Tuesday, January 29, 2008

ക്ഷമിച്ചു എന്നൊരു വാക്ക്....


കേരം തിങ്ങും കേരള നാട്ടില്‍ ജനിച്ചു വളര്‍ന്നു പടര്‍ന്നു പന്തലിക്കുന്ന സല്‍ഗുണ സമ്പന്നന്മാരായ യുവജനങ്ങള്‍ തെങ്ങിന്‍ കള്ള് കുടിച്ചു പോകുന്നതില്‍ തെറ്റു പറയാന്‍ ആവില്ല. പ്രത്യേകിച്ചും പാവപ്പെട്ടവന്‍റെ കല്പവൃക്ഷമായ തെങ്ങില്‍ നിന്നുല്പാദിപ്പിക്കപ്പെടുന്ന എല്ലാ ഐറ്റംസിനും വിദേശ വിപണിയില്‍ വന്‍ സാധ്യതകാളുണള്ളതെന്നു പഠനങ്ങള്‍ തെളിയിച്ച സാഹചര്യത്തില്‍.ബിരുദ പഠന കാലത്ത് ഈയുള്ളവനും മുന്‍പേ സൂചിപ്പിച്ചിട്ടുള്ള സഹ അലവലാതികളുമായി ഒത്തുചേര്‍ന്ന് മേല്‍‌പ്പറഞ്ഞ ഉല്‍‌‌പ്പന്നത്തിന്‍റെ സാധ്യതകളെ സാമാന്യം മോശമില്ലാതെ ചൂഷണം ചെയ്തിട്ടുണ്ട്. ഒരു സുഹൃത്തിന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ "തറവാട്ടില്‍ പിറന്ന കുടി"...


പരീക്ഷകള്‍ പരീക്ഷണങ്ങള്‍ മാത്രമായി തീര്‍‌ന്ന അവസാന വര്‍‌ഷം, പഠിച്ചെഴുതി പാസാവാം എന്ന മോഹം ഉപേക്ഷിച്ച് ഭാഗ്യദേവതയുടെ തൃപ്പാദങ്ങളില്‍ എല്ലാം അര്‍‌പ്പിച്ചു നടന്ന കാലം.


പരീക്ഷയുടെ തലേ ദിവസങ്ങളില്‍ അത്താഴവും കഴിഞ്ഞ് ഏമ്പക്കവും വിട്ട്, സ്ഥലം റ്റെലെഫോണ്‍ ബൂത്തില്‍ എല്ലാവരും ഹാജര്‍ രേഖപ്പെടുത്തും. " ഞാന്‍ വിട്ടെടേ, അടുത്ത സെമെസ്റ്ററില്‍ എഴുതാം..." എന്ന് ഏതെങ്കിലും ഒരു അലവലാതി പ്രഖ്യാപിച്ചു പോയാല്‍, സംഭവം ക്ലീന്‍... ഒരു ദീര്‍‌ഘനിശ്വാസവും വിട്ട്, എല്ലാവരും എഴുന്നേറ്റ് അടുത്ത താവളത്തിലേക്കു നീങ്ങുകയായി പിന്നെ. താവളം കല്പകോദ്യാനങ്ങള്‍ (പറയേണ്ട ആവശ്യമില്ലെന്നറിയാം, എങ്കിലും കള്ളുഷാപ്പുകള്‍ എന്നു വായിക്കാന്‍ അപേക്ഷ )തന്നെ.


"ഒരു വലുതിനു ഒരു ചെറുത് ഫ്രീ" എന്ന ബോര്‍‌ഡ് തൂങ്ങുന്ന ഏതെങ്കിലും ഒരു ഷെഡ്ഡിനകത്തേക്കു വലതു കാല്‍ വച്ചു, "ഉള്ള കാശിനു മിന്നിച്ചേക്കണേ ഭഗവാനേ" എന്നു പ്രാര്‍ത്ഥിച്ചു കൊണ്ട് പ്രവേശിക്കുന്നു. ശുദ്ധ"മായ" (കുമ്പളങ്ങാക്കലക്കില്‍ കുമ്മായം ചേര്‍ത്തുണ്ടാക്കിയ) കള്ളും, തൊടാന്‍ കപ്പയും പിന്നെ ആമ, തവള, കുളക്കോഴി തുടങ്ങി തിരിച്ചു കടിക്കുന്നതും കടിക്കാത്തതുമായ ജീവജാലങ്ങളുടെ ഭൗതികശരീരവുമൊക്കെയായി മറ്റൊരു രാത്രി സജീവമാകുന്നു. "സ്വാമിനാഥ..."യില്‍ തുടങ്ങി, നാടന്‍ പാട്ടുകളുടെ സങ്കീര്‍‌ണ്ണമായ മേഖലകളിലൂടെ സഞ്ചരിച്ച്, ബാബുരാജിനേയും കിശോര്‍ കുമാറിനെയും വന്ദിച്ച്, ഭരണിപ്പാട്ടുകളില്‍ അവസാനിക്കുന്ന സംഗീതവിരുന്നിനൊടുവില്‍, തകരവാതില്‍ കൊട്ടിയടക്കുന്നതിനു തൊട്ടു മുന്നേ സഭ പിരിച്ചു വിടപ്പെടുന്നു. രാത്രിയുടെ ഭംഗി നുകര്‍‌ന്ന്, ആളൊഴിഞ്ഞ വീഥികളിലൂടെ സ്വച്ഛന്ദം (നാട്ടുകാരുടെ തല്ലു മേടിക്കാതെ) വിഹരിച്ച്, ഏറ്റവും അടുത്തുള്ള ഒരു ഹോസ്റ്റലില്‍ അടിഞ്ഞുകൂടി കിടന്നുറങ്ങുന്നതോടെ പരിപാടിക്കു തിരശ്ശീല വീഴുന്നു.


-----------------------------------------------------------------------------


മേല്‍‌പ്പറഞ്ഞ സഭകളില്‍ ഒരെണ്ണം സ്വല്പം നീണ്ടുപോയി. പിന്നിട്ട വര്‍‌ഷങ്ങളിലെ മധുര-കയ്പ്പന്‍-പുളിപ്പന്‍ സ്മരണകള്‍ അയവിറക്കി സംസാരിച്ചിരുന്ന് നേരം പോയതറിഞ്ഞില്ല. സമയം നോക്കുമ്പോള്‍ അഞ്ചു മണി.. എങ്കില്‍ പിന്നെ സ്വന്തം ഹോസ്റ്റലിലേക്കു തിരിക്കാം എന്ന ചിന്തയുമായി ഈയുള്ളവനും സജിക്കുട്ടനും സ്വന്തം രാജശകടമായ ഹെര്‍ക്കുലീസ് സൈക്കിളില്‍ (പെട്രോള്‍ അടിക്കാനുള്ള കാശിനും കൂടെ കള്ളു കുടിച്ചാല്‍ പിന്നെ സൈക്കിളേ ശരണം) യാത്ര തിരിച്ചു. നേരം വെളുത്തിട്ടില്ല, ചെറിയ മൂടല്‍മഞ്ഞും ഉണ്ട്, പിന്നെ ഉള്ളില്‍ കിടക്കുന്ന മറ്റവന്‍റെ ലീലാവിലാസങ്ങളും. എന്തായാലും തൊട്ടു മുന്നില്‍ വരുന്ന വസ്തുക്കളല്ലാതെ ഒരു സാധനം കാണാന്‍ വയ്യ. സജിയുടെ ദൃഷ്ടിയെയും ദീര്‍ഘവീക്ഷണത്തെയും കണക്കിലെടുത്ത്, അവന്‍ സാരഥി ആകുകയും, ഈയുള്ളവന്‍ ക്യാരിയറില്‍ സ്ഥാനം പിടിക്കുകയും ചെയ്തു.
ഇടവഴിയില്‍ നിന്നു മെയിന്‍‌റോഡിലേക്കു കയറുന്ന തിരിവില്‍, അതു സംഭവിച്ചു. അവിടെ കുനിഞ്ഞു നിന്നു പുല്ലു പറിച്ചുകൊണ്ടു നില്‍ക്കുന്ന ഏതോ പാവം ഹതഭാഗ്യ(യുടെ?? / ന്‍റെ??) പിറകില്‍ ഒറ്റ ഇടി... സംഗതി പിശകാണെന്നു മനസ്സിലാക്കിയ സജി ഒരു വിധം ബാലന്‍സ് വീണ്ടെടുത്ത് പൂര്‍വാധികം ശക്തിയില്‍ ആഞ്ഞു ചവിട്ടി. അല്പദൂരം ചെന്നിട്ടും പിറകില്‍ നിന്നും ഒച്ചയൊന്നും കേള്‍‌ക്കാഞ്ഞപ്പോള്‍ ഞങ്ങള്‍ സ്വല്പം ഒന്നു ഞെട്ടി..

ഇനി മറിഞ്ഞു വീണു മര്‍മ്മത്തെങ്ങാനും തട്ട് കിട്ടി ആളെങ്ങാനും തട്ടിപ്പോയോ..

തിരിച്ചു ചെന്നു നോക്കാമേന്നായി സജി. രണ്ടും കല്പ്പിച്ച് തിരിച്ചു ചെന്നു, തെല്ലകലെ മാറി നിന്നു നോക്കി.. അപ്പോളുണ്ട് കക്ഷി ഒരു വല്ലാത്ത പൊസിഷനില്‍ ആണ്‌. എന്തായലും നില്‍ക്കുകയല്ല, എന്നാല്‍ നിലത്തു വീണിട്ടുമില്ല. കുറ്റബോധം കീഴടക്കിയ മനസ്സുമായി "സോറി ചേട്ടാ, അറിയാതെ പറ്റിയതാ... ചേട്ടനു വല്ലതും...." എന്നു ചോദിച്ചു സജി കക്ഷിയുടെ അടുത്തേക്കു നീങ്ങി. പുറകെ സൈക്കിളും തള്ളി ഞാനും.വളരെ അടുത്തെതിയപ്പോള്‍ മാത്രമാണ് ആ ഭീകര സത്യം ഞങ്ങള്‍ മനസ്സിലാക്കിയത്..



അത്‌ ഒരു ഒന്നാന്തരം സിന്ധി പശുവായിരുന്നു!!!



പൂള്ളിക്കാരി ഇതെന്തു പുകില്‍ എന്നാലോചിച്ച്, ഇവന്മാര്‍ക്കു വട്ടായോ എന്ന രീതിയില്‍ ഒരു നോട്ടവും നോക്കി, വീണ്ടും ബ്രേക്ഫാസ്റ്റില്‍ വ്യാപൃതയായി.
അന്നത്തെ പരീക്ഷ എഴുതുമ്പോള്‍, ഒരു ചോദ്യത്തിനു പോലും നേരെചൊവ്വേ ഉത്തരം അറിയില്ലായിരുന്നെങ്കിലും ചിരിയടക്കാന്‍ ഒരുപാട് കഷ്ടപ്പെട്ടു.



--------------------------------------------------------------------------

വാല്‍ക്കഷണം:

---------------
സജി അതില്‍ പിന്നെ സൈക്കിള്‍ ചവിട്ടിയിട്ടില്ല.

4 comments:

കാപ്പിലാന്‍ said...

good
:>}

siva // ശിവ said...

നന്നായി...കേട്ടോ...

നവരുചിയന്‍ said...

ഹ ഹ ഹ ........ നന്നായി ...

neslin said...

kollameda moonee...