര്‍ക്കുന്ന
ഗുണനച്ചിഹ്ന്നത്തിന്‍റെ തീക്ഷ്ണത.

--------------------------------------------------

ആത്മഗതം:
പകല്‍‌വെളിച്ചത്തിലെ ശരികള്‍
ഇരുളിന്‍റെ മറവിലെ തെറ്റുകള്‍‌ക്ക്
വഴിമാറുന്നത് സ്വാഭാവികം!

Saturday, October 11, 2008

തിരികെ



വരികള്‍ക്കിടയിലെ നാനാര്‍ത്ഥങ്ങള്‍ തേടി
മടുത്തുവെങ്കില്‍
താളുകള്‍ക്കിടയിലേക്കിറങ്ങുക...

എന്നോ മറന്നുവച്ചൊരു മയില്‍‌പ്പീലിയുടെ
നിശ്ശബ്ദമാം സംഗീതം കേള്‍‌ക്കുക...

ആരോ സമ്മാനിച്ച മുല്ലമൊട്ടില്‍
ഇന്നുമുറങ്ങുന്ന നറുമണം തിരയുക...

അറിയാതെ കൂമ്പിയ കണ്‍പീലികള്‍
മെല്ലെയൊളിപ്പിച്ച
വര്‍ണ്ണക്കടലാസുകള്‍ തേടുക...

ഒരിക്കല്‍ കുറിച്ചിട്ട വാക്കുകള്‍ക്കുള്ളിലെ
നിഷ്ക്കളങ്കതയെ പുല്‍കുക...

ഒരു മഷിത്തുള്ളിയും
കണ്ണീരിന്‍ നനവും
ചേര്‍‌ന്നെഴുതിയ ചിത്രങ്ങള്‍ കാണുക...

കരിപുരണ്ട വാക്കുകള്‍‌ക്കിടയിലെ
ശൂന്യത ചുരത്തുന്ന
പാല്‍മധുരം നുകരുക..

ഇടയ്ക്കു വച്ചെങ്ങോ
മുടങ്ങിയ യാത്രകള്‍
വീണ്ടുമീ രാവില്‍ തുടങ്ങുക..