
ഓര്‍മ്മ വച്ച കാലം തൊട്ട്, അമ്മയും അച്ഛനും പറഞ്ഞു തന്ന കഥകളിലൂടെ മാത്രമായിരൂന്നു എനിക്കു സ്വന്തം നാടിനെ പരിചയം.. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം വീണു കിട്ടുന്ന അവധിക്കാലം..എന്തിനു നാട്ടില്‍ പോകുന്നു എന്നു പലതവണ ചോദിച്ചിട്ടുണ്ട് അമ്മയോട്... സ്കൂളിലെ സുഹൃത്തുക്കളോടൊപ്പം അവധിക്കാലം ചിലവഴിക്കാന്‍ എന്തു രസമായിരിക്കും...
പക്ഷെ, ആ വര്‍ഷവും എറണാകുളത്തേക്കു പോകുന്ന എക്സ്പ്രെസ്സ് ട്രെയിനിലെ എസ് വണ്‍ കോച്ചില്‍, രണ്ട് ഫുള്‍, രണ്ട് ഹാഫ് റിസര്‍വേഷന്‍ ഉണ്ടായിരുന്നു..
-----
ബന്ധുവീടുകളിലും മറ്റും ഔപചാരിക സന്ദര്‍ശനം..
സ്ഥിരം ചോദ്യങ്ങള്‍.. "എന്നു വന്നു...", "എത്ര ദിവസത്തെ ലീവ് ഉണ്ട്?.." , "മോന് എത്രാം ക്ലാസ്സിലാ പഠിക്കുന്നെ?... "
ഈ ചോദ്യങ്ങള്‍ക്കു ഉത്തരം പറഞ്ഞു മടുക്കില്ലെ അച്ഛനും അമ്മക്കും?
വഴിയില്‍ കാണുന്ന മാമ്മന്മാര് ചോദിക്കുന്ന "മോന് മനസ്സിലായോ എന്നെ.." എന്ന ചോദ്യത്തിനു ഒരു ചമ്മിയ ചിരിയില്‍ മറുപടി ഒതുക്കേണ്ടി വരുന്ന പത്തുവയസ്സുകാരനു ഒരുപക്ഷെ ചോദ്യത്തിലെ ആത്മാര്‍ത്ഥത മനസ്സിലാക്കാന്‍ കഴിവില്ലായിരുന്നിരിക്കണം... എല്ലാവരും കാണിക്കുന്ന സ്നേഹം സത്യമോ കാപട്യമോ എന്നു ചിന്തിക്കാന്‍ പോലും അന്നു മനസ്സു വികസിച്ചിട്ടുണ്ടായിരുന്നില്ല..
-------
ആ വര്‍ഷത്തെ നാട്ടില്‍-പോക്കിനു പക്ഷെ, ഒരു പുതുമ ഉണ്ടായി. ഹിന്ദി പ്രചാര സഭയുടെ പരീക്ഷകള്‍ക്കു പഠിക്കാന്‍ എന്നെ നാട്ടിലെ ഒരു ട്യൂഷന് സെന്ററില്‍ ചേര്‍ത്തു.. അവിടെ വച്ചാണ് എനിക്കു നാട്ടില്‍ നിന്നും ആദ്യമായി സുഹൃത്തുക്കളെ കിട്ടുന്നത്..രഞ്ജിത്തും, അനീഷും, അനിതയും, വിദ്യയും, മനോജ് ചേട്ടനും... പിന്നെ അനവധി മറ്റു തനി മാരാരിക്കുളത്തുകാരും.. അവരുടെ തമാശകള്‍ മനസ്സിലാക്കാന്‍ ആദ്യം പ്രയാസമായിരുന്നു.. എന്റെ സംഭാഷണരീതിയും പെരുമാറ്റവും അവര്‍ക്കും ദഹിച്ചു കാണില്ല.. കാലക്രമേണ പക്ഷെ, ഞാനും അവരില്‍ ഒരാളായി തീര്‍ന്നു...
മുരളിച്ചേട്ടനെ പരിചയപ്പെടുന്നതും പി. കെ. വിദ്യാലയത്തില്‍ വച്ചു തന്നെ..
മലയാളം പഠിച്ചിട്ടില്ലാത്ത എന്നെ പഠിപ്പിച്ചേ അടങ്ങു എന്നു ഉറച്ച തീരുമാനം എടുത്ത മുരളിച്ചേട്ടന്..
എന്റെ ആദ്യത്തെ മലയാളം അദ്ധ്യാപകന്..
ചെറുശ്ശേരിയെയും, ആശാനെയും, കുഞ്ചന്‍ നമ്പ്യാരെയും എനിക്കു പരിചയപ്പെടുത്തിയ എന്റെ ഗുരുനാഥന്..
"കറുത്ത ചെടിച്ചട്ടികള്‍" എന്നു തെറ്റിച്ചു വായിചപ്പോള്, "ചെടിച്ചട്ടി അല്ലടാ.. ചെട്ടിച്ചി" എന്നു തിരുത്തി, കണ്ണ് നറയുവോളം ചിരിച്ച എന്റെ സുഹൃത്ത്..
"ഇതുവരെ, സൈക്കിള്‍ ചവിട്ടാന്‍ അറിയില്ല " എന്നു നാണത്തോടെ കുറ്റസമ്മതം നടത്തിയ എന്നെ ചെവിക്കു പിടിച്ചു വലിച്ചു സൈക്കിളില്‍ കൊണ്ടിരുത്തി, "ആ, തുടങ്ങാം.." എന്നു പ്രഖ്യാപിച്ച എന്റെ ജ്യേഷ്ഠന്..
ആദ്യമായി ഒറ്റക്ക് സൈക്കിളില്‍ പത്തു മീറ്റര്‍ പോയി, അഭിമാനത്തോടെ തരിഞ്ഞു നോക്കിയപ്പോള്‍, അതേ അഭിമാനം പ്രതിഫലിക്കുന കണ്ണുകളുമായി, കൈ കൊട്ടി ചിരിച്ച എന്റെ വഴികാട്ടി...
-----
ആ വര്‍ഷം, തിരിച്ചു ട്രെയിന്‍ കയറുമ്പൊ, ഉള്ളില്‍ ആദ്യമായി നാടിനോടു എന്തെന്നില്ലാത്ത സ്നേഹം തോന്നി.. എവിടെയൊ ചെറിയ ഒരു നൊമ്പരവും, കണ്ണ് നിറഞ്ഞോ എന്നും സംശയം, പക്ഷെ, വീട്ടിലെ മൂത്ത ആണ്‍കുട്ടി കരയുന്നത് നാണക്കേടല്ലെ.. .
----
മുരളിച്ചേട്ടനു ജോലി കിട്ടി ജബല്പൂരില്.. കത്തുകള്‍ എഴുതുമായിരുന്നു.. അടുത്ത തവണ നാട്ടില്‍ ചെല്ലുമ്പൊ ഒത്തിരി വിശേഷങ്ങള്‍ പറയാന്‍ ഉണ്ടെന്നു എടുത്തെത്തെടുത്ത് എഴുതും..
പക്ഷെ, നാട്ടില്‍ ചെന്നപ്പോള്‍ ഞാന്‍ കേട്ട വിശേഷം.. ജബല്‍പൂരിലെ ആയിരുന്നില്ല..
ശ്വാസം അടക്കിപ്പിടിച്ചു നില്ക്കുന്ന അച്ഛന്.. ഞാന്‍ അന്നേവരെ കണ്ടിട്ടില്ലാത്ത മുഖഭാവമുമായി അമ്മ.. മനോജ് ചേട്ടനും മനീഷും കരയുന്നു.. ആംബുലന്‍സ് പുറപ്പെട്ടു പോലും, മുരളിച്ചേട്ടനെയും കൊണ്ട്.. കഥ വായിച്ചും, സിനിമ കണ്ടും മാത്രം പരിചയമുള്ള ആത്മഹത്യ എന്ന വാക്കിന്റെ യാഥാര്‍ഥ്യം ഞാന്‍ അന്നു മനസ്സിലാക്കിയിരിക്കണം...
മുരളിച്ചേട്ടന്റെ മുഖത്തിനു യാതൊരു വ്യത്യാസവും ഉണ്ടായിരുന്നില്ല.. ചിരി മാഞ്ഞിരുന്നു എന്നു മാത്രം...
------
ഓര്‍മ്മകള്‍ തീവ്രമായ അനുഭവങ്ങള്‍ ആയി മാറുന്നത് അവയില്‍ വേദനയുടെയും ഇച്ഛാഭംഗങ്ങളുടെയും നിഴല്‍ വീഴുമ്പോള്‍ ആയിരിക്കണം...
------
എന്റെ നാടിനെയും നാട്ടുകാരെയും ഇന്നു ഞാന്‍ സ്നേഹിക്കുന്നു.. എന്തൊക്കെയോ നഷ്ടപ്പെട്ട എന്റെ ബാല്യത്തിനെ ഞാന്‍ യൗവനത്തില്‍ വീണ്ടെടുക്കുന്നു..

3 comments:
Happen 2 see ur posts...Palappazhum athil enne thanneyaayirunnu njan kandathu, varikalilum varikalkkidayilum... keep going....
really great......lage raho......
Post a Comment