
കായലും പുഴയും വയലേലകളും ഇടത്തോടുകളും പേരിനൊരല്പ്പം കരയും ആ കരയിലൊരു കലാലയവും...
ആ കലാലയത്തിലാണ് ഈയുള്ളവന് തന്റെ സാങ്കേതിക ബിരുദപഠനം പൂര്‍ത്തിയാക്കിയത്... ഒരു പുതിയ കോളേജിനു അഭിമുഖീകരിക്കേണ്ടി വരുന്ന എല്ലാ പ്രശ്നങ്ങളും ഒരു പടി മേലേ അനുഭവിക്കാനുള്ള ഭാഗ്യം സിദ്ധിച്ചവരാണു ഞങ്ങള്‍...
ആ ഭാഗ്യ പുസ്തകത്തിലെ ഒരു താള് മറിയുന്ന ദിവസം, എന്തോ കോണ്ട്രാക്റ്റ് തര്‍ക്കത്തിനെ തുടര്‍ന്ന് കോളേജ് ക്യാന്റീന് അനിശ്ചിതകാലത്തേക്ക് അടച്ചിടാന്‍ തീരുമാനിക്കപ്പെടുന്നു. ഫൂഡ് അടിയില്‍ കോമ്പ്രമൈസ് ഇല്ല എന്നു പണ്ടേ തീരുമാനിച്ചുറപ്പിച്ച ഞങ്ങള്‍ക്ക് കോളേജ് ഇല്ലെങ്കിലും സാരമില്ല, ക്യാന്റീന് മതി എന്നായിരുന്നു..
അതുകൊണ്ട്, ക്യാന്റീന് അടച്ചിടാനുള്ള കോളേജ് അധികാരികളുടെ ധിക്കാരാത്മകമായ നടപടിക്കെതിരെ ശക്തമായ പ്രതിഷേഷം പ്രകടിപ്പിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. സ്ഥിരം പ്രകടനങ്ങളും ഘെരാവൊയും മുദ്രാവാക്യം വിളികളും പോര, ഇത്തവണ എന്തെങ്കിലും പുതുമ വേണമെന്ന
അഭിപ്രായം ബലപ്പെടുകയും ചെയ്തു. അവസാനം സുന്ദര കലാശാലാ മന്ദിരപ്രാന്തത്തില്‍ പരസ്യമായി അടുപ്പു കൂട്ടി കഞി വച്ചു കുടിച്ചു
പ്രതിഷേധിക്കന്‍ തന്നെ തീരുമാനം ആയി.
ഉണ്ണിച്ചേട്ടന്റെ ചായക്കടയില്‍ നിന്നു ഒരു കലവും, സ്ഥിരം പറ്റ് കടയില്‍ നിന്നു വാങ്ങിയ അഞ്ചു കിലൊ അരിയും, പല പറമ്പുകളില്‍ നിന്നായി പെറുക്കിയ വിറകും യൂണിറ്റ് സെക്രട്ടറിയുടെ ബൈക്കില്‍ ആകെയുണ്ടായിരുന്ന നൂറു മില്ലി പെട്രോളുമായി പ്രതിഷേധ ജാഥ പുറപ്പെട്ടു. ഘോരഘോരം മുദ്രാവാക്യങ്ങള്‍ വിളിച്ചു നീങ്ങുന്ന വിദ്യാര്‍ഥി മഹാസാഗരത്തിന്റെ അമരത്തു കാദറുകുട്ടി തന്നെ.
ഈയുള്ളവന് അരിസഞ്ചിയുമായി രണ്ടാം നിരയിലും. പിന്നില്‍ അകമ്പടി സേവിച്ചുകൊണ്ട് ഒരു പോലീസ് ജീപ്പും കൂടെ ആയപ്പോള്‍ സംഗതി ഉഷാറ്.. പോലീസ് പുല്ലാണെന്നു ഉറക്കെ ഏറ്റു വിളിക്കുമ്പോഴും കവിത തിയെറ്ററില്‍ നരസിംഹത്തിനു ടിക്കറ്റെടുക്കാന്‍ നിന്നപ്പോള്‍ കിട്ടിയ
ചൂരല്‍സ്പര്‍ശത്തിന്റെ നേരിയ നീറ്റല്‍ ഈയുള്ളവന്റെ മനസ്സില്‍ നിറഞ്ഞു നിന്നിരുന്നോ എന്നൊരു സംശയം.
പ്രതിഷേധ ജാഥ കോളേജ് മുറ്റത്തെത്തി. ഹെവി മെഷീന്‍സ് ലാബ് കെട്ടിപ്പൊക്കാന്‍ ഇറക്കിയിട്ടിരുന്ന ചെങ്കല്ലുകളില്‍ നിന്നു മൂന്നെണ്ണം
ആവേശഭരിതമായ അന്തരീക്ഷത്തില്‍ ഒത്ത നടുക്ക് സ്ഥാപിച്ചു. അതിന്റെ മുകളില്‍ കലവും വച്ചു.. അരി കഴുകിയെടുക്കാന്‍ ഈയുള്ളവന് പൈപ്പിന്റെ അടുത്തേക്കു നീങ്ങിയതിനു തൊട്ടു പിന്നാലെ അതു സംഭവിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ സ്വന്തം വണ്ടിയില്‍ സമരമുഖത്തേക്കു പറന്നു വരുന്നു.
സിനിമാ സ്റ്റൈലില്‍ വണ്ടി നിര്‍ത്താനുള്ള അദ്ദേഹത്തിന്റെ ശ്രമത്തിനിടെ കല്ലും കലവും എല്ലാം കൂടെ ഇടിച്ചങ്ങു തെറിപ്പിച്ചു. ഒരു നിമിഷ നേരം
എല്ലാവരും ഇതികര്‍ത്തവ്യവിമൂഢരായി മുഖത്തോടു മുഖം നോക്കി നിലകൊണ്ടു. ഇങ്ങനെ ഒരു ട്വിസ്റ്റ് ആരും പ്രതീക്ഷിച്ചിരുന്നില്ലല്ലോ. ആകെ
പൊല്ലാപ്പായല്ലൊ എന്ന മുഖഭാവത്തോടെ പ്രിന്‍സിപ്പലും. "വിളിയെടാ.. പൂട്ടിയിടെടാ.." എന്നൊരു ആഹ്വാനം എവിടെനിന്നോ ഉയര്‍ന്നു വന്നു.
പൂര്‍വാധികം ശക്തിയില്‍ മുദ്രാവാക്യം വിളിച്ചുകൊണ്ട് എല്ലാവരും കൂടെ പ്രിന്‍സിയെ ചുറ്റും കൂടി.
സമരം കുളമായതിന്റെ ചമ്മല് ഒരു വശത്ത്, ചളുങ്ങിയ കലത്തിനു ഉണ്ണിച്ചേട്ടനൊടു എന്തു സമാധാനം പറയുമെന്ന ചിന്ത മറ്റൊരു വശത്ത്.
ഇതായിരുന്നു ഈയുള്ളവന്റെ മനസ്ഥിതി.
സംഗതി വഷളാകും എന്നു കണ്ട് വിദ്യാര്‍ത്ഥിസമ്മതനായ മറ്റൊരു അദ്ധ്യാപകന് ഒരു ഉപദേശ ശ്രമം ആരംഭിച്ചു. സ്ഥിരം പല്ലവി
തന്നെ..."മാതാപിതാക്കള്‍, കഷ്ട്പ്പാട്, അധ്യാപകര്‍, വിദ്യാര്‍ഥികള്‍, ബഹുമാനം, മൂല്യച്യുതി..."....
ഇതു കേട്ടു കാദറുകുട്ടിക്കു സഹിച്ചില്ല. മുദ്രാവാക്യം വിളി നിര്‍ത്തീ സാറിനോട് അവന് പറഞ്ഞു : "സാര്‍ അങ്ങനെ പറയരുത്.. സാറിനു എല്ലാ
ബഹുമാനവും ഞങ്ങള്‍ തരുന്നുണ്ട്, എന്റെ വാപ്പ സാറാണ് സാര്‍, പിന്നെ ഞാന്‍ എങ്ങനെ സാറിനെ ബഹുമാനിക്കാതെ ഇരിക്കും??? "
ഒരു നിമിഷത്തെ നിശ്ശബ്ദത...
പിന്നെ ചിരിയടക്കാന്‍ പാടുപെടുന്ന സമരസഖാക്കള്‍...
വാ വിട്ട വാക്കു തിരിച്ചെടുക്കാന്‍ പറ്റില്ല എന്ന പഴഞ്ചൊല്ലിന്റെ അര്‍ഥം അക്ഷരം പ്രതി മനസ്സിലാക്കി അസ്തപ്രജ്ഞ്നായി നില്ക്കുന്ന കാദര്‍...
ഇതിനു എന്തു മറുപടി പറയണം എന്നറിയാതെ ഞെട്ടിത്തരിച്ചു നില്ക്കുന്ന ഞങ്ങളുടെ പ്രിയപ്പെട്ട അദ്ധ്യാപകന്...
-----
അത്യന്തം പിരിമുറുക്കം നിറഞ്ഞ സമരമുഖം നിമിഷനേരം കൊണ്ട് ചിരിയരങ്ങായി മാറി. താന്‍ പറഞ്ഞതിന്റെ നേരായ പൊരുള്‍ അറിയിക്കാന്‍ കാദറുകുട്ടി നടത്തിയ ശ്രമങ്ങള്‍ കൂവലുകളുടെയും അട്ടഹാസങ്ങളുടെയും ഇടയില്‍ മുങ്ങി. തന്റെ വാപ്പയും ഒരു അദ്ധ്യാപകനാണ്, അതുകൊണ്ട് ഒരു അദ്ധ്യാപകനു നല്കേണ്ടുന്ന എല്ലാ ബഹുമാനവും താന്‍ നല്‍കുന്നുണ്ട് എന്ന് പ്രഖ്യാപിക്കനുള്ള വെമ്പലില്‍ പറ്റിയ ഒരു ചിന്ന അമളി ആയിരുന്നു അത്. എങ്കിലും കാര്യങ്ങള്‍ വഷളാകതെ സമര്‍ം തീര്‍ക്കുവാനും, സമാധാനപരമായൊരു ചര്‍ച്ചക്കൊടുവില്‍ ഒരാഴ്ചക്കകം ക്യാന്റീന് തുറന്നു
പ്രവര്‍ത്തിക്കാനുള്ള തീരുമാനും എടുപ്പിക്കാനും അതിനു കഴിഞ്ഞു.
-------------------------------------------------------------------------------------
വാല്‍ക്കഷണം
------------------
"എന്റെ ഒരു നമ്പര്‍ അല്ലായിരുന്നോടാ...." എന്നു പറയുമെങ്കിലും, ചെറിയൊരു ചമ്മല് ഈ കാര്യം സൂചിപ്പിക്കുമ്പോള്‍ ഇപ്പോളും കാദറിന്റെ മുഖത്തു
കാണാം.